2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

ചരിത്രത്തിന്റെ അടയാത്ത കണ്ണുകൾ

എല്ലാവരും ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്നവൻ ഭരണകൂടത്തിന്റെ കണ്ണിൽ കുറ്റവാളിയാണ്. അയാളെ വകവരുത്തി കണ്ണുകൾ ചൂഴ്ന്നെടുത്തു മാറ്റിയാലേ അവർക്ക് ഉറക്കം കിട്ടൂ! ഇതിനെതിരെ ദിവ്യപ്രതികാരം ചെയ്തവർ ചരിത്രത്തിന്റെ അടയാത്ത കണ്ണുകളാകുന്നു. നക്സൽബാരി വിപ്ലവകാരികളായ ഭൂമയ്യയെയും കിസ്ത ഗൗഡയെയും തൂക്കിക്കൊല്ലാൻ പോകുന്നതിനുമുമ്പ് അവരുടെ കണ്ണുകൾ അന്ധൻമാർക്ക് ദാനം ചെയ്യണമെന്ന് അപേക്ഷിച്ചു. മരിക്കും മുമ്പ് അവർ ഇപ്രകാരം എഴുതി; " ഞങ്ങൾ മരിക്കുകയാണ്. ഞങ്ങൾ മരിച്ചാലും ഞങ്ങളുടെ കണ്ണുകൾ നിലനിൽക്കും ആ കണ്ണുകളിലൂടെ ചരിത്രത്തിന്റെ പ്രവർത്തനം ഞങ്ങൾ നോക്കിക്കാണും!

2020, ഫെബ്രുവരി 12, ബുധനാഴ്‌ച

ഇന്ത്യയുടെ പാരമ്പര്യാവകാശം

ഇരുപതും നൂറ്റാണ്ടുകളിൽ പൗരസ്ത്യവാദികളും ദേശീയവാദികളും ചേർന്ന് നിർമിച്ചെടുത്ത ഇന്ത്യൻ പാരമ്പര്യത്തിൽ ഏറ്റവുമധികം തമസ്കരിക്കപ്പെട്ട മേഖലകളിലൊന്ന് ഇന്ത്യയുടെ രതിവിജ്ഞാനത്തിന്റെയും തൃഷ്ണാജീവിതത്തിന്റെ ആവിഷ്കാരങ്ങളുടേതുമാണ്. നിസ്സംഗരും ആത്മാന്വേഷികളും മറ്റുമായി മുദ്രചാർത്തപ്പെട്ട ഭാരതീയസമൂഹത്തിന് രതിവിലാസങ്ങളുടെ ലോകം സ്വാഭാവികമാകില്ലല്ലോ. അങ്ങനെ, അമർത്യ സെൻ ചൂണ്ടിക്കാണിച്ചതുപോലെ, ഇന്ത്യയുടെ സംവാദാത്മക ജ്ഞാനപാരമ്പര്യം പൊതുവിൽ ആധുനികഘട്ടത്തിൽ പിന്നിലേക്കു നീങ്ങി. രതിവിലാസങ്ങളെയും തൃഷ്ണാജീവിതത്തെയും മുൻനിർത്തുന്ന ആവിഷ്കാരങ്ങൾ അധമമോ അസ്പൃശ്യമോ ആയി. ധ്വന്യാത്മകവും ആത്മീയവുമായ ഒരു കൃത്രിമഭൂതകാലം ഇന്ത്യയുടെ പാരമ്പര്യാവകാശം കൈയേറ്റു.

2020, ഫെബ്രുവരി 11, ചൊവ്വാഴ്ച

ആദ്യ ഹിന്ദുത്വ അധിനിവേശം

ഇക്കാലം ചില ചരിത്ര വസ്തുതകൾ ഓർക്കേണ്ടതുണ്ട്.B.C 185 ൽ മൗര്യ ചക്രവർത്തി ബ്രഹദത്തനെ കൊന്ന് അധികാരം പിടിച്ചെടുത്ത പുഷ്യമിത്ര സുംഗൻ എന്ന ബ്രഹ്മണ സേനാധിപനാണ് ആദ്യ ഹിന്ദുത്വ ഭരണാധികാരി . അതുതന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ ഹിന്ദുത്വ അധിനിവേശം. സുംഗവംശത്തിന്റെ കാലത്താണ് ഭൃഗുകുലത്തിൽപ്പെട്ട സുമതി എന്ന പണ്ഡിതൻ ബ്രഹ്മണാധിപത്യം ഉറപ്പിക്കാൻ "മനുസ്മൃതി " എന്നറിയപ്പെടുന്ന ചട്ടവ്യവസ്ഥ തയ്യാറാക്കിയത്. ബുദ്ധസ്വാധീനം 
തുടച്ചുമാറ്റി ഹിന്ദുമതത്തിന് പ്രാമുഖ്യം നേടികൊടുത്തത് ശങ്കരാചാര്യരാണെന്ന വിശ്വാസം ശരിയാണെങ്കിൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കാൻ  പത്തുനൂറ്റാണ്ട് വേണ്ടിവന്നു. വടക്കുനിന്നു കരമാർഗ്ഗം എത്തിയവരും ,പടിഞ്ഞാറുനിന്ന് കടൽമാർഗ്ഗം എത്തിയവരും ഉപഭൂഖണ്ഡത്തിൽ ആധിപത്യം സ്ഥാപിച്ചു. 

