2009, ഡിസംബർ 18, വെള്ളിയാഴ്‌ച

വര്‍ഷാന്ത്യ നിനവുകള്‍

കടലുതാണ്ടി കരക്കാറ്റുകള്‍
നെറുകയില്‍ ചുംബിക്കുമ്പോള്‍
ഓര്‍മയില്‍ പുളകമായൊരു പ്രണയം
കമലമേ.. നിന്നില്‍ കരളുരുക്കമല്ലേ...
കാറ്റ് കവിത ചൊല്ലുകയല്ലേ....
കാലം പിന്നിലേക്ക്‌ പോകയല്ലേ...?

കടല്‍ക്കാറ്റുകള്‍ പകരുന്ന ഓര്‍മയുടെ സുഗന്ധം
സഖീ... നമുക്കാസന്ധ്യകള്‍ മടക്കി തരുകയല്ലേ!
പറയുവാന്‍ നമുക്കെന്നും...
അകല്‍ച്ചയുടെ പകലുകളുരുകിയ പലകഥകള്‍
വീണ്ടും പരിഭവിയ്ക്കാതിരിക്കാന്‍
നമുക്ക് പരസ്പരം പറയാം
പക്ഷേ നമുക്കറിയാം നമുക്ക് നഷ്ടമായത് !

ഓരോ പകല്‍ എരിഞ്ഞമരുമ്പോളും
ഓരോ സങ്കല്‍പ്പമാണൊടുങ്ങുന്നത്...
ഓര്‍ത്തിരിയ്ക്കുവാന്‍ ജീവിത കണക്കുകള്‍..
ഈ..ഓരോരാവുകള്‍ പുലരുമ്പോളും ഏറുകയല്ലേ..?

പിരിഞ്ഞ വെയില്‍ നമുക്ക് തണല്‍ തന്നതെന്ന് ?
ജീവിത ചൂടില്‍ നാം പിന്നെയും പകയ്ക്കുകയല്ലേ..?
നീതികള്‍ നാം പരസ്പരം പകരുവാന്‍ മറന്നതല്ലേ..?
മത്സരിച്ചു നാമെന്നും പകയിലമര്‍ന്നവര്‍...
വലിപ്പചെറുപ്പങ്ങള്‍ തിരഞ്ഞൊടുങ്ങുന്നവര്‍..

കാത്തിരിക്കുന്നു പ്രതീക്ഷയില്‍പിന്നെയും പുതുപുലരി
മനസ്സുപൊള്ളുന്ന നാളകള്‍ നമുക്കെന്തിന്
കലഹിച്ച ഇന്നലകള്‍ നേടിയതെന്തു..?
ഉത്തരംചത്ത ചോദ്യങ്ങള്‍ നിര്‍ത്താം.
പകലുകളെ മായല്ലേ മറവിയില്‍ നിന്നുഞാന്‍ ഉണരട്ടെ.....

2009, നവംബർ 19, വ്യാഴാഴ്‌ച

ഈ അക്ഷരക്കൂട്ട് സാക്ഷി

അന്നുനിന്‍ മിഴികളിലൊരുമാത്രയെന്‍റെ
മുഖം ഹൃദയംതന്നുവോ..?
നീറുമാ മാനസമറിഞ്ഞൊരുമൊഴി
എന്‍റെ സാന്ത്വനമൊരുവചനം,
നിറച്ചുണ്ടതില്‍ നീ
നൊമ്പരമാറ്റിയോ...?
നിന്‍റെയുതിര്‍ന്ന മിഴിനീരെന്‍റെ
ഹൃത്തടം നനച്ചുവോ..?
നിറഞ്ഞാകരള്‍ക്കയം
പകര്‍ന്നാനീറ്റലിന്നും ഒരേപകല്‍,
നോവാറ്റി മൌനംഭജിച്ചു ഞാന്‍
കത്തുംവെയിലിനിടനാഴിയിറങ്ങിയാ
വഴിയെമടങ്ങുമ്പോള്‍
മറന്നുപോയതെന്തേ...?
വെറുമൊരു നന്ദിവാക്കെങ്കിലും..!
വിഷാദഗര്‍ഭംധരിച്ചൊരാ
മുഖക്കാറുവായിച്ച്
വാക്കിന്‍ വലിപ്പങ്ങള്‍കാണാതെ
മടങ്ങിയതോര്‍മ്മയില്‍,
ഇന്നലയുടെനേരായി
ഇന്നിന്‍റെ കുളിരായി നില്‍ക്കുന്നു.
അറിയുക.....
മഴയും,വെയിലും,കുളിരും,നിലാവും
മറക്കാത്ത ഓര്‍മ്മകളെ...
ഈ അക്ഷരക്കൂട്ടതിന്‍സാക്ഷി,
ഈ അക്ഷരക്കൂട്ടുമാത്രമതിന്‍ സാക്ഷി ,

അടികുറിപ്പ്:
ഒരിക്കല്‍ പറഞ്ഞു പിരിഞ്ഞ സ്നേഹത്തിനു പകരം വെക്കുന്ന പൊട്ടകവിത

2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

ഒക്ടോബറിലെ ചിന്തകള്‍

ഞാന്‍ ഇവിടെങ്ങളില്‍ തിരയുന്നത്
മണ്ണുപ്പോലെ ഞാന്‍ വിശ്വസിച്ച
നിങ്ങളുടെ കാല്‍ പാടുകളായിരുന്നു.

തിരകളുടെ തീരാപ്രണയം പോലെ അവ പിന്നെയും,
തീരത്തേക്ക് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.
വജ്രങ്ങള്‍ വിളയുന്ന പരുഷ്യതയില്‍
മിഴികള്‍ വായിച്ചത് സൂര്യ വെളിച്ചങ്ങള്‍.

മിഴിപൂട്ടിയിരുന്നത് വര്‍ത്തമാനത്തിനെ
കാണാന്‍ കഴിയാത്താത് കൊണ്ട്.
പക്ഷേ ഞാനെന്‍റെ മുത്തച്ഛനെ വായിക്കുന്നു,
സ്വാതന്ത്ര്യമന്ത്രം ഉറക്കേ ഉരുക്കഴിക്കാന്‍
രണ്ടു മുന്‍വരിപല്ലുകള്‍ കാണിക്കയിട്ട മുത്തച്ഛനെ.

എന്‍റെ ചോരപോലെ പ്രിയപ്പെട്ട എന്‍റെ മണ്ണ്
ഈ കാല്‍ക്കല്‍ നിന്ന് ഒലിച്ചു പോകുന്നു.

ഞാന്‍ നിന്നോടിന്നു മാപ്പിരക്കുന്നു .
അതും കടമെടുത്ത ഒരു ശ്വാസത്തില്‍

:പ്രിയകവിONVകുറുപ്പിനോടു കടം

2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

വാകീറിയ മാധ്യമങ്ങള്‍

പത്ര,ദൃശ്യ മാധ്യമങ്ങള്‍ അതിന്‍റെ ധര്‍മ്മം പൂര്‍ണമായി നിറവേറ്റപ്പെടുന്നത് അറിയാനുള്ള പൌരന്‍റെ അവകാശത്തെ കളങ്കരഹിതവും നിര്‍ഭയവും വസ്തുനിഷ്ടവുമായ വാര്‍ത്തകള്‍ അറിയിക്കുമ്പോളാണ് . അവന്‍റെ അറിവിന്‍റെ വാതായനങ്ങളിലെ സുപരിചിതനായ സന്ദേശവാഹകനായിരിക്കണം പത്ര,ദൃശ്യ മാധ്യമങ്ങള്‍ . അവന്‍റെ ദിശാബോധത്തെയും പുരോഗമാനാത്മകമായ ചിന്തകളെയും, ആശയങ്ങളെയും ഉണര്‍ത്തുവാനും മാധ്യമങ്ങള്‍ക്കു കഴിയും .

ഭരണപ്രതിഭക്ഷ ഭേതമന്യേ പക്ഷപാതമറ്റ പ്രവര്‍ത്തനമാണ് വായനകാരന്‍ പ്രതീക്ഷിക്കുന്നത് എന്ന ബോധം മാധ്യമങ്ങള്‍ വിസ്മരിക്കരുത് .ധര്‍മ്മവും നീതിയും കാത്തു സൂക്ഷിക്കുവാന്‍ മാധ്യമങ്ങള്‍ കടപ്പെട്ടിരിക്കുന്നു .മാധ്യമ ഭാഷകള്‍ അത്രകണ്ടു സംസ്കരിക്കപ്പെട്ടതായിരിക്കണം .ഒരു പ്രദേശത്തിന്റെയോ, സംസ്കാരത്തിന്റെയോ, പ്രസ്ഥാനത്തിന്റെയോ ,സ്ഥാപിത താല്പര്യ കാരുടെയോ ആജ്ഞാനുവര്‍ത്തികളായിരിക്കരുത് മാധ്യമങ്ങള്‍. പൊതുഭാഷയും, ശൈലിയും തനതായസ്വഭാവവും മാധ്യമങ്ങള്‍‍ക്കു‍ണ്ടന്ന തിരിച്ചറിവ് ആദ്യം തന്നെ മാധ്യമങ്ങള്‍ക്കുണ്ടാകണം .

