2009, മേയ് 17, ഞായറാഴ്‌ച

രാത്രിമഴകള്‍

ഇടിമിന്നലിന്‍റെ പൊട്ടിത്തെറിയൊച്ച
ഭയപ്പെടുത്തിയ പുതപ്പിനുള്ളിലെ ഇരുട്ട് .
ജീവിതത്തിന്‍റെ ഇടുങ്ങിയ
ഇടനാഴികളില്‍ പോലും വിറച്ചിരുന്നു .

പകല്‍വെളിച്ചം മറച്ചമഴക്കാര്‍
ഇന്നും മടവരമ്പ് ചാടിവരുന്ന
മലവെള്ള പാച്ചിലിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത് .

കറങ്ങിവരുന്ന കര്‍ക്കിടകങ്ങള്‍ പകര്‍ന്നത്
ചോരുന്നപുരയില്‍ അമ്മയുടെ അടക്കിപിടിച്ച തേങ്ങലുകള്‍
കര്‍ക്കിടക കാഴ്ചകളിലെന്നും
നനഞ്ഞ സച്ഞിയില്‍
കുതിര്‍ന്ന അരിയുമായി വരുന്ന
മഴനഞ്ഞ അച്ഛന്‍ ഒരു മുറിവിന്‍റെ കണ്ണിരാണ്

മഴകള്‍ കനക്കുന്ന രാത്രികള്‍
ചോര്‍ച്ചവെള്ളം പകരുന്നപാത്രങ്ങള്‍ കെടുത്തിയത്
അമ്മയുടെ ഉറക്കങ്ങള്‍ .
അങ്ങനെയാണ് അമ്മ രാത്രിമഴകളെ ഭയപ്പെട്ടത് .

2009, മേയ് 6, ബുധനാഴ്‌ച

അകത്തേക്കും പുറത്തേക്കുമുള്ള നേര്‍ത്ത കാറ്റ്

ഈ ശ്വാസത്തെ
എനിക്ക് വിശ്വാസമില്ലാതായിരിക്കുന്നു.
ശ്വാസം വിലക്കു വാങ്ങുമ്പോള്‍
അതിന്‍റെകനം ഞാന്‍ പരിശോധിച്ചില്ല.

പതിവായി വാങ്ങുന്ന കടയില്‍
ശ്വാസം തീരാറായവര്‍
ജീവന്‍റെ വിലയിന്‍മേല്‍
വരിയായി നിന്നു...

പ്രധാന വാര്‍ത്തകള്‍!
ഈ ഉദരത്തില്‍ സൂക്ഷിച്ച ശ്വാസ സഞ്ചി
കുറെ വലിപ്പത്തിലാക്കണം.
ശ്വാസം കിട്ടാന്‍ ക്ഷാമം ഇനിയങ്ങോട്ട് വന്നേക്കാം.

അകത്തേക്കും പുറത്തേക്കും
വലിക്കുന്ന ഈ നേര്‍ത്തകാറ്റ്
ഈ ലോകവുമായി ബന്ധപെടാനുള്ള
ഒറ്റമാര്‍ഗ്ഗമായി ആരായിരിക്കും കണ്ടുപിടിച്ചത് ?

ദാഹജലത്തിനു ഇന്നെടുക്കുന്ന കുത്തിവെപ്പ്
കുറഞ്ഞതാണോ തൊണ്ട വരളാന്‍ കാരണം?
അതോ ശ്വാസത്തില്‍ മായംചേര്‍ന്നതിലുള്ള ആയാസപ്പെടലാണോ ?

ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കുടിയത് കൊണ്ടാണ്.
ഒരു ജീവന്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍
സ്വന്തമായി ശ്വാസഉല്‍പ്പാദനകേന്ദ്രം വേണം.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന
മരുന്നുണ്ടാക്കാന്‍ കഴിയണം.
അല്ലങ്കില്‍ ഇന്നിന്‍റെ ജീവന്‍ ദുസ്സഹം.

കുറിപ്പ്-
ജലവും ,പ്രകൃതിയും, സംസ്കാരവും വ്യവസ്ഥയറ്റ് പുതിയ ചന്തകളിലേക്ക് വെറുംകച്ചവടകണ്ണോടെ കയറ്റി അയക്കപ്പെടുമ്പോള്‍ ,നാളകളില്‍ ജീവനം സമരസപ്പെടതാവുന്നു, ആ കാലത്തിലേക്കാണ് ഈ കവിത വളരുന്നത് .