2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

പഴമയിലെ പുനലൂർ




എന്റെ നാടിന്റെ കഥ

ചാലുകൾ ഒഴുകിയെത്തുന്ന ചാലക്കോടിന്റെ ഹൃദയഭാഗം നിരന്നുപരന്ന പാടശേഖരങ്ങളാൽ സമൃദ്ധമായിരുന്നു.കേരളക്കരയിൽ നിന്നും പാടങ്ങളും തോടുകളും അരുവികളും അപ്രതീക്ഷമയതുപേലെ ഇവിടെയും സ്വഭാവികമായി അതു സംഭവിച്ചു. ആ മനോഹരമായ കാഴ്ച ഇന്നിവിടെയും  അന്യമായി. പാടശേഖരങ്ങളുടെ ഒത്തനടുവിലൂടെ നിറഞ്ഞൊഴുകിപ്പായുന്ന സുന്ദരിയായ വീതിയേറിയ ഒരു തോട് ഉണ്ടായിരുന്നു.തോടിനെ മുറിച്ചുകടക്കാൻ പഞ്ചായത്തു പണികഴിപ്പിച്ച ഒരു കൊച്ചുകലുങ്ക് ഉണ്ടായിരുന്നു. (പിന്നീട് ആ പ്രദേശത്തിനെ കൊച്ചുകലുങ്ക് എന്നാണ്  അറിയപ്പെട്ടത് ) പഴയതോട് ഇന്ന് ഒരു ചെറു ഊറ്റുചാലുപ്പോലെ ഒഴുകിപോകുന്നു. തോടിന്റെ ഇരുവശങ്ങളിലായുള്ള വീതിയേറിയ വരമ്പായിരുന്നു ചാലക്കോട്ടുകാർക്ക് പുനലൂർ പട്ടണവുമായി ആകെബന്ധപ്പെടാനുള്ള വഴിമാർഗ്ഗം.  ആ പാടവും വരമ്പും തോടുമൊക്കേ ഇന്നു നാമാവശേഷമായി. ചാലക്കോട് ഇന്നുകാണുന്ന വഴിസൌകര്യങ്ങളിൽ പലതും മഴവെള്ളം ഒഴുകിയെത്തിയ ചാലുകളായിരുന്നു.ആ ചാലുകൾ നികത്തി വീതിക്കൂട്ടി ഉണ്ടാക്കപ്പെട്ടതാണ് ഇപ്പോഴുള്ള ടാറിട്ട റോടുകൾ പലതും. പുനലൂർ നഗരസഭ ആയതിനു ശേഷമുള്ളതാണ് ഇതെല്ലാം.1953ശേഷം പഞ്ചായത്തായിരുന്ന കാലത്ത് ആകാശവാണി ഗ്രാമീണനിലയം തുടങ്ങുന്നതിനുവേണ്ടി പഞ്ചായത്തിന്റെ സഹയത്തോടെ പഞ്ചായത്ത് അംഗമായിരുന്ന ഇടക്കുന്നിൽ മുഹമ്മദ് കുഞ്ഞു ജാഫറിന്റെ നേതൃത്വത്തിൽ  ഒരു കെട്ടിടം ഇവിടെ പണികഴിപ്പിച്ചിരുന്നു. കെട്ടിടം പണികഴിപ്പിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.വർഷങ്ങളായി അനാഥാമായി കിടന്ന കെട്ടിടം പിന്നീട് സഗരസഭ വന്നപ്പോൾ ഏറ്റെടുക്കുകയും പുതിയകെട്ടിടം പണിത് അംഗൻവാടിയാക്കിമാറ്റുകയും ചെയ്ത്. അന്നും ഇന്നും മുസ്ലീം ഭൂരിപക്ഷപ്രദേശമാണ് ചാലക്കോട്.മിക്കകുടുംബങ്ങൾക്കും പുനലൂർ ശ്രീരാമവർമ്മ മാർക്കറ്റുമായി ഒരു ബന്ധമുണ്ട് . മാർക്കറ്റുമായി ചെറുകിട വ്യാപരവ്യവഹാരങ്ങൾ ചെയ്തു പോന്നവരാണധികവും . ഇന്നും ആ സ്ഥിതിക്ക് കാര്യമായ മാറ്റംസംഭവിച്ചിട്ടില്ല. നെല്ലും, മരച്ചീനിയും, കാച്ചിലും ,ചേമ്പും,ചേനയും ഒക്കേ പ്രധാനകൃഷിയായിരുന്നു.എന്നാൽ ഇന്നു കൃഷിഭൂമിയോ കൃഷിയോ തീരെയില്ലന്നു തന്നെപറയാം . ചാലക്കോട് ഒരു മതത്തിന്റെയും ആരാധനാലയങ്ങൾ മുൻപ് ഇല്ലായിരുന്നു .ഇന്നു രണ്ട് മുസ്ലീം പള്ളിമാത്രമാണുള്ളത്.
പുനലൂരിന്റെ ചരിത്ര ഇടനാഴികളിലൂടെ
കൊല്ലം ജില്ലയിൽ നിന്നും 45 കിലോമീറ്റർ വടക്കുകിഴക്കും തിരുവനന്തപുരം ജില്ലയിൽ നിന്നും 75 കിലോമീറ്റർ വടക്കും ആണ് പുനലൂർ. അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂർ. സമുദ്രനിരപ്പിൽ നിന്ന് 56 മീറ്റർ (183 അടി) ആണ് പുനലൂരിന്റെ ശരാശരി ഉയരം. പുനലൂർ എന്ന പേര് വന്നത് പുനൽ , ഊര് എന്നീ തമിഴ് വാക്കുകളിൽ നിന്നാണ്. പുനൽ എന്നാൽ വെള്ളം എന്നും ഊര് എന്നാൽ സ്ഥലം എന്നും അർത്ഥം. അതിനാൽ പുനലൂർ എന്നാൽ വെള്ളം ഉള്ള സ്ഥലം എന്നർത്ഥം . കല്ലടയാറ് ഉള്ളതിനാലാകണം ഈ പേര് ലഭിച്ചത്. തമിഴ്നാട്ടിൽനിന്നും വരുമ്പോൾ വീണ്ടും കാണുന്ന ആൾപാർപ്പുള്ള സ്ഥലമായതു കൊണ്ടാണ് ( പുന എന്നാൽ വീണ്ടും, ഊരു എന്നാൽ ഗ്രാമം എന്നുമാണ്) പുനലൂർ എന്ന പേരുവന്നതെന്നാണ് മറ്റൊരു പക്ഷം.
 പുരാതന ശിലായുഗ കാലഘട്ടത്തിൽതന്നെ പത്തനാപുരം താലൂക്കിൽ ജനവാസം ഉണ്ടായിരുന്നു എന്നു തെന്മലയിൽ നടന്ന ഗവേഷണങ്ങളിൽ വെളിവായിട്ടുണ്ട്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ പുനലൂരും പരിസരപ്രദേശങ്ങളിലും ബുദ്ധമതം കത്തിജ്വലിച്ചുനിന്നിരുന്നു.ഇതിന്റെ അവിതർക്കിതമായ ചരിത്രതെളിവുകളാണ് കുളുത്തുപ്പുഴ, ആര്യങ്കാവ്,അച്ചൻ കോവിൽ ,ശബരിമല തുടങ്ങിയ ശാസ്താക്ഷേത്രങ്ങൾ. 
സിന്ധുനദിതട സംസ്കാരത്തെക്കാൾ പഴക്കമേറിയ ഒരു ചരിത്രമാണു പുനലൂരിനു പറയാനുള്ളത് .മിത്രാനന്തപുരം ,വെള്ളായണി ശാസനങ്ങളിൽ പുനലൂരിലെയും പട്ടാഴിയിലെയും നാട്ടുരാജക്കന്മാരെ കുറിച്ച് സൂചനകളുണ്ട് 1734 വരെ പുനലൂർ അടക്കമുള്ള സമീപ പ്രദേശങ്ങൾ ഇളയിടത്ത് സ്വരൂപം വകയായിരുന്നു .താലൂക്ക് എന്നുള്ളതിനു പകരം മണ്ഡപത്ത് വാതുക്കൽ എന്നാണു അന്നു പറഞ്ഞുവന്നത്.   ചരിത്ര രേഖകളിൽനിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്ന വേണാട്ടിലെ ആദ്യത്തെ നാടുവാഴി അയ്യനടികളാണ് .തരിസാപ്പള്ളി ശാസനത്തിൽ നിന്നും കൊല്ലം 24 eb മാണ്ട് അയ്യനടികൾ കേരള ചക്രവർത്തി സ്ഥാണുരവിയുടെ സാമന്തനായി വേണാട് വാഴുന്നത് മനസ്സിലാക്കാം. അതിനുശേഷം അന്നു ഇളംക്കൂർ  വാഴുകയായിരുന്ന രാമതിരുവടി ഭരണമേറ്റിട്ടുണ്ടാവണം. രാമതിരുവടിക്കു ശേഷം വേണാടിന്റെ 100 വർഷത്തെ ചരിത്രത്തെകുറിച്ച് രേഖകൾ ഇല്ല. കൊല്ലം 149ലെ മാമ്പള്ളി ശാസനത്തിൽ പറയുന്ന ശ്രീവല്ലഭൻ കോതയെ പിന്നീട് നമുക്ക് കാണാം . മാമ്പള്ളി ശാസനത്തിൽ പുനലൂർക്കരൻ  ഇരവിപരന്നരവനെ കുറിച്ച് പരാമർശം ഉണ്ട്. മാമ്പള്ളി ശാസനത്തിലാണ് ആദ്യമായി കൊല്ലവർഷത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. പുനലൂർ ,ചെങ്ങന്നൂർ മുതലായ പ്രദേശങ്ങൾ വേണാട്ടിൽ ഉൾപ്പെട്ടിരുന്നു എന്നു ശാസനത്തിൽ നിന്നും മനസിലാക്കാം.