ഒരു വാര്‍ത്ത സത്യസന്നമായി ഒരാളുടെ അറിവിന്‍റെ മണ്ഡലത്തിലേക്ക് എത്തുമ്പോള്‍ അവന്‍റെ ബോധത്തെയും ചിന്തകളെയും സംവേദനത്തെയും സമ്മേളിച്ചു ആശയ പരമായ ഒരു നേരറിവു അവനില്‍ ജനിപ്പിക്കണം. അങ്ങനെ അവനില്‍ അറിയാനുള്ള ത്വര വളര്‍ത്തുകയും വായനയുടെ തീവ്രവും മനോഹരവുമായ മാനങ്ങള്‍ തുറക്കപ്പെടുകയും ചെയ്യണം.ഒരു വായനക്കാരന്‍ അല്ലങ്കില്‍ ഒരു കാഴ്ചക്കാരന്‍ വായിക്കുന്നതിനു മുന്‍പും കാണുന്നതിന് മുന്‍പും അവന്‍റെ മനസ്സുശൂന്യമാണ് എന്നാല്‍ വായിച്ചു അഥവാ കണ്ടു മനസ്സിലാക്കി കേട്ടുക്കഴിയുമ്പോള്‍ അവന്‍റെ മനസ്സില്‍ ഒരു അറിവിന്‍റെ സന്ദേശം എത്തിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ കണ്ടതോ,കേട്ടതോ,വായിക്കപ്പെട്ടതോ എതാണങ്കിലും ഓര്‍ക്കുവാനും ആ അറിവിനെ മനനം ചെയ്യുവാനും അവനു കഴിയുകയുള്ളൂ .

ഇന്നിപ്പോള്‍ ജനശ്രദ്ധക്ക് വേണ്ടി മാധ്യമങ്ങള്‍ നടത്തുന്ന ഈ വികലമായ പ്രവര്‍ത്തനങ്ങള്‍ വഞ്ചനാപരവും അധാര്‍മികവുമാണ്.അറിവിനായി കാത്തിരിക്കുന്നവരെ തെറ്റുധരിപ്പിക്കാനല്ലാതെ മറ്റൊന്നും ഇതുകൊണ്ടു സദ്ധ്യമാകുന്നില്ല.ദൃശ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ഇന്നുകളില്‍ വല്ലാണ്ട് പെരുകിയപ്പോള്‍ അത്രത്തോളം പെരുകിയ ഒരു ജനതയ്ക്ക് കരുത്തുറ്റ ഒരു മാധ്യമസംസ്കാരം പകരാന്‍ കഴിയാതെ പോകുന്നത് ഒരു സാമുഹ്യ ജീവിത സംസ്കാരത്തിന്‍റെ തകര്‍ച്ചയാണ് ചൂണ്ടി കാണിക്കുന്നത്, പുകഴ്പെറ്റ ഒരു മാധ്യമ സംസ്കാരം ഇവിടെ പിച്ചികീറപ്പെടുന്നു . ഇതൊന്നും നമ്മളെ ആരെയും ബാധിക്കിന്നില്ലല്ലോ ?ആശ്വാസം തന്നെ.. സുഖനിദ്ര നേര്‍ന്നുകൊണ്ട്........

2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഒരു വത്സരനൊമ്പരം

പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്‍
പതിയിരിക്കുന്നു പകലുകളെണ്ണി .

കരിനാക്കുകള്‍ പറഞ്ഞ
കലികാലത്തിന്‍റെ ചുടുകാറ്റുകള്‍
കരിച്ച കിനാക്കളും കടപുഴുതുപോയ,
ജീവിതങ്ങളും വാതുക്കലേക്കായുന്നു .

ചിറകുകള്‍ മടങ്ങിയ ചരിത്രത്തിലേക്ക്
ചിതറിയ ഉടലുകളും, വാര്‍ന്ന കണ്ണീരും
പുകചുരുളുകളും ചേക്കേറുവാന്‍ കിതക്കുന്നു.

പിറകില്‍ വരണ്ടഭുമിയില്‍,
ഉയര്‍ന്നകടലില്‍,
ഉരുള്‍പൊട്ടിയ മാമലയില്‍
തേങ്ങലുകള്‍ കുടുങ്ങിയ
നെഞ്ചകവും ഉണര്‍ന്നിരിക്കുന്നു .

വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു .

വിശ്വാസങ്ങള്‍ കവര്‍ന്ന കരിമരുന്നില്‍
പൊളിഞ്ഞ ദേവാലയങ്ങളില്‍ പിടഞ്ഞ
പ്രാണനുകളുമിനി പകയുടെ ഓര്‍മ്മയിലേക്ക്.

അതിര്‍ത്തികള്‍ പറഞ്ഞു അതിക്രമിച്ച
ഭീകരവാദത്തിന്റെ വെടിയൊച്ചകളില്‍
പൊലിഞ്ഞ ജീവനുകളും ക്ഷതമേറ്റമാനവും
തിരിച്ചുവരാത്ത യാത്രക്കായി പോകുന്നു .

കാഴ്ചകള്‍ പകര്‍ന്ന കാലമെടുക്കുന്നു
ആയുസ്സിന്‍റെ വിലയില്‍ ചേര്‍ത്തൊരു
നോവിന്‍റെ പിന്നില്‍ വളര്‍ന്നവര്‍ഷവും
കാല പഴക്കത്തിലേക്ക് നിസഗം മടങ്ങുന്നു

കൂട്ടികിഴിക്കലുകളില്‍ കടലായി നഷ്ടവും
ഒരുചെറു മുനമ്പായിനിക്കുമീ നേട്ടവും
വര്‍ഷപിറവിയില്‍ പറഞ്ഞു നിര്‍ത്താം .

പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്‍
പതിയിരിക്കുന്നു പകലുകളെണ്ണി .

2009, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ജീവിത പെരുമ്പറ

ഈ ജീവിത ചൂതാട്ടങ്ങള്‍ക്ക്
ദിനങ്ങള്‍ അമര്‍ന്നു പൊലിയുമ്പോള്‍
തനിച്ചാ പകയുടെ തീക്കനലുകള്‍ പാറിയത്
തെറിവാക്കിന്‍റെ വായ്ത്തല തിളക്കത്തിലേക്ക്
അറുത്തെടുത്തതു എന്‍റെ നീല ഞരമ്പുകള്‍.
ആത്മാവിന്‍റെ അകലാത്ത നേര്‍വികാരങ്ങള്‍
വെളിച്ചപ്പുറത്തേക്ക് തേരു‍ത്തെളിക്കുന്നു.
ഞാന്‍ നിങ്ങളുടെ സംസ്കാരത്തോടു
പരിഭവിക്കുന്നില്ല ഈ വര്‍ത്തമാനങ്ങളില്‍ .
ക്ഷമിക്കണം
ഞാനെന്‍റെ ജനാലകളും വാതിലുകളും
കൊട്ടിയടക്കുന്നു ഈ കൊഴുക്കുന്ന
ഇരുട്ടിനെ ഭയന്ന് .
ഉത്തരത്തില്‍ ഇരക്കായി കാക്കുന്ന
പല്ലികള്‍ ചിലച്ചിറങ്ങുന്നു
പകലിരവുകളറിയാതെ.
എന്‍റെ ഹൃദയം നോവില്‍ പടരുന്ന
തീ നാളങ്ങളില്‍ എരിയുന്നത് ഒരു മാനസം
അന്‍പായി നിനച്ചാ കൂട്ടിരിക്കാത്ത കുരുവികള്‍
പകിട കളിയില്‍ ലയിക്കുന്നുണ്ടാവം .
പകല്‍ മുടിച്ച കണക്കുമായി
ശാപവചനങ്ങളുമായി അവ ചാവടിയിലുണ്ടാവാം
മുഴങ്ങുന്ന ഈ ജീവിത പെരുമ്പറ
താളം ഉറയ്ക്കാതെ പിന്നെയും നാളേക്ക് നീങ്ങുന്നു
:
കുറിപ്പ്,
എന്‍റെ ഒരു സുഹൃത്തിനായി കോറിടുന്നത്

2009, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

പ്രണയ വാക്കുകള്‍

ആത്മാവിന്‍റെ സ്പടിക ജാലകങ്ങള്‍
ഹൃദയ വികാരങ്ങള്‍ക്ക് തുറക്കുന്നു,
സ്നേഹം അവസാന വാക്കിന്റെ അമൃതം
നീ പകരമായി തന്ന ഉണര്‍വുകള്‍.
ചിന്തകളില്‍ ചന്തമായ വാക്ക് സ്പര്‍ശങ്ങള്‍
കനിവ് നീളുന്ന ഹൃദയ ചുംബനങ്ങള്‍ .
പറഞ്ഞു തീരാത്ത ഈ നോവുകള്‍
ശ്വാസ സുഖങ്ങള്‍ മുറുക്കുന്നു .
നമുക്കിനീ പെരുവഴിയുടെ
പൊരുളറിയാതെ നടന്നിറങ്ങാം .
പകയ്ക്കാത്ത വെയില്‍
തിളയ്ക്കുന്ന ചൂടുപകരുന്നപോലെ
നമ്മുടെയീ വിയര്‍പ്പിനുമേല്‍ തഴുകുന്ന
കാറ്റിന്‍റെ കുളിരുപോല്‍ .
ചുംബനങ്ങളില്‍ നമ്മുടെ ഉടലുകള്‍
പുണരുന്ന വസന്താവേശം പോലെ .
പിരിയാത്തൊരോര്‍മ്മയിലേക്ക്
ജീവന്‍റെ കാതലായി തുടിക്കാം
ഈ വടഛായയില്‍ ഇലയനക്കങ്ങള്‍ക്ക് കീഴെ
അസ്ഥികള്‍ പുക്കുന്ന വനമാകാം