പത്തൊമ്പതാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി രൂപം പ്രാപിച്ച ഏകദൈവാധിഷ്ഠിതമായ മതവിഭാഗമാണ് അയ്യാവഴി (അച്ഛന്റെ അഥവാ ദൈവത്തിന്റെ വഴി). അയ്യാവഴി ഒരു പ്രത്യേക മതമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ദിവ്യശാസ്ത്രവും, ചടങ്ങുകളും, പുരാണവും ഹിന്ദു മതത്തിൽ നിന്നും ഒട്ടേറെ വേർപെട്ടു നില്ക്കുന്നതിനാലും, തെക്കൻ തമിഴ്‌നാട്ടിൽ അതിന്റെ വളർച്ച കാരണവും അയ്യാവഴി വിശ്വാസികൾ ഒരു പ്രത്യേക മതവിഭാഗമായി അറിയപ്പെടുന്നു. ഇന്ത്യാ സർക്കാർ ഇതുവരെ അയ്യാവഴിയെ ഒരു മതമായി അംഗീകരിച്ചിട്ടില്ല. ഇപ്പോഴും കാനേഷുമാരി കണക്കെടുപ്പിൽ അയ്യാവഴി വിശ്വാസികളെ ഹിന്ദുക്കളുടെ ഗണത്തിൽ പെടുത്തുന്നു.

2020, ഫെബ്രുവരി 9, ഞായറാഴ്‌ച

മനസ്സുവേണം

നിങ്ങളുടെ സ്വന്തം മനസ്സിന്റേയും ഹൃദയത്തിന്റേയും, സമഗ്ര അസ്തിത്വത്തിന്റേയും ചലനത്തെ നിരീക്ഷിക്കാൻ ഒരു സ്വതന്ത്രമായ മനസ്സുവേണം .പിന്താങ്ങുകയോ, പിന്താങ്ങാതിരിക്കുകയോ ചെയ്യുന്ന മനസ്സല്ല.
തർക്കങ്ങളിൽ ഭാഗം ചേരുന്ന മനസ്സല്ല .വെറും വാക്കുകളിൽ തർക്കിക്കുന്നതുമല്ല. മനസ്സിലാക്കുക എന്ന കേവല ഉദ്ദേശ്യമാണ് ഉണ്ടാവേണ്ടത്.

2020, ഫെബ്രുവരി 8, ശനിയാഴ്‌ച

ഭരണഘടന വിരുദ്ധം

ഇന്ത്യൻ ഭരണഘടന 17ാം അനുച്ഛേദം അസ്പൃശ്യത നിർത്തലാക്കുകയും അതിന്റെ ഏതു രൂപത്തിലുള്ള ആചരണവും വിലക്കുകയും ചെയ്തിരിക്കുന്നു. അസ്പൃശ്യതയിൽ നിന്നുളവാകുന്ന ഏത് അവശതയെയും നിർബന്ധിച്ചേൽപിക്കുന്നത് നിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റമായിരിക്കുന്നു. ശിക്ഷാർഹമായ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കപ്പെടാതെ  അവഗണിക്കപ്പെടുന്നതിനാലാണ് ജാതി വ്യവസ്ഥ സുശക്തമായി തുടരുന്നത്. തദ്ഫലമായി സ്ത്രീകളും, ആദിവാസികളും പീഡിപ്പിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്നത്. ജാത്യഭിമാനത്തിന്റെ പേരിൽ മിശ്രവിവാഹിതരെ വകവരുത്തുകയും ചെയ്യുന്നു. ഇത്രയൊക്കെയായിട്ടും ഇടതുപക്ഷ, പുരോഗമന രാഷ്ട്രിയ  പാർട്ടികൾ പോലും ജാത്യവ്യവസ്ഥയ്ക്കതിരെ മിണ്ടുന്നില്ല.