1552ൽ കൊല്ലത്ത് ആസ്ഥാനമുറപ്പിക്കുവാൻ ശ്രമിച്ച പോർട്ടുഗീസ് ക്യാപ്റ്റൻ റോഡ് ഡ്രിഗ്സ് കൃഷിക്കാരിൽ നിന്നും മൊത്തത്തിൽ നേരിട്ട് കുരുമുളക്ക് വാങ്ങുവാൻ ശ്രമിച്ച് പക്ഷേ കൃഷിക്കാർ അതിനു വിസമ്മതിച്ച്. 5000 കാളവണ്ടി നിറയെ കുരുമുളക് കയറ്റി തമിഴുനാട്ടിലേക്ക് പോയ കൃഷിക്കാരെ റോഡ് ഡ്രിഗ്സിന്റെ പടയാളികൾ അക്രമിച്ച്.    പുനലൂരിലും പരിസരപ്രദേശത്തും വച്ചാക്രമിക്കപ്പെട്ട കൃഷിക്കാരുടെ രക്തംവീണ് ഈ മണ്ണ് കുതിർന്നു. പലകൃഷിക്കാരുടെയും തല വെട്ടിയെടുത്തു പടയാളികൾ റോഡ് ഡ്രിഗ്സിനു കാഴ്ചവെച്ച്. പശ്ചിമഘട്ടം ചുരങ്ങളിൽ കൂടിയാണ് അന്നു തമിഴരും ക്രിഷിക്കാരും തമ്മിൽ വ്യാപര ബന്ധം പുലർത്തിയത്. താലൂക്കിന്റെ ആസ്ഥാനം പുനലൂരാക്കി മാറ്റുന്നതിനു മുൻപ് 1901ൽ പുനലൂർ വഴി കൊല്ലം തിരുന്നൽവേലി  മീറ്റർഗേജ് ലൈൻ ആരംഭിച്ച്. കുരുമുളക്,ഏലം ,ചന്ദനം, ആനകൊമ്പ് തുടങ്ങിയവ പോർട്ടുഗീസുകാർ കൊള്ളയടീച്ച് കൊണ്ട്പോയിരുന്നു.ഒന്നരനൂറ്റാണ്ടുകാലം പോർട്ടുഗീസ്കാരുടെ തീവെട്ടികൊള്ള ഈ കിഴക്കൻ മലയോരപ്രദേശത്ത് നിർബാധംതുടർന്നു.
നഗരസഭയുടെ ചരിത്രത്തിലൂടെ
1940 കളിൽ പുനലൂരിന്റെ ഭരണം നടത്തിരുന്നത് അഞ്ച് അംഗങ്ങളടങ്ങിയ വില്ലേജ് യൂണിയനായിരുന്നു . തഹസിൽദാർ ആ‍യിരുന്നു അംഗങ്ങളെ നാമസിർദ്ദേശം ചെയ്തിരുന്നത്.വില്ലേജ് യൂണിയന്റെ പ്രസിഡന്റു വളരെക്കാലം പുനലൂർ ഹൈസ് സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. പി. ചെല്ലപ്പപിള്ളയായിരുന്നു. പുനലൂരിൽ വൈദ്യുതി ലഭ്യമായത് അക്കാലത്താണ്. 1952-53 കാലത്ത് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് കമ്മറ്റി നിലവിൽവന്നു. ശ്രീ.എൻ.രാജഗോപലൻ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്.ശ്രീ.എൻ.സദാനന്ദൻ വൈസ് പ്രസിഡന്റും ആയിരുന്നു.1971 ഏപ്രിൽ ഒന്നാം തിയതി പുനലൂർ പഞ്ചായത്ത് നഗരസഭയായി ഉയർത്തി. നിലവിലിരുന്ന പഞ്ചായത്ത് കമ്മറ്റിയെ മുനിസിപ്പൽ അഡ്വൈസറി കമ്മറ്റിയായി നിയമിച്ച്. അഡ്വൈസറി കമ്മറ്റി ചെയർമാൻ കെ .കൃഷ്ണപിള്ള ആയിരുന്നു.പഞ്ചായത്താഫീസ് കൊട്ടിടം നഗരസഭ കാര്യാലയമായി പ്രവർത്തിച്ചു. സ്ഥലപരിമിതിമൂലം നഗരസഭ കെട്ടിടം നിർമ്മിക്കാൻ ആലോചിച്ചു. പഞ്ചായാത്ത് ആഫീസ് കെട്ടിടം മൃഗാശുപത്രിക്ക് വിട്ടുകൊടുക്കാം എന്നുള്ള ഉറപ്പിൻമേൽ പഴയ സത്രം നിന്നിരുന്ന സ്ഥലം നഗരസഭ കാര്യാലയം പണിയുന്നതിനു വേണ്ടി സർക്കാർ വിട്ടുകൊടുത്തു.1972 നഗരസഭ തെരഞ്ഞെടുപ്പ് നടക്കുകയും ഹാജി പി.കെ മുഹമ്മദുകുഞ്ഞ് മാസ്റ്റർ പുനലൂർ നഗരസഭയുടെ ആദ്യത്തെ ചെയർമാൻ ആകുകയും ചെയ്തു. പുതിയ നഗരസഭ കാര്യാലയത്തിന്റെ ശിലാസ്ഥാപനം 3-1-1976ൽ ചെയർമാൻ ശ്രീ.പി. ഒ. തോമസ് വൈദ്യൻ നിർവഹിച്ചു.19-12-1976ൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ .അവുക്കാദർ കുട്ടിനഹയുടെ സാന്നിദ്ധ്യത്തിൽ ബഹുമാനപ്പെട്ട കേരളാ ഗവർണർ ശ്രീ. എൻ. എൻ .വാഞ്ചു പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവഹിച്ചു.