2009, ഓഗസ്റ്റ് 26, ബുധനാഴ്‌ച

അരുതെന്ന പരസ്യ പലക

അരുത്...
അരുതെന്ന
പരസ്യ പലകയിങ്ങനെ
നിരത്തി നിരത്തില്‍
വിലക്കുകള്‍ വിളിച്ചോതിയറിയിക്കുന്നു,
ഇവിടെ നില്‍ക്കരുത് ,
ഇവിടെ കിടക്കരുത് ,
ഇരിക്കരുത് , മിണ്ടരുത്, തുപ്പരുത്,
ഇതുവഴി പോകരുത് ,ഇവിടെ മുത്രംഒഴിക്കരുതെന്നും ,
വിലക്കുന്ന വാക്കുകളീവിധം
നമ്മുടെ മാനാഭിമാനങ്ങള്‍ക്കുനേരയും
ശുചിത്വ ബോധത്തിനുനേരയും
വിവേകം, പൊതുസമീപനം,
അലസത, അലംഭാവം
പ്രാകൃതശീലങ്ങളുടെ ദുര്‍വാശിക്കുനേരയും
വിരല്‍ ചൂണ്ടി പരസ്യ പലകയിങ്ങനെ
നമ്മേ പരിഹസിക്കുന്നുവോ ?
അതോ പരിസരബോധത്തിന്‍റെ
മറവിയെ ഉണര്‍ത്തുന്നുവോ ?
തിരിച്ചറിവിന്‍റെ സൂത്രവാക്യം
അറിയാത്തവനു വെളിച്ചമോതുന്നുവോ?
ദുഷിക്കുന്ന സദാചാരത്തിന്റെ
നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്നുവോ?
പൊതുനിരത്തുകള്‍ മലീനമാക്കപ്പെടുമ്പോള്‍
പൊതു സംസ്കാരത്തിന്‍റെ
നേര്‍ക്കു അര്‍ത്ഥവും അക്ഷരവും
തെറ്റാതീവാക്കുലക്ഷൃം കാണുമ്പോള്‍
നമ്മുടെ പുകള്‍പെറ്റ സംസ്കാരം
കുമ്പസാര കുട്ടില്‍ വിറങ്ങലിക്കുന്നുവോ

കുറിപ്പ് : സ്വന്ത മെന്നത് സ്വവസതിയും ചേര്‍ന്ന വസ്തുവകകളും മാത്രമോ

2009, ഓഗസ്റ്റ് 22, ശനിയാഴ്‌ച

ഓര്‍മ്മ പിണക്കം

ഹൃദയ ചുംബനങ്ങളില്‍
എന്‍റെകാല്‍ വരിഞ്ഞുകെട്ടിയിരുന്നപ്പോള്‍
നിന്‍റെ സ്നേഹത്തിന്‍റെ
വരമ്പുകള്‍ ഞാന്‍ അളക്കുകയായിരുന്നു .
എന്‍റെ സ്വബോധത്തില്‍ നീ പകര്‍ന്ന
സ്നേഹത്തിനു കൈപ്പായിരുന്നു.
വെറുപ്പില്‍ ഞാന്‍
നിന്‍റെ കൂടെ ശയിക്കുമ്പോളും
സ്നേഹം ഞാന്‍ അടക്കിവച്ച മാണിക്കമായിരുന്നു.
ഹൃദയനൊമ്പരം പകരുവാന്‍ തിരഞ്ഞ രാവുകള്‍
ചുംബനങ്ങളില്‍ നാം പരസ്പരം മറന്നുറങ്ങി.
നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ് .
പരിഭവങ്ങളുടെ കാരിരുമ്പുകള്‍
പൊള്ളിച്ചത് ഇന്നലെയുടെയും
ഇന്നിന്റെയും സ്നിഗ്ദ്ധമായ ഓര്‍മ്മകള്‍.

2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച


എല്ലാഭൂലോക വാസികള്‍ക്കും റമളാന്‍ ആശസകള്‍

2009, ജൂലൈ 21, ചൊവ്വാഴ്ച

ചലോ....ചലോ....ചെറായി

ചങ്ങലകള്‍ പൊട്ടിച്ചു
ചങ്ങാതിയെ തേടാം
ചാരനെവെട്ടി ചട്ടിയിലിട്ടു വറുക്കാം
ചട്ടങ്ങളൊക്കെ ചിതലരിക്കട്ടെ
നമുക്ക് ചാരത്തിരുന്നു ചങ്ങാത്തം പറയാം
ചങ്ങാതിയുടെ മതം (രാഷ്ടിയം, വിശ്വവാസം, കാഴ്ചപാടുകള്‍ ) ഏതാണന്നു പറയണ്ട
മതം മനസ്സില്‍ അതിരുകള്‍ തീര്‍ക്കും
കൂട്ടരെ മതം മറക്കു ചങ്ങാതികളാകൂ

2009, ജൂലൈ 8, ബുധനാഴ്‌ച

വെയിലേറ്റ പ്രണയം

ഈ കലാപ
ബാധിത പ്രദേശത്തുനിക്കുമ്പോഴും
ഞാന്‍ വായിച്ചതും
നീ എഴുതിയതും
അവനും, അവളും പറഞ്ഞതും
നാംഏറേ പങ്കുവച്ചതും,
മൂടി വച്ചോ അടക്കിപ്പിടിച്ചോ ?
വാചാലമായോ ?
ഏല്ലാം പ്രേമത്തെ കുറിച്ചായിരുന്നു .

ഓര്‍മ്മയുടെ മച്ചിന്‍ പുറത്ത്
വാടാമല്ലി പൂക്കള്‍ക്ക്
ഇന്നും കൊടിയസൗരഭ്യം .
ചാഞ്ഞ പോക്കുവെയില്‍
ആളൊഴിഞ്ഞ വഴികള്‍
പ്രണയം പൊതിഞ്ഞ
മധുരം വാക്കുകള്‍
പരസ്പരം
ബന്ധിച്ചപ്രാണന്‍റെ ചരടറ്റം
മുറുകെ പിടിച്ചു
നടന്നു തീരാതെ, നീണ്ടകറുത്ത വാവുകള്‍ .

നിന്‍റെ, എന്‍റെ, അവരുടെയും
ഓര്‍മ്മപ്പെരുമഴയില്‍ ,
കുളിര് ,
നേര്‍ത്ത കാറ്റ്,
മനസ്സുടഞ്ഞ സുഖ -നൊമ്പരം ,
വാചാലമായ മൗനം.
പിന്നെ നിന്‍റെ ,
എന്‍റെയും പനികിടക്ക .
പെരുവഴി രണ്ടായി പിരിഞ്ഞു
ആ ഓര്‍മ്മ പുതപ്പില്‍
നാം പിന്നെയും മുഖംനോക്കുന്നു

ധൃതിയില്‍ കാലം
കണക്കുചേര്‍ക്കാനായിപ്പാഞ്ഞു .
വികാരങ്ങള്‍ ,
വീക്ഷണങ്ങള്‍ ,
വിപ്ലവങ്ങള്‍ ,
വിയോജിപ്പുകള്‍ .
കൊടികളെല്ലാം
താഴ്ത്തിക്കെട്ടുന്നു .
എല്ലാ സമരങ്ങളും
കാഴ്ച്ചപ്പാടുകളും,
നിര്‍ബദ്ധങ്ങളും,
കാലമെന്ന മുനി മെരുക്കുന്നു .
പ്രണയം പിന്നെയും ,
പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നു.....