https://pavapettavanck.blogspot.com

2020, ഫെബ്രുവരി 5, ബുധനാഴ്‌ച

വ്യക്തിത്വം

ഗ്രീസിൽ പ്ലേറ്റോയ്ക്കു ശേഷം ഏറ്റവുമധികം സൈദ്ധാന്തിക ചർച്ച നടത്തിയ സാംസ്കാരിക നായകനായിരുന്നു അരിസ്റ്റോട്ടിൽ.ഗുരുനാഥനായ പ്ലേറ്റോയുടെ പല ആശയങ്ങളെയും ഉൾക്കൊള്ളുകയും പലതിനെയും നവീകരിക്കുകയും ചെയ്തതോടൊപ്പം തന്നെ താത്വികമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അടിസ്ഥാനപരമായ വിയോജിപ്പുകളിലധിഷ്ഠിതമായ ഒരാശയലോകം തന്റേതായി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞുവെന്നതിലാണ് അരിസ്റ്റോട്ടിലെന്റെ വ്യക്തിത്വം..

2020, ഫെബ്രുവരി 4, ചൊവ്വാഴ്ച

ഭാഷ, ബോധം

മനുഷ്യ പരിണാമത്തെ അധ്വാനം, ഭാഷ എന്നിവയുടെ ഗുണാത്മകാശ്രിതത്വത്തിലാണ് മാർക്സിറ്റുകൾ വീക്ഷിക്കുന്നത്. കൂട്ടായ്മ സൃഷ്ടിച്ച ആവശ്യമാണ് ഭാഷ.ബോധവും അങ്ങനെ തന്നെയാണുണ്ടായതും. ജന്തു സഹജമായ ആഹാരസമ്പാദന പ്രേരണ തന്നെയാണ്, മനുഷ്യരുടെ കൂട്ടായ്മയുടെ അടിസ്ഥാനമായത്.ബോധപൂർവം പ്രകൃതിയെ സ്വാധീനിച്ചു ജീവിക്കാൻ മനുഷ്യർക്കു കഴിയുന്നു. മറ്റൊരു ജന്തുവിനും അതാവില്ല. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പ്രതിപ്രവർത്തനം ഇഛാപൂർവ്വമാണ് നടക്കുന്നത്.

2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച

ഭാഷാ പഠനം 19ാം നൂറ്റാണ്ടിൽ

ഭാഷാ പഠനം 19ാം നൂറ്റാണ്ടിൽ -
നവോത്ഥാനത്തോടെ രംഗപ്രവേശം ചെയ്ത നവീന ആശയങ്ങൾ യൂറോപ്പിലാകെ ആധുനികതയ്ക്ക് കളമൊരുക്കുകയാണുണ്ടായത്. പഴയകാല മൂല്യ പദ്ധതി വിചാരണ ചെയ്യപ്പെട്ടതോടെ പുത്തൻ ചിന്താരീതികൾക്കും മൂല്യ ധാരണകൾക്കും സ്ഥാനം വന്നു. പതിനെട്ടാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവവും ഫ്രഞ്ചു വിപ്ലവവുമാണ് ഈ ഘട്ടത്തിന് പുതിയ പരിപ്രേഷ്യമുണ്ടാക്കിയത്. മാനവരാശിയെ ഇത്രയും സ്വാധീനിച്ചിട്ടുള്ള സംഭവങ്ങൾ ചരിത്രത്തിൽ വിരളമാണ്.ഒരു തരത്തിൽ പറഞ്ഞാൽ സാമ്പത്തികവും സാമൂഹികവും രാഷ്ട്രിയവുമായ സ്ഥാപനങ്ങളുടെ സ്രഷ്ടാവുപോലും വ്യവസായിക വിപ്ലവമാണ്. ഇവയെ തുടർന്ന് വ്യത്യസ്തമായി പുതിയ ഭരണക്രമങ്ങളും പുത്തൻ മൂല്യങ്ങളും വിജയം നേടിയെടുത്തു.അതോടെ യൂറോപ്പിലെ ബൗദ്ധികാന്തരീക്ഷം ആകെ നവീകരിക്കപ്പെട്ടു. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലുണ്ടായ വസ്ഫോടനാത്മകമായ ഈ ഉണർവത്രെ വിജ്ഞാനമേഖലയിലെ പരിവർത്തനത്തിനും കാരണമായത്.