പുനലൂരിന്റെ അരഞ്ഞാൺ
പുനലൂരിന്റെ പ്രകൃതിപരമായ ഇന്നത്തെ അവസ്ഥക്ക് നിദാനം അതിന്റെ നെറുകയിലൂടെ ഒഴുകുന്ന കല്ലടയാറ് തന്നെയാണ്. ഈ നദി ഇതിന്റെ ആരംഭ ദശയിൽ ഗതിമാറി കുറേകൂടി ഉൾപ്രദേശത്തുകൂടി ഒഴുകിയിരുന്നെങ്കിൽ പുനലൂരിനു ഇന്നുള്ളതിന്റെ പകുതിപോലും പ്രാധാന്യമുണ്ടാകില്ലായിരുന്നു. നമ്മുടെ പുനലൂർ പട്ടണത്തിനു വ്യവസായിക പ്രാധാന്യമുണ്ടായ രണ്ട് സ്ഥാപനങ്ങളായിരുന്നു പുനലൂർ പേപ്പർ മില്ലും, ട്രാവങ്കൂർ പ്ലൈവുഡ് ഫാക്റ്ററിയും. ഈ രണ്ട് വ്യവസായങ്ങളും പുനലൂരിൽ ആരംഭിക്കാൻ കാരണം കല്ലടയാറ് തന്നെയാണ്. കല്ലടയാറിന്റെ ഓരത്ത് തടയണക്കെട്ടി പേപ്പർ മില്ലിനു ആവിശ്യമായ വൈദ്യുതിയ്ക്കും ഫാക്റ്ററിയുടെ പ്രവർത്തനത്തിനു ആവിശ്യമായ ജലവും ലഭ്യമാക്കാൻ  കഴിയുമെന്ന ഉൾകാഴ്ച ഉള്ളതുകൊണ്ടാണ്  കലടയാറിന്റെ തീരത്ത് പേപ്പർമിൽ  പണികഴിപ്പിക്കാൻ  റ്റി. ജി. കാമറോൺ എന്ന വിദേശ വ്യവസായിയെ പ്രേരിപ്പിച്ചത്. കേരളത്തിന്റെ  വ്യവസായിക ഭൂപടത്തിൽ പുനലൂരിനു ചരിത്രപരമായ സ്ഥാനം നേടിതന്ന  പുനലൂർ പേപ്പർ മില്ലും ,ട്രാവങ്കൂർ പ്ലൈവുഡ് ഫാക്റ്ററിയും  കല്ലടയാറിന്റെ  നീരൊഴുക്കിൽ തഴച്ച് വളർന്നാതാണ്.പുനലൂർ പട്ടണത്തെ കീറിമുറിച്ച് ഈ നദികടന്നുപോകുന്നത് കൊണ്ടാണ് വിസ്മയ കാഴ്ചയുടെ പട്ടികയിൽ  അപൂർവ്വങ്ങളിൽ അപൂർവ്വമായ തൂക്കുപാലം ദേശിയതലത്തിൽ ഇടംനേടിയത്. കല്ലടയാറ് തന്നെയാണ്  പുനലൂരിന്റെ അടിസ്ഥാനപരമായ എല്ലാപ്രാധാന്യത്തിനും  ,വികസനത്തിനും  കീർത്തിക്കും കളമൊരുക്കിയത്. തെന്മലക്ക് സമീപമുള്ള പരപ്പാറിൽ വെച്ച് കുളുത്തുപ്പുഴയാറ്, ചെന്തരുണിയാറ്, കഴുതുരുട്ടിയാറ്, എന്നിവ ഒന്നു ചേർന്നാണ് കല്ലടയാറ് രൂപപ്പെടുന്നത്.എന്നാൽ കല്ലടയാറിന്റെ പ്രഭവ സ്ഥാനം കുളുത്തുപ്പുഴ മലയിൽ നിന്നും ഉത്ഭവിക്കുന്ന കുളുത്തുപ്പുഴ ആറുതന്നെയാണ്.
തമിഴ് നാട്ടിലെ ചെങ്കോട്ട ഫോറസ്റ്റ് ഡിവിഷനിൽ‌പ്പെട്ട പാവനാശം റേഞ്ചിലെ കരിമലക്കടയ്ക്കൽ നിന്നും ആരംഭിക്കുന്ന പോങ്ങുമല ഭാഗത്തുനിന്നാണ് കുളുത്തുപ്പുഴ ആറ് ഉത്ഭവിക്കുന്നത്. വളരെ ചെറിയ ഒരു കൈത്തോടായിട്ടാണ് ഇതിന്റെ പ്രഭവ സ്ഥാനം കാണപ്പെടുന്നതെങ്കിലും ശക്തമായ നീരൊഴുക്കിന്റെ ഓജസും പ്രൌഡിയും കുളൂത്തുപ്പുഴ ആറിൽതന്നെ ദൃശ്യമാണ്. ഈ കൊച്ചരുവി മൈലമൂട്ടിൽ നിന്നും പടിഞ്ഞാറോട്ടോഴുകി കാലൻ കുന്നിൽ വെച്ചാണ് ചെന്തരുണിയാറുമായി വിലയം പ്രാപിക്കുന്നത്. കൊളുത്തുപ്പുഴയാറ് ചെന്തരുണിയാറിൽ ഒരുമിക്കുന്നതിനു മുൻപ് തന്നെ അനേകം കൈവഴികൾ ഇതിൽ വന്നു ചേരുന്നുണ്ട്. ആദിവാസികളുംതദ്ദേശവാസികളും പേരിട്ടുവിളിക്കുന്നതും അല്ലത്തതുമായ നിരവധി കൊച്ചാരുവികൾ ഈ ഭാഗത്ത് ഒലിച്ചിറങ്ങി ലയിച്ചുചേരുന്നുണ്ട്. മൂർത്തിമല,പടിക്കാട്ടുമല, കോട്ടവാസൽതേരി, പിള്ളയാർ ,കോവിൽമല, സുവർണ്ണഗിരിമല,തുടങ്ങിയ കൊച്ചരുവികൾ ചെന്തരുണിയാറിൽ എത്തുന്നതിനു മുൻപുതന്നെ കുളുത്തുപ്പുഴയാറിനു കനം പകരുന്ന കാട്ടാറുകളായാണ് പരിലസിക്കുന്നത്. പരപ്പാറിൽ എത്തുന്നതോടുകൂടി കല്ലടയാർ എതാണ്ട് പൂർണ്ണതവന്ന യുവതിയുടെ ആകർഷണിയതയും പ്രസരിപ്പും കൈവരിക്കുകയാണ്.ഒരു പക്ഷേ ഈ പ്രസരിപ്പായിരിക്കണം തെന്മലയിൽ പരപ്പാർ ഡാം പണിയുന്നതിനു പ്രേരകാമായി തീർന്നത്. ജലം സംഭരിക്കാനുള്ള നൈസർഗ്ഗികമായ മലയിടുക്കുകളാ‍ണ് ഡാം പണിയുന്നതിനു തെരഞ്ഞെടുക്കപ്പെടുന്നത്. ഉറുകുന്നിനു രണ്ട് കിലോമീറ്റർ കിഴക്ക് “ലുക്ക് ഔട്ട് “ എന്നപേരിൽ രണ്ട് ദശാബ്ദങ്ങൾക്ക് മുൻപ് അറിയപ്പെടാൻ തുടങ്ങിയ ഭാഗത്ത് എത്തുമ്പോഴേക്കും കല്ലടയാർ രണ്ട് കൈവഴികൾക്കുകൂടി ജന്മം നൽകുകയാണ്. ഇടതുകനാലും ,വലതുകനാലും. പരപ്പാർ ഡാമിന്റെ വിവിധോദ്ധേശ പദ്ധതിയുടെ ഭാഗമായി കൃഷി ആവിശ്യത്തിനായി ഇവിടെ വെച്ച് കല്ലടയാറിനെ രണ്ടായി തിരിച്ച് വിടുകയാണ്.ഇതിൽ വലതുകനാൽ കറവൂർ പുന്നല ഭഗത്ത് കൂടിയും, ഇടതുകനാൽ  കരവാളൂരിനും മാവിളയ്ക്കുമിടയിൽ പുനലൂർ അഞ്ചൽ റോഡിനു കുറുകെയും ഒഴുകിപോകുന്നത് നാം ശ്രദ്ധിച്ചിട്ടുണ്ടാവും. പിന്നീട് അനേകം കൈവഴികളായി ഈ കനാൽ കൊല്ലം ,പത്തനംതിട്ട ജില്ലകളിലെ കൃഷിയിടങ്ങളിൽ കുളിരുപകരുന്നു എന്നു അറിയിമ്പോൾ കല്ലയാറിന്റെ പുണ്യം പുനലൂരിന്റെ മത്രമല്ലന്നു നാം തിരിച്ചറിയുന്നത്.