2009, ജൂൺ 14, ഞായറാഴ്‌ച

"അവസാന അദ്ധ്യായം "

എല്ലാം ഒടുങ്ങിയ
നിശബ്ദതയുടെ കടക്കലേക്ക്‌
വിറയാര്‍ന്ന ആ കത്തിനീളുന്നു.
"അവസാന അദ്ധ്യായം"
ഞാന്‍ ഭുമിയില്‍ മാപ്പിരക്കാന്‍
കാക്കാത്തമനസ് നിന്നില്‍നിന്ന് ,
തിരിച്ചെടുത്തവന്‍.
തിരിച്ചറിവിന്‍റെ പക്കല്‍ കടംചോദിച്ച ജീവന്‍
‍ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു .
മുഴുവിപ്പിക്കാത്ത ആ വാക്ക്
ഞാന്‍ നിന്നോടു പറഞ്ഞ അവസാന പ്രണയം-അഥവ സ്നേഹം,
നീ എന്നോടു കയര്‍ക്കുമ്പോള്‍
‍ഞാന്‍ മനുഷ്യന്‍റെ വിലയാണ് തിരിച്ചറിഞ്ഞത് .
മുഖം നഷ്ടപ്പെട്ടവര്‍ -
‍അത്രയും ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ ?
നമ്മള്‍ മതങ്ങള്‍ പറഞ്ഞുകളഞ്ഞ സമയം
നിന്‍റെ ചോരയോടു എനിക്ക് കൊതിതോന്നിയില്ല.
കാരണം എന്നും നാം -
സൌകര്യങ്ങളില്‍ മുഖം അമര്‍ന്നിരിക്കുന്നു.
എന്നാല്‍ നമ്മള്‍ പരസ്പരം തിരിച്ചറിയുന്നു .
കാലങ്ങള്‍ മായിക്കുന്ന മുറിവുകള്‍

2009, മേയ് 17, ഞായറാഴ്‌ച

രാത്രിമഴകള്‍

ഇടിമിന്നലിന്‍റെ പൊട്ടിത്തെറിയൊച്ച
ഭയപ്പെടുത്തിയ പുതപ്പിനുള്ളിലെ ഇരുട്ട് .
ജീവിതത്തിന്‍റെ ഇടുങ്ങിയ
ഇടനാഴികളില്‍ പോലും വിറച്ചിരുന്നു .

പകല്‍വെളിച്ചം മറച്ചമഴക്കാര്‍
ഇന്നും മടവരമ്പ് ചാടിവരുന്ന
മലവെള്ള പാച്ചിലിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത് .

കറങ്ങിവരുന്ന കര്‍ക്കിടകങ്ങള്‍ പകര്‍ന്നത്
ചോരുന്നപുരയില്‍ അമ്മയുടെ അടക്കിപിടിച്ച തേങ്ങലുകള്‍
കര്‍ക്കിടക കാഴ്ചകളിലെന്നും
നനഞ്ഞ സച്ഞിയില്‍
കുതിര്‍ന്ന അരിയുമായി വരുന്ന
മഴനഞ്ഞ അച്ഛന്‍ ഒരു മുറിവിന്‍റെ കണ്ണിരാണ്

മഴകള്‍ കനക്കുന്ന രാത്രികള്‍
ചോര്‍ച്ചവെള്ളം പകരുന്നപാത്രങ്ങള്‍ കെടുത്തിയത്
അമ്മയുടെ ഉറക്കങ്ങള്‍ .
അങ്ങനെയാണ് അമ്മ രാത്രിമഴകളെ ഭയപ്പെട്ടത് .

2009, മേയ് 6, ബുധനാഴ്‌ച

അകത്തേക്കും പുറത്തേക്കുമുള്ള നേര്‍ത്ത കാറ്റ്

ഈ ശ്വാസത്തെ
എനിക്ക് വിശ്വാസമില്ലാതായിരിക്കുന്നു.
ശ്വാസം വിലക്കു വാങ്ങുമ്പോള്‍
അതിന്‍റെകനം ഞാന്‍ പരിശോധിച്ചില്ല.

പതിവായി വാങ്ങുന്ന കടയില്‍
ശ്വാസം തീരാറായവര്‍
ജീവന്‍റെ വിലയിന്‍മേല്‍
വരിയായി നിന്നു...

പ്രധാന വാര്‍ത്തകള്‍!
ഈ ഉദരത്തില്‍ സൂക്ഷിച്ച ശ്വാസ സഞ്ചി
കുറെ വലിപ്പത്തിലാക്കണം.
ശ്വാസം കിട്ടാന്‍ ക്ഷാമം ഇനിയങ്ങോട്ട് വന്നേക്കാം.

അകത്തേക്കും പുറത്തേക്കും
വലിക്കുന്ന ഈ നേര്‍ത്തകാറ്റ്
ഈ ലോകവുമായി ബന്ധപെടാനുള്ള
ഒറ്റമാര്‍ഗ്ഗമായി ആരായിരിക്കും കണ്ടുപിടിച്ചത് ?

ദാഹജലത്തിനു ഇന്നെടുക്കുന്ന കുത്തിവെപ്പ്
കുറഞ്ഞതാണോ തൊണ്ട വരളാന്‍ കാരണം?
അതോ ശ്വാസത്തില്‍ മായംചേര്‍ന്നതിലുള്ള ആയാസപ്പെടലാണോ ?

ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കുടിയത് കൊണ്ടാണ്.
ഒരു ജീവന്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍
സ്വന്തമായി ശ്വാസഉല്‍പ്പാദനകേന്ദ്രം വേണം.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന
മരുന്നുണ്ടാക്കാന്‍ കഴിയണം.
അല്ലങ്കില്‍ ഇന്നിന്‍റെ ജീവന്‍ ദുസ്സഹം.

കുറിപ്പ്-
ജലവും ,പ്രകൃതിയും, സംസ്കാരവും വ്യവസ്ഥയറ്റ് പുതിയ ചന്തകളിലേക്ക് വെറുംകച്ചവടകണ്ണോടെ കയറ്റി അയക്കപ്പെടുമ്പോള്‍ ,നാളകളില്‍ ജീവനം സമരസപ്പെടതാവുന്നു, ആ കാലത്തിലേക്കാണ് ഈ കവിത വളരുന്നത് .

2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

മെയ്‌ദിന ആശംസകള്‍


ഇനി ഓരോചുവടും ഉറച്ചുവേണം
കരുതലോടെ കലഹിക്കാതെ

ശവമുറിക്ക് മുന്നിലെ കാത്തിരുപ്പ്

രാത്രിയില്‍
ശവമുറിക്ക് മുന്നില്‍
അകത്തെ സുഹ്ര്‍ത്തിനു വേണ്ടി
കണ്‍പോളകള്‍ അടയാതെ
കാത്തിരിക്കുമ്പോള്‍
ഭയംതോന്നിയില്ല.

ജനല്‍പഴുതിലൂടെ കാണുമ്പോള്‍
കറുത്ത ഉറുമ്പുകള്‍ ‍അവനെ
വിഴുങ്ങാന്‍ ശ്രമിക്കുന്നു .

നിര്‍ദ്ദയഉറുമ്പിനെ അകറ്റാന്‍
ശബ്ദങ്ങള്‍ക്കായില്ല.

രാത്രിയില്‍
സിരയില്‍ കത്തുന്ന
ചാരായത്തിന്‍റെ ധൈര്യം
പ്രേതങ്ങള്‍ ഭയപ്പെട്ടിരിക്കും.

ഈ ശവമുറിയില്‍ നിന്നും
പലപ്പോഴും പടിയിറങ്ങിയ
ശവശരീരങ്ങള്‍
അനുഭവങ്ങള്‍ ശബ്ദങ്ങളായി അറിയിക്കും.

രാത്രിയില്‍
ജീവനുള്ള പ്രേതങ്ങള്‍ ‍ഉറങ്ങുമ്പോള്‍
ആത്മാവ് നഷ്ടപ്പെട്ട പ്രേതങ്ങള്‍
സഞ്ചരിക്കുന്നത് സമത്വത്തിന്‍റെ പേരിലാണ് .

സ്വാതന്ത്ര്യങ്ങള്‍ക്കു അതിരുകള്‍

പ്രേതങ്ങള്‍ക്കും പാടില്ല .

പുലരുവാന്‍ കിട്ടുന്ന സമയമാണ്
വിശപ്പാറ്റാന്‍ ഉറുമ്പിനും
ആത്മാവറ്റ പ്രേതങ്ങള്‍ക്കും ബാക്കിയുള്ളത്.

ഈ കണിശമായ കാത്തിരുപ്പ്
ഒരു ജീവനെയല്ല മറിച്ചൊരു
ശവത്തിനെ ഏറ്റുവാങ്ങനാണ് .

ഈ കാത്തിരുപ്പിന്‍റെ ഇടയിലേക്കു
കൂട്ടുനില്‍ക്കുന്നത് ,
അവന്‍റെ !
ആത്മഹത്യ ചെയ്തവന്‍റെ
സങ്കല്പങ്ങള്‍
സ്വപ്‌നങ്ങള്‍
പ്രതീക്ഷകളാണ്.

പുലര്‍ന്നാല്‍
വെട്ടിക്കീറപ്പെട്ടശവം
വീട്ടില്‍ ഏറ്റുവാങ്ങുന്നത്
കൂട്ടക്കരച്ചിലുകളാണ്.

കരച്ചിലുകള്‍ ശവക്കുഴിവരെ നീളും
പിന്നെ ഓര്‍മ്മ പെരുന്നാള്‍ .