കല്ലയാറിന്റെ പ്രഭവസ്ഥാനം മുതൽ  അഷ്ടമുടിക്കായലിൽ എത്തുന്നത് വരെ എതാണ്ട് 75 കി.മീ. നീളമാണ് കണക്കാക്കയിരിക്കുന്നത്. 44 നദികൾ ഈ കൊച്ചുകേരളത്തിൽ കിഴക്കുനിന്നു പടിഞ്ഞാറോട്ട് ഒഴുകി മറയുന്നു. ചരിത്രസംഭവങ്ങൾക്ക് മൂകസാക്ഷിയാകാനും ,ചരിത്രയാഥാർത്ഥ്യങ്ങൾക്ക് കാരണഭൂതമാകാനും കഴിയുന്ന നദികൾ അപൂർവ്വമാണ്. പലതും നദികളായി തന്നെ ഒഴുകിമറയുകയാണ്. എന്നാൽ കല്ലടയാറിന്റെ പ്രാധാന്യം ചരിത്രരേഖകളിലും ചരിത്രവിസ്മയങ്ങളിലും സ്ഥാനം പിടിച്ചതിൽ ഏറേ അഭിമാനിക്കാൻ കഴിയുന്നത് പുനലൂർ പട്ടണത്തിനാണ്. ഒരു പട്ടണത്തിന്റെ നടുവിലൂടെ ഒരിക്കലും വറ്റാത്ത സുന്ദരിയായ ഒരുനദി ഒഴുകുന്നതുതന്നെ അത്യപൂർവ്വമായ പ്രകൃതിയുടെ വരദാനമാണ്. ഈ നന്ദി പുനലൂർ നഗരസഭയുടെ രണ്ടുവില്ലേജുകളുടെ അതിർ വരമ്പുകളാണ്.                                                                                                                                                                                                                                                                                                                                                  
പുനലൂരിലേക്ക് റെയിൽ പാത
പുനലൂർ തീവണ്ടിയാപ്പീസ് തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ‌പ്പാത പുനലൂർ വഴിയായിരുന്നു. കാർഷികമായും വ്യാവസായികമായും അതിപ്രാധാന്യമുണ്ടായിരുന്ന ഈ ഭൂപ്രദേശങ്ങളിലൂടെ പശ്ചിമഘട്ടത്തിനു് ഇരുവശത്തേക്കും കേരളവും തമിഴ്നാടുമായി യാത്രാസൌകര്യം ഒരുക്കുന്നതിനു് ഈ പാത നിർണ്ണായകമായിത്തീർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണു് കൊല്ലത്തുനിന്നും പുനലൂർ - ഇടമൺ- ഭഗവതിപുരം - ചെങ്കോട്ട വഴി തിരുനെൽ‌വേലി വരെ മീറ്റർഗേജ് വീതിയിൽ ഈ പാത നിർമ്മിക്കപ്പെട്ടതു്. ദുർഘടമായ മലമ്പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന പാതയ്ക്കു് അന്നത്തെ കണക്കിൽ 1,12,65,637 രൂപയായിരുന്നു നിർമ്മാണച്ചെലവു്. തൂത്തുക്കുടി തുറമുഖത്തുനിന്നും പത്തേമാരിയിൽ തീവണ്ടിയുടെ എഞ്ചിൻ കൊല്ലം കൊച്ചുപിലാംമൂടു് തുറമുഖത്തെത്തിച്ചു. പിന്നീടു് ഭാഗങ്ങൾ ഓരൊന്നായി വേർപ്പെടുത്തി കാളവണ്ടിയിൽ കയറ്റി പുതുതായി നിർമ്മിക്കപ്പെട്ട കൊല്ലം റെയിൽ‌വേ സ്റ്റേഷനിൽ എത്തിച്ച് കൂട്ടിയോജിപ്പിച്ചു. 1904 ജൂൺ 1നു് ആദ്യത്തെ തീവണ്ടി കൊല്ലം മുതൽ പുനലൂർ വരെ ഓടിച്ചു.
രാജ്യത്തെ എല്ലാ മീറ്റർഗേജ് (1000mm) പാതകളും ബ്രോഡ്‌ഗേജ് (1676mm) ആക്കി നവീകരിക്കുന്ന യുണിഗേജ് പദ്ധതിയനുസരിച്ച് ക്രമേണ ഈ പാതയും പരിഷ്ക്കരിക്കപ്പെടുകയാണു്. ആദ്യഘട്ടം പൂർത്തിയായപ്പോൾ 2010 മേയ് 12നു് കൊല്ലം-പുനലൂർ പാതയിൽ ഗതാഗതം പുനരാരംഭിച്ചു. മീറ്റർഗേജായി ശേഷിച്ചിരുന്ന 45 കിലോമീറ്റർ ദൈർഘ്യമുള്ള പുനലൂർ -ചെങ്കോട്ട പാതയിൽ 2010സെപ്റ്റംബർ 20 മുതൽ ഗതാഗതം നിർത്തലാക്കി. പർവ്വതപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ യാത്രാമാർഗ്ഗം പുനർനിർമ്മാണപ്രവർത്തനങ്ങൾക്കുശേഷം വീണ്ടും ആരംഭിക്കുന്നതു് പുതിയ ബ്രോഡ്‌ഗേജ് പാതയിലൂടെയായിരിക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ ദക്ഷിണകേരളത്തിലെ സാമ്പത്തിക സാമൂഹ്യചരിത്രത്തിൽ ഗണ്യമായ ഒരു പങ്കുവഹിച്ചിട്ടുള്ള ഈ തീവണ്ടിപ്പാതയുടെ മൂലരൂപം അതോടെ കേവലചരിത്രമായിമാറും.
തൂക്കുപാലം
മലയോര പട്ടണമായ പുനലൂരിൽ ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം ഒരു എഞ്ചിനിയേറിങ്ങ് അത്ഭുത്മാണ്.തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്താണ് പുനലൂരിൽ തൂക്കുപാലത്തിനുള്ള ആവശ്യവും ആശയവും ഉടലെടുത്തത്. അന്ന് മദ്രാസ് ഗവർണർ തിരുവിതാംകൂർ സന്ദർശനവേളയിൽ തിരുവിതാംകൂറിന്റെ പലഭാഗത്തും ഗവർണ്ണർ ധ്വര എത്തിചേർന്നു.പ്രകൃതിരമണീയമായ പുനലൂരിന്റെ ഇരുകരകളെയും ഒന്നിപ്പിക്കണമെന്ന് അദ്ദേഹം ആയില്യം തിരുനാളിനോട് നിർദ്ദേശിച്ച്. അന്ന് തിരുവിതാംകൂർ ദിവാൻ ടി മാധവറാവുവിനെ വിവരം ധരിപ്പിക്കുകയും  ചെയ്തു. അദ്ദേഹം സ്കോട്ട്ലന്റു കാരനായ എഞ്ചിനിയർ ആൽബെർട്‌ ഹെൻട്രിയുമായി പുനലൂർ സന്ദർശിച്ച് ചർച്ചനടത്തുകയും തൂക്കുപാലത്തിന്റെ നിർമ്മാണ മേൽനോട്ടം ഏൽപ്പിക്കുകയും, 1872-ൽ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 2212 ദിവസം നീണ്ടുനിന്ന പാലംപണിക്ക്  1872 മുതൽ 1877 വരെ പ്രതിദിനം 200ൽപരം തൊഴിലാളികൾ പണിയെടുത്തിരുന്നു. 3ലക്ഷം രൂപയാണ് നിർമ്മാണചെലവ്. കല്ലടയാറിന്റെ ഇരുകരകളിലുമായി വളർന്നുവന്ന പുനലൂർ പട്ടണത്തിന്റെ ചരിത്രനാൾവഴികളിൽ സുപ്രധാന പങ്കുവഹിച്ച തൂക്കുപാലത്തിന്റെ നിർമ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിനു വളരെയേറെ സഹായകമായി. ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുമെങ്കിലും പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ്‌ കല്ലടയാർ. അതിനാൽ തൂണുകളിൽ കെട്ടിപടുക്കുന്ന സാധാരണ പാലം ഇവിടെ പ്രായോഗികമല്ല എന്നു നിരവധി പരിശ്രമങ്ങളിലൂടെ ബോധ്യമാവുകയും അതുവഴി തൂക്കുപാലമെന്ന ആശയത്തിലേക്ക് എത്തിചേരുകയുമാണുണ്ടായത് .1877ൽ പണിപൂർത്തിയാക്കി  അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത് . തെക്കേ ഇന്ത്യയിലെ ഒരേയൊരു തൂക്കുപാലമാണിത്
ഈ തൂക്കുപാലം 2 തൂണുകൾ കൊണ്ട് താങ്ങിയിരിക്കുന്നു. വാഹനഗതാഗതത്തിന് മുൻപ് ഈ തൂക്കുപാലം ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ഇത് ഒരു സ്മാരകം ആയി നിലനിർത്തിയിരിക്കുന്നു. (ഇന്ന് ഈ പാലത്തിലൂടെ വാഹനഗതാഗതം ഇല്ല). പാലത്തിന്റെ നിർമ്മാണം 6 വർഷം കൊണ്ടാണ് പൂർത്തിയായത്.

പാലത്തിന്റെ പ്രത്യേകതകൾ

കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട്‌ കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ പൂർണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ ചട്ടകൂടുകളിലുറപ്പിച്ച തേക്ക്തടി പലകകൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുൾപ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ കൗതുകകരം തന്നെയാണ്‌.
20 അടിയോളം വീതിയും നാനൂറ്‌ അടിയോളം നീളവുമുള്ള തൂക്ക്‌ പാലത്തിലൂടെ തമിഴ്‌നാട്ടിൽ നിന്നുമുള്ള കച്ചവടസംഘങ്ങൾ നിരവധി വന്നുപോയി മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്ക്കാ‍രം കൂടുതൽ ബലപ്പെടുകയും ചെയ്തു.