കുറിപ്പ്

2002 ല്‍ ആത്മഹത്യ ചെയ്ത സുഹ്ര്‍ത്തിന്‍റെ ശവത്തിനു മോര്‍ച്ചറിക്ക് മുന്നില്‍ രാത്രി കു‌ട്ടിരുന്നപ്പോള്‍

2009, ഏപ്രിൽ 19, ഞായറാഴ്‌ച

മുന്നോട്ടു

മലര്‍ക്കേ തുറന്നിട്ടേച്ചു ,
പോയെന്‍ ജാതകം.
ശനിദശ നിറഞ്ഞ ജീവിതം ,
മുജന്മ പാപത്തിന്‍ ശിക്ഷപത്രം
ഇനി ദുഃഖ ദുരിതങ്ങളില്‍
നീറുന്ന മൂശയുടെ
പൊള്ളുന്ന നിശ്വാസ്സങ്ങളാണെന്‍് ,
കവിതകള്‍ ..കവിതകള്‍

2009, ഏപ്രിൽ 15, ബുധനാഴ്‌ച

ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയുന്നു

നരച്ചവെയില്‍ വെന്തപകലിന്‍റെ
ജീവന്‍മുറിച്ചു കടല്‍കയത്തില്‍
ആഴ്ത്തുമ്പോള്‍ ഒരുയുഗമൊടുങ്ങുന്നു.
പിന്നെ ഓര്‍മ്മപെരുക്കങ്ങള്‍
ശിശിരംപെയ്യുന്ന രാത്രിപോലെ!

മണല്‍കാറ്റുകള്‍ മറച്ച മുനമ്പുകള്‍
മിഴിയടക്കാതെ ഒരു പക്ഷെ കണ്ടേക്കാം എങ്കിലും
ചൂടിന്‍റെ സമസ്യകള്‍ മനപുര്‍വ്വമായി
നമ്മെ ക്ഷണിക്കുന്നത് ഒരേ തുരുത്തിലേക്കാണ്.

തിരമാലകള്‍ ചുംബിക്കുന്ന തീരത്ത്
അത്രമേല്‍ അര്‍ത്ഥപൂര്‍ണമായ
പ്രണയ ചിത്രങ്ങള്‍പോലും
മാഞ്ഞു പോകുന്നതു എത്ര ലാഘവത്തോടാണ്.

പറഞ്ഞു വ്യാഖ്യാനം ഹിമാലയങ്ങള്‍ ആകുമ്പോള്‍
കറുത്തവാവിന്‍റെ മച്ചില്‍ ഒരു നേര്‍ത്ത
തെളിമാനം വിരിഞ്ഞാല്‍ ആശ്ചാര്യം മെന്നുപറയാം .

ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയുന്നത്
ചെകുത്താന്‍ സഹസഞ്ചാരത്തില്‍
നമുക്കൊപ്പം ചേരുമ്പോളാണ്.
പിന്നെ ശവങ്ങള്‍ പെരുകിയ നഗരയാത്രയിലും.

2009, ഏപ്രിൽ 5, ഞായറാഴ്‌ച

നൊമ്പരങ്ങള്‍ അഥവാ നിലവിളികള്‍

മഴ പെയ്യുന്നത് കാത്തിരുന്ന കവിത
വേനല്‍ ചൂടില്‍ വരണ്ടുണങ്ങിയത്
പറയാന്‍ പുതിയ വിശേഷം .

വിയര്‍ക്കുന്ന കൊടും ചൂടില്‍
വരണ്ട തൊണ്ട പിളര്‍ന്നത്
ജലമറ്റ നിലവിളിക്ക് !

പരിഭവങ്ങള്‍ പകുതി വാക്കായി
വികൃതാക്ഷരങ്ങള്‍ ചമയുന്നത്
കവിത എന്ന അവസാന മൂര്‍ച്ചക്ക് .

ആദ്യവും അന്ത്യവും ആലയില്‍ വെന്ത
കാരിരുമ്പിന്‍റെ ജീവന്‍ .
വികാരം,പൊള്ളുന്ന പകലിന്‍റെ പക.

പുരാതനവും നവീനവും എന്തിനേറെ
നിലവിളികളെല്ലാം
പറയുന്നത് ഒരേ അര്‍ത്ഥങ്ങള്‍

നാം ഇപ്പോഴുമിവിടെ
പരസ്പരം നഷ്ടപെടുന്നത്
തേഞ്ഞില്ലാണ്ടായ വാക്കിന്‍റെ മുന്നില്‍

ഈ അന്വേഷണങ്ങള്‍ ഇരുട്ടാകുന്നത്
അകത്തേക്കും പുറത്തേക്കും
ചെറുക്കാറ്റ് നിലക്കുമ്പോള്‍ മാത്രം .

2009, മാർച്ച് 26, വ്യാഴാഴ്‌ച

വേരറ്റ വൃക്ഷം

തായിവൃക്ഷ തണലിന്‍
‍തനിമയും കഥയാകുന്നു.
താരാട്ടോതും തായൊരു
കടംങ്കഥയാകുന്നു
കര്‍മ്മവും ,കണികണ്ടുണര്‍ന്ന
കാലവും കൌതുകമാകുന്നു .
വീടിന്‍ കഥയും കൂട്ടായ്മയും ,
പഴങ്കഥകള്‍ ‍മാത്രം .
നേരും , നെറിയും, നേരമ്പോക്കും
നോവുകള്‍ മാത്രം .
നേദിയ്ക്കാനിനി
പുവും ,പൊലിയും
പെരുവിരലും തേടിപ്പോകെ
ഞാനെന്‍ അനാഥത്വം
നിറമിഴിയാല്‍
മാറോടണച്ചിവിടെ
പെരുവഴിയുടെ പൊരുളറിയാതെ
പകച്ചു നില്‍ക്കുന്നു....

2009, മാർച്ച് 19, വ്യാഴാഴ്‌ച

കുഞ്ഞേ നീ ഉറങ്ങുക .

കുഞ്ഞേ  ഉറങ്ങുക .
ഒന്നുമറിയാതുറങ്ങുക.
ഓര്‍ക്കുവാന്‍ഒന്നുമില്ലാതെ വളരുക .
ഓമല്‍ മിഴികള്‍ക്കു
കാട്ടുവാന്‍ ‍കരുതിയതെല്ലാം
കഴിഞ്ഞതും കഥയിറ്റു
പറഞ്ഞു കാട്ടാന്‍ പോലും
കാഴ്ചക്കൊന്നുമേയില്ലല്ലോ
കുഞ്ഞേ  ഉറങ്ങുക .

മുലപ്പാല്‍ മധുരം മാതൃത്വം
അമ്മതന്‍ മാറിന്‍റെ ചൂടും
തഴുകലും ,പുറം ,തട്ടിയുള്ള താരാട്ടു
പോലുമറിയാതു ഉറങ്ങുക.
കുഞ്ഞേ  ഉറങ്ങുക

തൊടിയിലെപ്പാട്ടും ,പൂക്കളുംതുമ്പിയും ,
പറമ്പിലാകേ..പാറും കരിയിലകള്‍,
ചിലക്കും കുരുവികള്‍,
കാറ്റിലുലയും മാമരങ്ങള്‍,
കൊഴിയും പൂംമ്പൊടി,കണ്ണിമാങ്ങ ,
അണ്ണാനുണ്ണും തേന്‍വരിക്കയും
പുലര്‍കാലം ഉണര്‍ത്തും ക്കോഴിയും,
തൊഴുത്തിലെ പൈക്കളും ,
ചാണകമെഴുകിയ മുറ്റവും ,
തുളസി തറയും ,കൊയ്ത്തും
ക്കറ്റയും, നിര ......നിര..നിരയായി
പാടം, തോടുമതില്‍ മാനത്തുക്കണ്ണി പരല്,
പൊത്ത ,നീര്‍ക്കോലി വരമ്പത്ത്‌ തൊട്ടാവാടി ,
കുറുന്തോട്ടി ,തുമ്പ ,മുക്കുറ്റി,
ചിത്രപ്പാലയും ഉണ്ടായിരുന്നിങ്ങനെ
എത്രയെന്നോ ?
കുഞ്ഞേ കാഴ്ചകളെല്ലാം ഇന്നന്യം.
കുഞ്ഞേ  ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.

പുലര്‍ച്ചെ കമുങ്ങിന്‍ പാളയില്‍
‍പച്ചമരുന്നു മണക്കും
എണ്ണേലൊന്നുപുരണ്ടു കുളിച്ചും ,
ഒരമരുന്നു നുണഞ്ഞും ഓരായിരം
കൊഞ്ചല്‍ മൊഴികള്‍ ‍പുണരും
കയ്യുകള്‍ എത്രയാ വീടിന്‍ കുട്ടായ്മ
എന്തെന്നറിയാന്‍ വിധിയറ്റൊരു
കുഞ്ഞേ  ഉറങ്ങുക .
ഒന്നുമറിയാതെ ഉറങ്ങുക

നാവിന്‍ തുമ്പില്‍ പൊന്നും,തേനും
തൊട്ടുതരും പാരമ്പര്യം പകരും കയ്യിന്‍
പെരുമയും , നേരും നെറിയും
എന്തെന്നറിയാതുറങ്ങുക.
കുഞ്ഞേ  ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.