കാളവണ്ടികൾക്കും, കുതിരവണ്ടികൾക്കും ശേഷം മോട്ടോർ വാഹനങ്ങളും ഈ പാലത്തിലൂടെ ഗതാഗതം നടത്തിയിട്ടുണ്ട്. പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നതുകൊണ്ട് ഗതാഗതം മുഴുവൻ ആ പാലത്തിലേക്ക് മാറി. എന്നിരുന്നാലും കേരള വാട്ടർ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാൻ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റൻ പൈപ്പുകൾ പൊട്ടിയൊലിച്ച്‌ വാർന്ന ക്ലോറിൻകലർന്ന ജലംമൂലം വർഷങ്ങൾ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന തേക്ക്‌ തടിതട്ടിനും, കൂറ്റൻ ചങ്ങലക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ (ഇത്‌ പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ) ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു, തടിത്തട്ടിൽ ഇരുമ്പ്‌ പട്ട പിടിപ്പിച്ച്‌ കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌ നാശോന്മുഖമായിരിക്കുന്നു. കരിങ്കൽ തൂണുകളിലെ വിടവുകളിലുള്ള ആൽമരത്തൈകൾ കരിച്ചുകളഞ്ഞെങ്കിലും പിന്നെയും വളർന്നുവരുന്നുണ്ട്. സാംസ്കാരികപ്രവർത്തകരുടെ നിരന്തര ഇടപെടലുകൾക്കും നിരവധി നിവേദനങ്ങൾക്കുമൊക്കെ ഒടുവിൽ പുരാവസ്തുവകുപ്പ്‌ പാലത്തിന്റെ ഉടമസ്ഥതയേറ്റെടുത്തതോടെ പാലത്തിന്റെ നടുവിലൂടെയുണ്ടായിരുന്ന ജലവിതരണക്കുഴൽ മാറ്റി സ്ഥാപിക്കപ്പെട്ടു. പുരാവസ്തുവകുപ്പിന്റെ മേൽനോട്ടത്തിൽ കുറേകൂടി മെച്ചപ്പെട്ട രീതിയിൽ നവീകരണവും ശക്തിപെടുത്തലുമൊക്കെ നടത്തിയത്‌ തൂക്കുപാലം സംരക്ഷിക്കപ്പെടേണ്ട ഒരു സ്മാരകമാണെന്ന ബോധം തദ്ദേശവാസികളിൽ സൃഷ്ടിക്കാനായി.
വ്യവസായം
കേരളത്തിന്റെ വ്യവസായിക ഭൂപടത്തിൽ പുനലൂരിനു മുഖ്യമായ സ്ഥാനമാണ് ഉണ്ടായിരുന്നത്.പുനലൂരിൽ പ്രവർത്തിച്ചിരുന്ന പേപ്പർമിൽ ,പ്ലൈവുഡ് കേരളത്തിലെ വൻകിടവ്യവസായ സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ടവയായിരുന്നു.ആഗ്രോ ഫ്രൂട്ട്സ് പ്രോടക്സ് മറ്റൊരു പ്രധാന വ്യവസായ സ്ഥാപനമാണ്.1943ൽ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരജാവ് ട്രാവൻകൂർ പ്ലൈവുഡ് ഫാക്റ്ററീ സ്ഥാപിച്ച് .എന്നാൽ ഇന്നു പുനലൂർ വ്യവസായങ്ങളുടെ ശവപറമ്പ് എന്നവിശേഷണമാണ് അക്ഷരാർത്ഥത്തിൽ ശരി. പുനലൂരിലെ വൻകിട വ്യവസായങ്ങളിൽ പ്രധാനപ്പെട്ടത് പുനലൂർ പേപ്പർമില്ലാണ്. 1885ലാണ് ജർമ്മൻകാരനായ റ്റി. ജി. കാമറോൺ പുനലൂർ പേപ്പർമില്ലിന്റെ പണി ആരംഭിക്കുന്നത് . തിരുവിതാംകൂർ ഗവണ്മെന്റിന്റെ പകുതിയോളം ഓഹരിയുമായി ട്രാവൻ കൂർ പേപ്പർമിൽ ലിമിറ്റേഡ് എന്ന കമ്പിനി രജിസ്റ്റർ ചെയ്ത്. ഇംഗ്ലണ്ടിൽ നിന്നും ജർമ്മനയിൽ നിന്നും യന്ത്രങ്ങൾ ഇറക്കുമതി ചെയ്ത് 1888 ൽ മിൽപ്രവർത്തനം ആരംഭിച്ച്. മൂന്നു ഷിഫ്റ്റുകളിൽ തൊഴിലാളികൾ പണിയെടുത്ത് . വാച്ചും ക്ലോക്കും ഒന്നും ഇല്ലായിരുന്ന കാലത്ത് പുനലൂർ പേപ്പർമില്ലിലെ ഊത്തായിരുന്നു പുനലൂരിലെയും പരിസര പ്രദേശങ്ങളിലെയും  നാഴികമണി. 1910 ആയപ്പോഴേയ്ക്കും കമ്പനിയുടെ പ്രവർത്തനം മന്ദീഭവിച്ച്. 1913ൽ നാട്ടക്കോട്ട് ചെട്ടിയാർ വാങ്ങി .പുനലൂർ ലക്ഷ്മി പേപ്പർമിൽ ലിമിറ്റേഡ്  എന്നാക്കി. പിന്നീട് മീനാക്ഷിപേപ്പർമിൽ എന്നപേരിലും രജിസ്റ്റർ ചെയ്ത്. 1927ൽ സാമ്പത്തിക നഷ്ടം മൂലം കുറേക്കാലം പുനലൂർ പേപ്പർമിൽ അടച്ചിടുകയും ചെയ്ത്. 1931ൽ AVM കമ്പിനി പേപ്പർമിൽ ഏറ്റെടുത്തു .എന്നൽ AVM കമ്പിനിക്ക് പേപ്പർമില്ലിന്റെ പ്രവർത്തനം പുരോഗതിയിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. 1937ൽ A&F ഹർവി കമ്പിനി പേപ്പർമിൽ ഏറ്റെടുത്തതോടുകൂടിയാണ് കമ്പിനി ലാഭത്തിൽ പ്രവർത്തിച്ചത്. അന്നത്തെ മാനേജർ നരസിംഹ തിരുവിതാംകൂർ ദിവാൻ സർ സി.പിയുടെ ബന്ധുവായിരുന്നു. സി.പിയുടെ സഹായം പേപ്പർമില്ലിന്റെ അത്ഭുതപൂർവ്വമായ വളർച്ചക്ക് വഴിയൊരുക്കി. 1940ൽ പേപ്പമില്ലിൽ ആദ്യമായി തൊഴിലാളിയൂണിയനുകളുണ്ടായി. ആദ്യം കക്ഷിരാഷ്ട്യത്തിനു അതീതമായിട്ടാണ് തൊഴിലാളിയൂണിയനുകൾ രൂപികൃതമായത്. പിന്നീട് പലപല രാഷ്ടീയ പാർട്ടികളുടെ യൂണിയനുകൾ നിലവിൽവന്നു .
1968ൽ ഹാർവികമ്പിനി പേപ്പർമില്ലിന്റെ ഷെയറുകൾ വിൽക്കാൻ തുടങ്ങി.ബഹുഭൂരിപക്ഷം ഷെയറുകൾ വാങ്ങികൂട്ടിയത് ഉത്തർ പ്രദേശ്ക്കാരനായ L.N ഡാൽമിയാണ്. അങ്ങനെ മില്ല്  L.N ഡാൽമിയായുടെ ഉടമസ്ഥതയിലേക്ക് പോയി. സാമ്പത്തികവിദഗ്ധനും കുശാഗ്രമുദ്ധിയും എന്തും വെട്ടിപിടിക്കാനുള്ള ത്വരയും L.N ഡാൽമിക്ക് ആവോളമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ, ആംഗ്ലോഇന്ത്യൻസ് ,തമിഴ്നാട്ടിലെ ബ്രാമണരും ചെട്ടിയാർമാരുമായിരുന്നു  മറ്റു ഓഹരിയുടമകൾ മലയാളമനോരമയുടെ സ്ഥപകൻ കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ പിതാവ് കണ്ടത്തിൽ ഈപ്പൻ അന്നത്തെ 500 രൂപയുടെ ഓഹരിവാങ്ങിയിരുന്നു ഇതുമാത്രമാണു മലയാളിക്ക് പേപ്പർമില്ലിന്റെ ഓഹരിയിലുള്ള ആകബന്ധം .ഇവരെയെല്ലം  വരുതിക്ക് നിർത്താൻ L.N ഡാൽമിക്ക് കഴിഞ്ഞ്. ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഡാൽമിയ ജെയ്ൻ ഗ്രൂപ്പാണ് ( Times of india, Dalmia ciments, ഗോൾഡൻ ടുബാക്കോ ,ഓറിയന്റൽ പേപ്പർമിൽ) പേപ്പർമിൽ ഏറ്റടുത്തത് എന്നു നാട്ടുകാരും തൊഴിലാളികളും  നേതാക്കളും ധരിച്ച്. ലക്ഷ്മിനിവാസ് ഡാൽമിയ എന്ന   L.N ഡാൽമിക്ക് ഇത്തരത്തിലുള്ള ഒരു മില്ല് ഏറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. പേരിന്റെ പിന്നിലെ ചതിക്കുഴി  ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇടക്കൊക്കേ lay off  പ്രഖ്യാപിച്ചും  ഇരുപത് വർഷം L.N ഡാൽമിയ മിൽ നടത്തിക്കൊണ്ട്പോയി ഈ കാലയളവിൽ ഇതുപോലുള്ള 4 മില്ലുപണിയാനുള്ള സമ്പത്തും ഇതിൽ നിന്നുണ്ടാക്കി. പേപ്പർമില്ലിന്റെ നവീകരണമെന്ന വിപുലമായ പദ്ധതി L.N ഡാൽമിയ തയ്യാറാക്കുമ്പോൾ തൊഴിലാളികളും നാട്ടുകാരും സന്തോഷിച്ച്. ICICI ബാങ്ക്, കനാറബാങ്ക്  എന്നിധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കോടികണക്കിനു രൂപ 1985ൽ കടമെടുത്ത്  തന്റെ ജന്മസ്ഥലമായ ഉത്തർ പ്രദേശിലേക്ക് മടങ്ങി. 1987 വരെയുള്ള രണ്ടുമൂന്നു വർഷം പേപ്പർമില്ലിന്റെ അന്തരീക്ഷം സംഘർഷപൂരിതമായിരുന്നു.തൊഴിലാളി സഘടനകളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്യീയ തന്ത്രവും ഡാൽമിയ പയറ്റിനോക്കി.  1988ൽ മില്ലിന്റെ ശതാബ്ദി ആഘോഷിക്കാനിരുന്ന  ജനങ്ങൾക്ക് പേപ്പമില്ലിന്റെ ഗേറ്റടയ്ക്കുന്ന കാതടപ്പിക്കുന്ന ശബ്ദമാണ് പുനലൂർ പട്ടണം കേട്ടത്.
പുനലൂരിന്റെ ഗതാഗത ചരിത്രം.
ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാൽ കാളവണ്ടികൾ പോകുന്ന ചെമ്മൺ നിരത്തുകളാണ് ഇന്നു കാണുന്ന പുനലൂർ പട്ടണത്തിൽ ഉണ്ടായിരുന്നത്. 1948ൽ രണ്ട് ബസ്സുമായി ട്രാൻപോർട്ട് ബസ് സ്റ്റേഷൻ ആരംഭിച്ചത് മുതലാണ് ഇത്തരം വാഹനങ്ങളിൽ കയറി യാത്രചെയ്യമെന്ന ധാരണയെങ്കിലും നമ്മുടെ പൂർവ്വീകർക്കുണ്ടായത്. അതിനു മുൻപ് കാളവണ്ടികളും ,കുതിരവണ്ടികളും മാത്രമേയുണ്ടായിരുന്നുള്ള്. രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യത്തെങ്ങും പെട്രോളിനു കടുത്തക്ഷാമം അനുഭവപ്പെട്ട്. ഈ കാലഘട്ടത്തിൽ ആവികൊണ്ട് പ്രവർത്തിക്കുന്ന ബസ്സുകൾ രംഗത്തുവന്നു. എന്നാൽ 1950കളുടെ തുടക്കത്തിലാണ് ഇത്തരം ബസ്സുകൾ പുനലൂരിൽ എത്തിയത്. നാലുവശവും തുറസ്സായതും യാത്രക്കാർക്ക് ഇരിക്കാൻ പലകൾ ഉറപ്പിച്ചതുമായ ഇത്തരം ബസ്സുകൾ 30 യത്രകാർക്ക് യാത്രചെയ്യുവാൻ കഴിയുമായിരുന്നു. ഈ ബസ്സുകൾ മുന്നിൽ കമ്പികയറ്റി എൻജിൻ  പിടിച്ച് കറക്കിയാണ് സ്റ്റാർട്ട് ചെയ്യുന്നത്.  സ്വകാര്യബസ്സുകളുടെ സർവ്വീസ് ചരിത്രം പരിശോധിച്ചാൽ പീറ്റർ പരേരയുടെ ബർമ്മ സർവ്വീസ് എന്ന ബസ്സാണ് പുനലൂരിൽ ആദ്യമായി സർവ്വീസ് നടത്തിയത്. കൊല്ലത്തുനിന്നു പുനലൂരിലേക്കും പുനലൂരിൽ നിന്നു കൊല്ലത്തേക്കും ഒറ്റസർവ്വീസ് മത്രമായിരുന്ന് ഉണ്ടായിരുന്നത്. പിന്നീട് സദാനന്ദപുരം ആശ്രമത്തിലെ സ്വാമിയുടെ കൊല്ലം കുളുത്തുപ്പുഴ ബസ് സർവ്വീസ് ആരംഭിച്ച്. ഇന്നു പുനലൂരിൽ പ്രവർത്തിക്കുന്ന HHYS പെട്രോൾ പമ്പിന്റെ ഉടമകളായ ഹജി ഹസ്സൻ,യാക്കൂബ് ,സേട്ട് എന്നിവരാണ് പുനലൂരിൽ ആദ്യമായി പെട്രോൾ പമ്പ് ആരംഭിച്ചത്. ഇവരുടെ വകയായി നിരവധി പെട്രോൾ ബസ്സുകളും പുനലൂരിൽ സർവ്വീസ് നടത്തിയിരുന്നു.
പുനലൂരിന്റെ വിദ്യാഭ്യാസ ചരിത്ര പശ്ചാത്തലം
ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭദശയിൽത്തന്നെ പുനലൂരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരഭിക്കുന്നതിന്റെ ആവിശ്യം പലകോണുകളിൽനിന്നും ഉയർന്നു. ഈ ആവിശ്യത്തിന്റെ പശ്ചാതലത്തിലാണ് താലൂക്ക് തഹസിൽദാർ എൻ .അച്ചുതൻപിള്ള രക്ഷാധികാരിയായി 1915ൽ താലൂക്ക് സമാജം രൂപികരിക്കുന്നത്.മാത്ര താഴേതിൽ കൊച്ചുകുഞ്ഞുപിള്ള പ്രസിഡന്റും പുനലൂർ കോടതിയിലെ അഭിഭാഷകനായിരുന്ന കൊച്ചുനാരയണപിള്ള സെക്രട്ടറിയും ആയിരുന്നു.തലൂക്ക് സമാജത്തിന്റെ പ്രഥലക്ഷ്യം വിദ്യാഭ്യാസ വളർച്ചയായിരുന്നു. 1918ൽ താലൂക്ക് സമാജം വക ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ച്. പ്രിപ്പറേഷൻ ക്ലാസിൽ ഒന്നാമതായി ചേർന്നത്  കരവാളൂർ എരിച്ചിക്കൽ വീട്ടിൽ പരമേശ്വരൻ പിള്ളയായിരുന്നു.പിന്നീട് മറ്റ് ഒൻപത് വിദ്യാർത്ഥികൾ കൂടി ചേർന്നതോടെ അദ്ധ്യയനം ആരഭിച്ച്. സമാജം സ്കൂളിന്റെ ആദ്യത്തെ അദ്യാപകനും ഹെഡ്മാസ്റ്ററും പി. ചെല്ലപ്പാപിള്ള ആയിരുന്നു. പുനലൂരിന്റെ കിഴക്കേക്കരയിൽ 1932ൽ തലൂക്ക് സമാജം ആരംഭിച്ചതാണ് പുനലൂരിലെ ആദ്യത്തെ പൂർണമായ സ്കൂൾ.പിന്നീട് 1961ൽ പുനലൂർ ഗേൾഹൈസ് സ്കൂളും 1962 ൽ ചെമ്മന്തൂർ ഹൈസ് സ്കൂളൂം സ്ഥാപിക്കപ്പെട്ട്. 1943ൽ മാധവ വിലാസം സംസ്കൃത സ്കൂൾ എന്ന പേരിൽ പുനലൂരിൽ ഒരു സംസ്കൃത സ്കൂൾ ആരംഭിച്ച്. ഇതിന്റെ മാനേജർ കെ .മാധവൻ ആയിരുന്നു.എസ്.എൻ.ഡി.പി യൂണിയന്റെ പുനലൂരിലെ പഴയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പുനലൂർ പേപ്പർമിൽ മാനേജരായിരുന്ന നരസിംഹ അയ്യരും കെ .മാധവനും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. നരസിംഹ അയ്യരുടെ സഹായത്തോടുകൂടി പുനലൂരിൽ നാമമാത്രമായി  പ്രവർത്തിച്ചിരുന്ന സംസ്കൃത സ്കൂൾ വാളക്കോട്ടേക്ക് മാറ്റുന്നതിനും ഹൈസ്കൂളായി ഉയർത്തുന്നതിനും സാധിച്ച്. നരസിംഹ അയ്യരോടുള്ള പ്രത്യുപകാരമെന്ന നിലയിൽ മാധവവിലാസം സ്കൂൾ എന്ന പേരുമാറ്റി നരസിംഹവിലാസം സ്കൂൾ എന്നാക്കുകയും ചെയ്ത്. പുനലൂരിലെ പ്രഥമ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ശ്രീനാരയണ കോളേജ്. പൊതുവെ പിന്നോക്ക വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഒരു പ്രദേശത്ത് ഉന്നതവിദ്യാഭ്യാസത്തിനു യാതൊരു മാർഗ്ഗവും ഇല്ലായിരുന്ന കാലത്താണ് പുനലൂരിൽ കോളേജ് ആരംഭിക്കുന്നത്. 1964ൽ പത്തനാപുരം തലൂക്ക് എസ്. എൻ. ഡി.പി യുടെ ആഭിമുഖ്യത്തിൽ കോളേജ് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ച് 1965ൽ കോളേജിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ശ്രീരാമവർമ്മപുരം മാർക്കറ്റ്