മാമുണ്ണാനൊരു കഥ
പണ്ടുണ്ടായിരുന്നിങ്ങനെ
അരണേ വാ.. ഓന്തേ വാ..
അരണക്കൊരുപ്പിടി ചോറേ..താ..
മാമൂട്ടി കഥ യെല്ലാമൂട്ടി യുറക്കിയ
മുത്തശ്ശിയിന്നുണ്ടകലേ വൃദ്ധസദനമതില്‍
തന്‍ നിഴല്‍ മാത്രം കൂട്ടായി.
കുഞ്ഞേ  ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
ഒന്നുമറിയാതെ വളരുക

2009, മാർച്ച് 10, ചൊവ്വാഴ്ച

ഒരു പുനര്‍വിചിന്തനത്തിനു വിധേയനാകുക

ഇലക്ഷനുമായി ബന്ധപ്പെട്ട് ഏറെ എഴുത്തുകള്‍ ബ്ലോഗില്‍ വായിച്ചു .എല്ലാം രാഷ്ട്യയത്തെ കുറ്റം പറഞ്ഞു കൊണ്ടാണു വന്നത് എന്ന ഒരു പ്രത്യേകതയും എഴുത്തുകള്‍ക്കു ഉണ്ടായിരുന്നു. ഇന്നത്തെ രാഷ്ട്യയം അതിന്‍റെ സമീപനങ്ങള്‍ ,ശുദ്ധി ഇല്ലായിക ,ഇങ്ങനെ നീളുന്നു വിഷയങ്ങള്‍ .നമ്മുടെ വിമര്‍ഷനാത്മ കുഴല്‍ കണ്ണാടിയിലൂടെ നോക്കി കാണുമ്പോള്‍ പലതും ശരിയെങ്കിലും ഈ കാട് അടച്ചുള്ള വെടിവെപ്പ് നല്ലതല്ല എന്ന ഒരഭിപ്രായം ഇവിടെ രേഖ പെടുത്തുന്നു .ഒരു തുറന്ന ചിന്തയിലുടെ കാര്യങ്ങളെ നോക്കികാണാന്‍ എന്ത് കൊണ്ടു നാം ശ്രമിക്കുന്നില്ല .നമ്മുടെ ഒക്കെ ജീവിതം അനേകായിരം വൈരുദ്ധ്യങ്ങളുടെ ഊഷര ഭൂമിയാണു .അവിടെ ജാതിക്കും മതത്തിനും ദേശത്തിനും ആഹാരത്തിനും ചിന്താഗതികള്‍ക്കും വൃത്യസ്ഥ സ്വഭാവങ്ങളുമാണ്. എന്നാലും പൊതുവായി ഇവയെ എല്ലാം ഏകികരിക്കുന്ന ചിലതുണ്ടു .അത് നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപെട്ട് കിടക്കുന്നു.അല്ലങ്കില്‍ സാമുഹ്യ പെരുമാറ്റങ്ങളുമായി ഇടകലര്‍ന്നോ കലഹിച്ചോ കിടക്കുന്നു . മനുഷ്യ സംസ്കാരം പിന്‍പറ്റുന്നു എന്നതാണ് അതില്‍ പ്രധാനം. ജീവിക്കുന്ന ചുറ്റുപാടിലെ അസ്വാതന്ത്ര്യം ,അടിച്ചമര്‍ത്തപെടല്‍ ,നീതി നിഷേധം അവിടന്നാണ് നിലനില്‍പ്പിനു വേണ്ടിയുള്ള ജീവന്‍ മരണ പോരാട്ടങ്ങള്‍ തല ഉയര്‍ത്തുന്നത് .നമുക്ക് മുന്നേ നമ്മുടെ ജീവിത സാഹചര്യങ്ങളെ മെച്ച പെടുത്തുന്നത്തിനു വേണ്ടി ,ഇത് പോലെ സ്വാതാന്ത്ര്യമായി ആശയ വിനുമയം നടത്തുന്നതിനു, ജീവിക്കുന്നതിനു(പിന്‍മുറക്കാര്‍ക്ക്)വേണ്ടി ജീവിച്ചു സമരത്തില‌ുടെ മരണം വരിച്ച മുന്‍ ചരിത്രത്തില്‍ നിന്നാണ് ഈ രാഷ്ട്യയ ചവിട്ടു പലക നീണ്ടു വന്നത്. കാലാന്തരത്തില്‍ നമ്മുടെ സ്വഭാവങ്ങള്‍ക്ക് മാറ്റം വന്നത് പോലെ രാഷ്ട്യയത്തിനും അതിന്‍റെതായ മാറ്റം വന്നു .സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അതിനും രു‌പങ്ങളും സ്വഭാവങ്ങളും വന്നു .ഇന്നെത്തെ ഈ രാഷ്ട്യയ ചിത്രങ്ങള്‍ നമ്മുടെ ചുറ്റുപടുകളുമായി പൊരുത്ത പെടുന്നില്ല എന്ന അഭിപ്രായമാണ് നമ്മുടെ പ്രശ്നം .രാഷ്ടിയം എന്നത് ഒരു വലിയ ത്യാഗത്തിന്‍റെ,സഹനത്തിന്‍റെ,ലക്ഷൃത്തിന്‍റെ പാരമ്പര്യ തുടര്‍ച്ച ആണ്. അതിനു ഇന്നിപ്പോള്‍ വന്ന ഗുണനിലവാരതകര്‍ച്ച വെറും ആപേഷികം മാത്രം .അതുകൊണ്ടു രാഷ്ട്യയമേ വേണ്ടാ അഥവാ രാഷ്ടിയത്തില്‍ താല്‍പര്യമില്ല എന്നു പറയുന്നത് അപകടരമാണ് . ഇന്നത്തെ രാഷ്ട്യിയ അവസ്ഥ ദുര്‍ബലമാണെങ്കിലും ഇതിനെ പരിസംരക്ഷിക്ക പെടണ്ടതു ഒരു ഇന്ത്യ കാരന്‍ എന്നാ നിലയില്‍ നമ്മുടെ ഓരോരുത്തരുടെയും കടമയാണു,ആവശ്യമാണ് .

2009, മാർച്ച് 3, ചൊവ്വാഴ്ച

ഹവ്വായിക്കൊരു കത്ത്

ഏറേ പ്രിയ മാര്‍ന്ന ഹവ്വ
നീ എന്‍റെ വാരിയെല്ല്
തിരികെ തരിക
ശ്രേഷ്ട ജന്മത്തിന്‍റെ
നീതി ബോധം വെടിഞ്ഞീ
പകലിരവുകള്‍് നിറയെ
ജീ൪ണതകള്‍ക്ക് നീ
വിറ്റഴിക്കപ്പെടുമ്പോള്‍
ചിരകാലം നീ മറന്നു പോയി
കാലചക്ര തേരിനൊപ്പം
എന്‍റെ വാരിയെല്ല്
നിനക്കു ആത്മബലം ഏകിയപ്പോള്‍്
നിന്‍റെ നീളും നെറികേടുകളില്‍്
ഞാന്‍ ഏറേ നിന്ദിക്കപ്പെട്ട്
നിന്‍റെ വികല നീതി ബോധത്തില്‍
ഞാനിന്നും പിടയുന്നു
കുരിശേറ്റപ്പെട്ടവെന്‍റ ത്യാഗം
എന്ന് നീ മറന്നുവോ
അന്നു മുതല്‍ക്കേ
നിന്‍റെ സ്വരത്തില്‍
സമത്വമെന്നും സര്‍വ്വ സ്വാതന്ത്ര്യ മെന്നും
പുത്തന്‍ അളവുകോലായി
നിന്‍റെ നട്ടെല്ലിന്‍റെ ശാഖകള്‍്
വ്യവ്യസ്ഥയറ്റ്
ആഴവും പരപ്പുമായിപെരുകിയപ്പോള്‍
കുഴല്‍ കണ്ണാടിയിലൂടെ
നീ കണ്ടത്
പുത്തന്‍ അവകാശങ്ങളുടെ
അന്യായങ്ങളായിരുന്നു
നിന്‍റെ കുട്ടത്തിലെ മറിയമാര്‍
കല്ലെറിയ പെട്ടപ്പോളാണ്
ഞാന്‍ ഏറേ വേദനിച്ചത്
കാലപ്പാച്ചിലി്ല്‍് മുഖം മൂടിയിട്ട
മറിയമാര്‍ പെരുകുമ്പോള്‍
എന്‍റെ വാരിയെല്ല്
നീ തിരികെ തരിക
പ്രിയപ്പെട്ട എന്‍റെ ഹവ്വ
എനിക്ക് നിന്‍റെ
ജീവന്‍റെ കാതല്‍
തിരികെ ചോദിക്കാതിരിക്കാന്‍് ആകുന്നില്ല
കാലഘട്ടങ്ങളിലൂടെ നീ
എന്നിലൂടെ ആവേശിച്ച കരുത്തില്‍
എന്‍റെ ജന്മത്തെ
നീ മറക്കുമ്പോള്‍ !
പുരോഗമനത്തിന്‍റെ
പുത്തന്‍ പറുദീസയുടെ
ആഗ്രങ്ങളിലേക്ക്
നീ ഗമിക്കുമ്പോള്‍ !
എന്‍റെ വാരിയെല്ല്
നീ തിരികെ തരിക
അന്നും വിലക്കുകള്‍മാനിക്കാതെ
സാത്താന്‍റെ വചനാമൃതം നുണഞ്ഞു
നീ സ്രഷ്ടാവിന്‍റെ കല്‍പ്പനകള്‍ ലങ്കിച്ചു
അതിനാവര്‍ത്തനം ഇന്നും തുടരുന്നു ...........
നിന്‍റെ വിക്രതബുദ്ധിയാണ്
എന്നെയും ആദ്യ പാപത്തിനു പ്രേരിപ്പിച്ചത് .
അതെങ്കിലും നീ
ഓര്‍ക്കുക
എന്ന് സ്വന്തം ആദം