കച്ചവടത്തിനു വേണ്ടി കടൽ കടന്നെത്തിയ വിദേശിയർക്ക് കേരളത്തിലെ മലയോര ഗ്രാമങ്ങൾ വളരെ പ്രിയങ്കരമായിരുന്നു . അത്തരത്തിലുള്ള ഒരു മലയോര ഗ്രാമമായിരുന്നു പഴയ കാലത്ത് പുനലൂർ പ്രദേശം. കൃഷിഉൾപന്നങ്ങൾ കൊടുത്ത് പകരം കൃഷി ഉല്പന്നങ്ങൾ വാങ്ങി ഉപജീവനം നടത്തിപ്പോന്ന  ജനവിഭാഗമായിരുന്നു പഴയ കാലത്തുണ്ടായിരുന്നത്. മലഞ്ചരക്കുകളുടെയും ,സുഗന്ധ ദ്രവ്യങ്ങളുടെയും പ്രാധാന്യം നമ്മുടെ ജനങ്ങൾക്ക് ബോധ്യപ്പെടുന്നതുതന്നെ വിദേശികളുടെ വരവോട്കൂടിയാണ്. അവർ കൊണ്ടുവന്ന തുണിത്തരങ്ങളും മറ്റും വലിയ കൌതുകത്തോടെയാണ് നമ്മുടെ പൂർവികർ നോക്കിക്കണ്ടത്. ഈ കൌതുകം മുതലെടുക്കുന്നതിനുള്ള ബുദ്ധിയായിരുന്നു കച്ചവട  കണ്ണുള്ള വൈദേശികന്റെ കൈമുതൽ .ഇത്തരത്തിലുള്ള ചൂഷ്ണത്തിനു വളരെ കാലം മൂകസാക്ഷി ആകണ്ടിവന്നു പ്രാചീന വ്യാപര വിപണനകേന്ദ്രമായ പുനലൂരിലെ ശ്രീരാമവർമ്മപുരം മാർക്കറ്റിനു. രാമപുരം മാർക്കറ്റ് എന്നായിരുന്നു ആദ്യത്തെ പേര്. കൊല്ലം ജില്ലയിലെ ഏറ്റവും കൂടുതൽ കാർഷിക ഉൾപ്പന്നങ്ങൾ വിറ്റുവന്നത് പുനലൂർ രാമപുരം മാർക്കറ്റ് വഴിയാണ്.ചുക്കും, കുരുമുളകും മറ്റുസുഗന്ധ ദ്രവ്യങ്ങളും ഒരു കാലത്ത് കുതിരപുറത്തും കാളവണ്ടിയിലും അതിനു ശേഷം ട്രൈനിലും ബോബെ, കൽക്കട്ട ,മദ്രാസ് തുടങ്ങിയ പ്രമുഖ പട്ടണങ്ങളിൽ കൊണ്ടുപോയി വ്യാപരം നടത്തി പ്രശസ്തി പിടീച്ച് പറ്റിയിരുന്നു.ഇവിടെ ഉണ്ടാകുന്ന മാമ്പഴവും, കൈതചക്കയും ,പ്ലാചക്കയും ,അടയ്ക്കായും മദ്രാസിൽ കൂടുതൽ വിറ്റഴിച്ചിരുന്നു. വെറ്റില കമ്പോളത്തിലെ ഒരു വാണിജ്യ വിഭവമായിരുന്നു. ഇഞ്ചികൃഷി മുൻപന്തിയിൽ നിന്നിരുന്നു. പൈനാപ്പിൾ ഇവിടെ സമൃദ്ധിയായി കൃഷിചെയ്തിരുന്നു. ഇവിടെനിന്നും പൈനാപ്പിൾ ഇന്ത്യയുടെ പലഭാഗങ്ങളിലും അയച്ചിരുന്നു. ഔഷദ സസ്യകൃഷിയും അതിപുരാതന കാലം മുതലെ ഇവിടെ നിലനിന്നിരുന്നു. കുറുന്തോട്ടി,രാമച്ചം, മുത്തങ്ങ ,ആടലോടകം ,അമൽ പൊരി,വേപ്പ്,അശോകം ,ഞെരിഞ്ഞിൽ, നെല്ലി,കറ്റാർവാഴ ബ്രഹ്മി ഇവ വളരാൻ പറ്റിയ കാലാവസ്ഥയാണുള്ളത്.  ചരിത്രപരമായ പ്രധാന്യത്തോടൊപ്പം  വൃത്തിയുടെ കാര്യത്തിലും പുനലൂരിലെ രാമപുരം മാർക്കറ്റ് പേരുകേട്ടാതായിരുനു. ഒരു പക്ഷേ മലഞ്ചരക്കുകളും ,സുഗന്ധ ദ്രവ്യങ്ങളും പ്രധാനപ്പെട്ട വിൽ‌പ്പനച്ചരക്കുകൾ ആയതുകൊണ്ട്  വിദേശികളെ ആകർഷികക്കേണ്ട ആവിശ്യമുള്ളത് കൊണ്ടായിരിക്കും വൃത്തി അനിവാര്യമയിരുന്നത്.
സംസ്ക്കാരം
മനുഷ്യസമൂഹത്തിന്റെ  ആയിരകണക്കിനു വർഷത്തെ ജീവിതാനുഭവങ്ങളിൽ നിന്ന് സ്ഫുടം ചെയ്തെടുത്തതാണ് ഇന്നു കാണുന്ന ധാർമ്മിക സാംസ്ക്കാരിക മൂല്യങ്ങൾ.ആദിമ മനുഷ്യനും ആധുനിക മനുഷ്യനുമിടയിൽ ഒരു തുടർച്ചയും അതേസമയം  ഗുണപരമായ ഒരു വ്യതിയാനവും ഉണ്ട്. അദ്ധ്വാനവും ഭാഷയുമാണ് മനുഷ്യനെ രൂപപ്പെടുത്തിയത്. മനുഷ്യന്റെ അറിവുകളും ,ചിന്തകളും,വികാരൺഗളും ,കലകളും ,ധർമ്മ മൂല്യങ്ങളും, ആചാരങ്ങളും ,അനുഷ്ടാനങ്ങളും ചേർന്നാണ് സംസ്ക്കാരം രൂപപ്പെടുന്നത്. കേരളത്തിലെ ശ്രദ്ധേയമായ കലാ സാംസ്ക്കാരിക കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പുനലൂർ. കലാ കായിക സാഹിത്യ രംഗത്ത് എണ്ണമറ്റ പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് പുനലൂർ .പുനലൂരിലെ കലാ സാഹിത്യ രംഗത്ത് എന്നുമെന്നും ജീവിച്ചിരിക്കുന്ന വ്യക്തികളാണ് കവി പുനലൂർ ബാലനും ശ്രീ.എൻ രാജഗോപാലൻ നായരും സമുദ്രത്തോളം ആഴവും ചക്രവാളത്തോളം പരപ്പുമുള്ള തന്റെ കവിതകളിലൂടെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച മഹാ കവിയാണ് പുനലൂർ ബാലൻ.പുനലൂരിലൂടെ ബാലനും ബാലനിലൂടെ പുനലൂരും പ്രശസ്തിയിലേക്കുയർന്നു.സകലകലാ വല്ലഭനായ ശ്രീ.എൻ . രാജഗോപാലൻ നായർ പുനലൂരിലെ ഒരു കാലഘട്ടത്തിന്റെ നാദവും ,താളവും ആയിരുന്നു.അദ്ദേഹം അവതരിപ്പിച്ച ഇംഗ്ലീഷ് രാമയണം കലാലോകത്ത് ഒരു അത്ഭുതം തന്നെ സൃഷ്ടിച്ചു.അദ്ദേഹത്തിന്റെ കാട്ടുമങ്ക എന്ന മലയാളം കതാപ്രസംഗവും കേരളിയരെ വളരെ ആകർഷിച്ചിരുന്നു. കേരളത്തിന്റെ തനത് കലകളായ ഓട്ടൻതുള്ളൽ ,കഥകളി എന്നിവയുടെ പരിശീലന കളരിയായിരുന്നു ഇവിടെം. നാടക പ്രസ്ഥാനത്തിനു ഒരു പുതിയ അവതരണ  ശൈലി സംഭാവനചെയ്തുകൊണ്ട് സാമൂഹിക പരിവർത്തനത്തിനു കളമൊരുക്കിയ കെ.പി.സി.സി ക്ക് ജന്മം കൊടുത്തത് പുനലൂരിലാണ്.ഇതിന്റെ മുഖ്യശില്പികളാണ് എൻ. രാജഗോപലൻ നായരും, പുനലൂർ ബാലനും. പേപ്പർമിൽ തൊഴിലാളിയായിരുന്ന ശ്രീ.കെ എസ് .ജോർജിനെ വിപ്ലവ ഗായകരിൽ പ്രമുഖനാക്കി വളർത്തിയതും പുനലൂരാണ്.  കെ.പി.സി.സിയുടെ ഗാനവിഭാഗത്തിൽ പ്രധാനിയായിരുന്ന ശ്രീ. രാമസ്വാമി ഭാഗവതർ നാടൻ പാട്ടുകൾ രചിച്ച് സംഗീതാവിഷ്ക്കാരം നടത്തി പാടിയത് ജനങ്ങളെ ഹരം കൊള്ളിച്ചിരുന്ന്. പുനലൂരിന്റെ നാടക ചരിത്രത്തെ കുറിച്ച് പറയുമ്പോൾ ശ്രീ .വി.ടി അപ്പൻ ,പുനലൂർ മുഹമ്മദ് ,എൻ.എ അസീസ് ,എൻ രാധകൃഷ്ണൻ നായർ,കൊന്നമൂട്ടിൽ ബലൻ പിള്ള, മൃദംഗം കേശവൻ,  കാഥികൻ പുനലൂർ തങ്കപ്പൻ എന്നിവരെ മറക്കാൻ പറ്റില്ല. 