കുറിപ്പ്............................
പെണ്‍ പക്ഷം വായാടിത്തങ്ങളക്ക് പുതിയ മാനം തേടുമ്പോള്‍
സംസ്കാരങ്ങള്‍ കേവല കാഴ്ച്ച പാടുകള്‍ക്ക് കീഴെ ചവിട്ടി മേതിക്ക പെടുമ്പോള്‍ സൌകര്യപു‌ര്‍വ്വം ഇരുട്ടുപ്പറഞ്ഞു എല്ലാം അവസാനിപ്പിക്കുമ്പോള്‍ ഈ കവിത വളരുന്നു

2009, മാർച്ച് 1, ഞായറാഴ്‌ച

സ്വപ്നങ്ങള്‍ക്ക് പ്പേറ്റുനോവായി

അഗ്രഹാരതിലന്നുക്ലാവ് പിടിച്ച
നിലവിളക്കിലെ
കരിംന്തിരി മരണ ശ്വാസ്സം
വലിക്കുന്ന അരണ്ട
വെളിച്ചത്തിലാണന്നു ഓര്‍മ്മ,

ഞാനാ ചിതല്‍ മുടിച്ച വരണ്ടു
കരയുന്ന കതക് തുറന്നു
നിന്‍ മിഴിനീര്‍ തുടയ്ക്കാതെ
യാത്ര പറഞ്ഞു പ്പോയത്.

പി൯വിളി വിളിച്ചു ജീവ൯റ
കറതുടച്ചു ഉടുവസ്ത്രം മാറോടണച്ചു
നീ കരഞ്ഞപ്പോള്‍ !
കൊടുംങ്കാറ്റും ,പേമാരിയും,
പ്രളയവും, പെയ്തിറങ്ങി.
പെരുവഴിയും മുങ്ങി.

നീളുന്ന ജീവിത പാതയിലന്നു
ഇരുട്ടും കൊഴുത്തു വളര്‍ന്നിരുന്നു
പിന്നെ ഋതുക്കള്‍
വര്‍ഷാന്ത്യങ്ങളിലേക്ക് വിടപ്പറഞ്ഞു

ഒടുവില്‍ കാര്‍മേഘങ്ങളും
മെല്ലെ വഴി മാറി
മാനം തെളിഞ്ഞു ഉണര്‍ന്നപ്പോള്‍
എന്‍റെ വിയര്‍പ്പിനു നിന്‍റെ ഗന്ധം

കലിതുള്ളി കാലമൊടുങ്ങിയവഴിയേ
മടക്ക യാത്രയ്ക്ക് ഒരുങ്ങവേ
പിന്നെയും പ്രണയം
വസന്തം വിരിക്കുന്നു.

ആകാശങ്ങള്‍ക്കു കീഴെ
നമ്മുടെ സ്വപ്നങള്‍ക്ക്
പ്പേറ്റുനോവായി.

തിളക്കുന്ന വിപ്ലവങ്ങള്‍
പരാജയ പെടുത്തിയ
നിന്‍ കണ്‍ പോളകള്‍ മെല്ലേ
തുറക്കുക .

നമുക്കിനിയാ
പ്പെരുവെയിലുണക്കാത്ത
സ്വപ്ന തിനിത്തിരി നിറം പകരാം

നാം പകച്ചുനിന്നാ വഴിയേ
വ്യസന ഗുന്നിതം മറന്നു
പ്രണയം പുതച്ചിറങ്ങാം

ഇന്നും കാഞ്ഞിരമാണ് വര്ത്തമാനമെങ്കിലും
അന്നില്ലാത്തൊരാ നെഞ്ചുറപ്പിന്നാവോളമുണ്ടതില്‍
കാലം മിനുക്കിത്തെളിച്ച അറിവിന്റെ പാല്‍വെളിച്ചവും

2009, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

മാലാഖ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നു

1
നോവറിഞ്ഞ അമ്മയും
നൊന്തു പെറ്റ മക്കളും
ഏറേകുറഞ്ഞൊരു
വ൪ത്തമാനത്തില്
നിന്‍റെ എന്‍റെയും
ഹൃദയശുദ്ധികള്‍
കുമ്പസാരകൂട്ടില്‍്
വിറങ്ങലിക്കെവേ
നാം സുഖതൃശ്ണക്കായി
പരസ്പരം പകുത്തെടുത്തയാ
സദാചാരത്തിന്‍റെ സീമാകളിന്നു
മാലാഖ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു
2
ദിനംതോറും പെരുകുന്നു
മലീനമാകുന്ന ഗര്‍ഭാശയങ്ങള്‍്
ജീവിത തിരക്കിനിടനാഴികളില്‍
പുഴുക്കുത്തു വീണ പുതു
സംസ്കാരത്തിന്‍റെ
ദിനചരൃകളില്‍
പാശ്ചാതൃ
പരിവേഷത്തി൯
പറുദീസകളില്‍
പരുശുദ്ധി പരിഹാസൃമാകുന്ന
നാഗരിക ഭ്രമങ്ങലില്‍
ബോധമറ്റ അപഥസന്ചാരങ്ങളില്‍
സൗന്ദരൃ ചന്തകളില്‍
കച്ചവട തന്ത്രങ്ങളില്‍
തൊഴിലിടങ്ങളില്‍ പാഠശാലകളില്‍
മാലാഖ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു
3
നേരംപ്പോക്കിനനുരാഗങ്ങളില്‍
അണപ്പൊട്ടിയ വികാരത്തി൯ ജീവ൯
ആദുരാലയത്തി൯
കുടുസുമുറികളില്‍ വാകീറുംമുന്നേ
വധിക്കപെടുന്നു
നമ്മുടെ മാലാഖ കുഞ്ഞുങ്ങള്‍
ഒന്നു കരയാതെ ഒടുങ്ങുന്നു
നമ്മുടെ മാലാഖ കുഞ്ഞുങ്ങള്‍
4
നാം പരമരഹസൃമായി
നുണഞ്ഞൊരു നി൪വൃതി
ജീവസ്പന്തനം
ക്ഷണിക കാമത്തി൯റിരുട്ടില്‍
കുരുത്ത മാനകേടുകള്‍
നിന്‍റെ എന്‍റെയും
നി൪ദയത്വത്തിന്‍റെ
രക്ത സാക്ഷികള്‍
5
പതിവായിപാളം തെറ്റിപ്പായും
താളംതെറ്റിയ നമ്മള്‍
തുടരും നെറി്കേടുകള്‍
പെരുകി പെരുകി
പാപത്തിന്‍പെരുംപാമ്പ്
ചുറ്റി വിഴുങി
നമ്മിലെ നന്മയെല്ലാം ഒടുങ്ങി
നി൪ദയം മാലാഖ കുഞ്ഞുങ്ങളെ
കൊന്നൊടുക്കുന്നു
ഭ്രൂണഹതൃയുടെ
പുത്ത൯ സദാചാരങ്ങളങ്ങനെ
അരങ്ങു തകര്‍ക്കുമ്പോള്‍
ജീവന്‍ മുറിഞ്ഞൊടുങ്ങിയ
മാലാഖ കുഞ്ഞുങ്ങള്‍ തന്‍
നിഷ്കളങ്ക നീല മിഴികള്‍
പൊഴിക്കും കണ്ണീരൊരു
മഹാപ്രളയം
സ൪വ്വവും ഒടുങ്ങുമാ
സുനാമി മുറ്റത്തെവിടെയോ
പതിയിരിക്കുന്നു .

2009, ഫെബ്രുവരി 25, ബുധനാഴ്‌ച

കുഞ്ഞേ നീ ഉറങ്ങുക

കുഞ്ഞേ  ഉറങ്ങുക .
ഒന്നുമറിയാതുറങ്ങുക.
ഓര്‍ക്കുവാന്‍
ഒന്നുമില്ലാതെ വളരുക .
ഓമല്‍ മിഴികള്‍ക്കു കാട്ടുവാന്‍
കരുതിയതെല്ലാം കഴിഞ്ഞതും
കഥയിറ്റു പറഞ്ഞു കാട്ടാന്‍ പോലും
കാഴ്ച്ചെക്കൊഒന്നുമേ ഇല്ലല്ലോ
കുഞ്ഞേ  ഉറങ്ങുക .

മുലപ്പാല്‍ മധുരം മാതൃത്വം
അമ്മതന്‍ മാറിന്‍റെ ചൂടും, തഴുകലും
പുറംതട്ടിയുള്ള താരാട്ടു -
പോലുമറിയാതു ഉറങ്ങുക.
കുഞ്ഞേ ഉറങ്ങുക

തൊടിയിലെപ്പാട്ടും ,പൂക്കളും
തുമ്പിയും ,പറമ്പിലാകേ..
പാറും കരിയിലകള്‍,
ചിലക്കും കുരുവികള്‍,
കാറ്റിലുലയും മാമ്മരങ്ങള്‍,
കൊഴിയും പൂംമ്പൊടി ,
കണ്ണിമാങ്ങ ,അണ്ണാനുണ്ണും തേന്‍വരിക്ക
പുലര്‍ക്കാലം ഉണര്‍ത്തും കേഴിയും,
തൊഴുത്തിലെ പൈക്കളും ,
ചാണകമെഴുകിയ മുറ്റവും ,
തുളസിതറയും ,കൊയ്ത്തും കറ്റയും
നിര...നിര..നിരയായി പാടം
തോടും, അതില്‍ മാനത്തുക്കണ്ണി
പരല് ,പൊത്ത ,നീര്‍ക്കോലി
വരമ്പത്ത്‌ തൊട്ടാവാടി ,കുറുന്തോട്ടി ,
തുമ്പ ,മുക്കുറ്റി, ചിത്രപ്പാലയും
ഉണ്ടായിരുന്നു ഇങ്ങനെ എത്രയെന്നോ ?
കുഞ്ഞേ കാഴ്ചകളെല്ലാം ഇന്ന് അന്യം.
കുഞ്ഞേ  ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക

പുലര്‍ച്ചെ കമുങ്ങിന്‍ പാളയില്‍
പച്ചമരുന്നു മണക്കും എണ്ണേലൊന്നു
പുരണ്ടു കുളിച്ചും ,ഒരമാരുന്നു നുണഞ്ഞും
ഓരായിരം കൊഞ്ചല്‍ മൊഴികള്‍
പുണരും കയ്യുകള്‍ എത്രയാ
വീടിന്‍ കുട്ടായ്മ എന്തെന്ന് അറിയാന്‍
വിധി ഇല്ലാത്തൊരു കുഞ്ഞേ നീ ഉറങ്ങുക .
ഒന്നുമറിയാതെ ഉറങ്ങുക

നാവിന്‍ തുമ്പില്‍ പൊന്നും, തേനും
തൊട്ടുതരും പാരമ്പര്യം പകരും
കയ്യിന്‍ പെരുമയും നേരും നെറിയും
എന്തെന്ന് അറിയാതുറങ്ങുക.
കുഞ്ഞേ  ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.

മാമുണ്ണാനൊരു കഥ
പണ്ടുണ്ടായിരുന്നിങ്ങനെ
അരണേ വാ.. ഓന്തേ വാ..
അരണക്കൊരുപ്പിടി ചോറേ..താ..
മാമുട്ടി കഥ എല്ലാമൂട്ടി
ഉറക്കിയ മുത്തശ്ശിയിന്നുണ്ടകലേ
വൃദ്ധസദനമതില്‍ തന്‍ നിഴല്‍ മാത്രം കുട്ടായി.
കുഞ്ഞേ  ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
ഒന്നുമറിയാതെ വളരുക.

എന്‍റെ ഗ്രാമ വഴിയിലേക്ക്...

എന്‍റെ ഗ്രാമ വഴിയിലേക്ക് മടങ്ങുന്നു
നന്‍മ പകരും അമ്മതന്‍
തഴുകലിഴുകിയകാറ്റിന്‍
മടിയിലേക്ക് മടങ്ങുന്നു
നഗരങ്ങള്‍ പൊള്ളിച്ച
നിനവുകള്‍ നീറും മനസ്സോടെ
നിര്‍വികാര നഗര വീഥികള്‍
മടുപ്പിച്ച കുളിരറ്റ മിഴിയുമായി
നഗരസന്ധ്യകള്‍ കവര്‍ന്ന ബോധമറ്റ
രാവിന്‍റെ കയര്‍പ്പില്‍ നിന്നും ,
ഹൃരദയ ശുദ്ധി അറ്റവരുടെ
നരകസൌഹൃദത്തില്‍ നിന്നും,
കപടത പുതച്ചവരുടെ
കളരിയില്‍ നിന്നേറ്റ മുറിവുമായി
പൌരിമാര്‍ പങ്കിട്ട വൃര്‍ത്ഥ
കാമങ്ങള്‍ പകര്‍ന്ന നോവുമായി
മറിയമാര്‍ പകര്‍ന്ന ലഹരിയില്‍
പൊലിഞ്ഞ നൈര്‍മല്ലൃ
നിലാരാവിന്‍ചന്തം നുകരാനെന്‍
ഗ്രാമ വഴിയിലേക്കു മടങ്ങുന്നു
കരിയിലകള്‍ നിറഞ്ഞ ഇടവഴിയെ
തുമ്പികള്‍ പാറും വയല്‍വഴിയെ
കിളിയുടെ മൊഴിയും കുറുകലും
കേള്‍ക്കും മാംതോപ്പിന്‍ വഴിയേ
കശുമാവുകള്‍ പ്രണയം കുടാന്
‍പന്തലുകെട്ടിയ കുന്നിന്‍ വഴിയേ
മടിയന്‍ വാവലുകള്‍ തലകീഴായി
ഉറങ്ങും കമുങ്ങിന്‍ തോപ്പിന്‍വഴിയെ
പാടം കാക്കും പരദേവതകള്‍
വാഴും വയല്‍ ക്ഷേത്ര വഴിയേ
ചേറുമണക്കും കുളിര്‍ക്കാറ്റും
മേഘതണല്‍ വീഴും വയലേലകളും
ജലതാളമുതിര്‍ക്കും ചെറുതോടുകളും
തെളിനീര്‍ ചാലുകള്‍ ചേരും
പാര്‍വതിമിഴി കുളങ്ങളും
പരല്‍ മീനുകള്‍ തണല്‍തേടും
പാടവക്കത്തെ വട്ടമരചോടും
കുളക്കോഴികള്‍ ഓടിയൊളിക്കും
കയ്തക്കാടിന്‍ പൊത്തും
കൊയുതുപ്പാട്ടും കുരവയും
ഞ്ഞാറ്റു വേലയും കളയെടുപ്പുമെന്‍
ഹൃദയമിടുപ്പിലേക്ക് മടങ്ങുന്നു
അമ്മമണക്കും മണ്ണിലേക്കു മടങ്ങുന്നു
ശാന്തമെന്‍ ഗ്രാമ വഴിയിലേക്കു മടങ്ങുന്നു

2009, ഫെബ്രുവരി 18, ബുധനാഴ്‌ച

പ്രാണ ശ്വാസങ്ങളില്‍

ഈ കലാപ
ബാധിത പ്രദേശത്തുനിക്കുമ്പോഴും
ഞാന്‍ വായിച്ചതും
നീ എഴുതിയതും
അവനും അവളും പറഞ്ഞതും
നാംഏറേ പങ്കുവച്ചതും,
മൂടി വച്ചോ അടക്കിപ്പിടിച്ചോ ?
വാചാലമായോ ?
ഏല്ലാം പ്രേമത്തെ കുറിച്ചായിരുന്നു .

ഓര്‍മ്മയുടെ മച്ചിന്‍ പുറത്ത്
വാടാമല്ലി പൂക്കള്‍ക്ക്
ഇന്നും കൊടിയസൗരഭ്യം .
ചാഞ്ഞ പോക്കുവെയില്‍
ആളൊഴിഞ്ഞ വഴികള്‍
പ്രണയം പൊതിഞ്ഞ
മധുരം വാക്കുകള്‍
പരസ്പരം
ബന്ധിച്ചപ്രാണന്‍റെ ചരടറ്റം
മുറുകെ പിടിച്ചു
നടന്നു തീരാതെ, നീണ്ടകറുത്ത വാവുകള്‍ .

നിന്‍റെ, എന്‍റെ, അവരുടെയും
ഓര്‍മ്മപ്പെരുമഴയില്‍ ,
കുളിര് ,
നേര്‍ത്ത കാറ്റ്,
മനസ്സുടഞ്ഞ സുഖ -നൊമ്പരം ,
വാചാലമായ മൗനം.
പിന്നെ നിന്‍റെ ,
എന്‍റെയും പനികിടക്ക .
പെരുവഴി രണ്ടായി പിരിഞ്ഞു
ആ ഓര്‍മ്മ പുതപ്പില്‍
നാം പിന്നെയും മുഖംനോക്കുന്നു

ധൃതിയില്‍ കാലം
കണക്കുചേര്‍ക്കാനായിപ്പാഞ്ഞു .
വികാരങ്ങള്‍ ,
വീക്ഷണങ്ങള്‍ ,
വിപ്ലവങ്ങള്‍ ,
വിയോജിപ്പുകള്‍ .
കൊടികളെല്ലാം
താഴ്ത്തിക്കെട്ടുന്നു .
എല്ലാ സമരങ്ങളും
കാഴ്ച്ചപ്പാടുകളും,
നിര്‍ബദ്ധങ്ങളും,
കാലമെന്ന മുനി മെരുക്കുന്നു .
പ്രണയം പിന്നെയും ,
പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നു.....

2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

ഇനി

മലര്‍ക്കേ തുറന്നിട്ടേച്ചു പോയെന്‍ ജാതകം
ശനിദശ നിറഞ്ഞ ജീവിതം ,
മുജന്മ പാപത്തിന്‍ ശിക്ഷപത്രം
ഇനി ദുഃഖ ദുരിതങ്ങളില്‍
നീറുന്ന മൂശയുടെ പൊള്ളുന്ന
നിശ്വാസ്സങ്ങളാണെന്‍് കവിതകള്‍ ..കവിതകള്‍