സംഗീത നൃത്തരംഗത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് കലാമണ്ഡലം ആർ.എൽ.വി.ഗണേശും ഡാൻസർ ഭാ‍ർഗ്ഗവൻ പിള്ളയും.ഡൽഹിയിൽ നടന്ന പ്രത്യേക ചടങ്ങിലെ മികച്ച ഗാനാലപനത്തിനു   പ്രധാന മന്ത്രി ജവർഹർലാൽ നെഹ്രുവിൽ നിന്നും സ്വർണ്ണ മെഡൽ നേടിയ ശ്രീ.എസ്. ആർ. ത്യാഗരാജൻ ഈ നാടിന്റെ മറ്റൊരു പ്രതിഭയാണ് .സാഹിത്യകാരനായ ശ്രീ.പുനലൂർ അബ്ദുൽ ഖാദർ ഈ പ്രദേശത്തിന്റെ സന്തതിയാണ്. പുനലൂരിന്റെ മണ്ണിൽ നിന്നും ലോക അവാർഡ് വേദിയായ ഓസ്കാറിലേക്ക് ജേതവായി എത്തപ്പെട്ട റസൂൽ പൂക്കുട്ടിയും പുനലൂരിലെ പ്രതിഭനിരയിലെ അവസാന കണ്ണിയാണ്.
 ഒരു മതനിരപേക്ഷ സാംസ്ക്കാരിക പൈതൃകം അവകാശപ്പെടാവുന്ന പ്രദേശമാണ് പുനലൂർ. പുനലൂരിലെ ആദ്യത്തെ ക്ഷേത്രം വഴമൺ ശിവക്ഷേത്രമാണ്. പുരാതന കാലത്ത് എങ്ങുനിന്നോ വന്ന ഒരു ദിവ്യന്റെ സാന്നിത്യമാണ് പുനലൂർ ആലാംഞ്ചേരി മുസ്ലീം പള്ളിക്ക് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ ഖബറിടം പള്ളിക്ക് മുന്നിൽ ഇപ്പോളുമുണ്ട്. ഭരണിക്കാവ് വാർഡിലെ റോമപള്ളിയാണ് പുനലൂരിലെ ആദ്യത്തെ കൃസ്തിയ ദേവാലയം.

വിനോദസഞ്ചാരം 

പുനലൂരിന് അടുത്തുള്ള പ്രശസ്ത വിനോദസഞ്ചാര സ്ഥലങ്ങൾ ആണ് തെൻ‌മല(21 കിലോമീറ്റർ അകലെ), പാലരുവി വെള്ളച്ചാട്ടം (35 കിലോമീറ്റർ അകലെ),അമ്പനാടൻ മലനിരകൾ (40കിലോമീറ്റർ അകലെ )എന്നിവ. അഗസ്ത്യമല വന്യജീവി സംരക്ഷണകേന്ദ്രത്തിന് പടിഞ്ഞാറേ അറ്റത്തായി ആണ് പുനലൂർ സ്ഥിതിചെയ്യുന്നത്. പട്ടണത്തിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ പുനലൂർ പേപ്പർ മിൽ‍സ് (1888ൽ ഒരു ബ്രിട്ടീഷുകാരൻ സ്ഥാപിച്ചത്,  കല്ലടയാറിനു കുറുകെ ഉള്ള പുനലൂർ തൂക്കുപാലം എന്നിവയാണ്. പുനലൂർ മുനിസിപ്പാലിറ്റിയിലെ വിളക്കുവെട്ടത്തിനടുത്തുളള തേൻ പാറ തേനിച്ചകളുടെ കൂടുകളാൽ സമൃദ്ധമാണ്. മനോഹരമായ വനപ്രദേശങ്ങൾ പുനലുരിന് സമീപം ഏറെയുണ്ട്. പലതും പുറംലോകം അധികം അറിയപ്പെടാതെ കിടക്കുന്നു. പുനലൂരിലെ പ്രധാ‍ന കാർഷിക-നാണ്യവിഭവങ്ങൾ റബ്ബർ, കുരുമുളക്, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ്. ഇവിടെ നിന്നും പ്രധാനമായി മലഞ്ചരക്കുകൾ, കൈതച്ചക്ക, കുരുമുളക്, തടി തുടങ്ങിയവ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നു.
ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആണ്. കൊല്ലം-ചെങ്കോട്ട റെയിൽ‌വേ പാതയിൽ ആണ് പുനലൂർ റെയിൽ‌വേ സ്റ്റേഷൻ. കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു് ദേശീയപാത 220'. ഇത് കൊല്ലത് നിന്നും ആരംഭിച്ചു പുനലൂർ വഴി കടന്നു പോകുന്നു. ഇവിടെ നിന്നും കായംകുളം, കുളത്തൂപുഴ, തിരുവനന്തപുരം സംസ്ഥാന പാതകളും ഉണ്ട്.i പുനലൂരിന് അടുത്തുള്ള ചില പ്രധാന സ്ഥലങ്ങൾ കൊട്ടാരക്കര, അഞ്ചൽ, കുളത്തൂപ്പുഴ, പത്തനാപുരം, അടൂർഎന്നിവയാണ്
www.pavapettavan.com

2013, ജൂലൈ 17, ബുധനാഴ്‌ച

അകക്കാമ്പുകൾ


വറുതിമണ്ണിന്റെ നിശ്വാസനീർക്കണം
ചുളുചുളാ കുത്തുന്നു കരളിൽ കഠാരമുള്ളുകൾ.
 ആയിരം കൂരമ്പുകളേറ്റ് പിടഞ്ഞൊടുങ്ങുന്നു
മുഴുക്കാത്തജീവന്റെ പച്ചയാംകടശിയും.

എരിഞ്ഞപകലിന്റെ ദുരിതപ്പെരുവെയിലിലും
കുളിരായൊരോർമ്മപോൽ പകുതിവെന്തുള്ളത്തിൽ
 തെളിവാർന്നൊരാപ്പഴമയിൽ നിറവാർന്ന-
വാഴ്വിൻ നീലാകാശം നിക്കുമിപ്പോഴും.

പച്ചപ്പതമറ്റുപോകാത്തൊരാ കുന്നിൻനെറുകയിൽ
 തളിർവെറ്റില ചവച്ചക്കാലത്തിനോർമ്മകൾപൂക്കുന്നു
നാം തീർക്കാത്ത കടമകളുമായി നിദ്രാടനത്തിന്റെ
സർവ്വാലാസ്യത്തിൽ മയങ്ങിയമരുന്നു.

അച്ഛനെ നെല്ലിപലകമേൽ കുടിയിരുത്തി
അമ്മയെ കാട്ടിലേക്കെറിഞ്ഞിനി
നാട്ടുനീധികൾ പൌരാണിക പ്രമാണങ്ങൾക്കൊരന്തകൻ ,
അമരത്തിരിക്കാനൊരു യോഗിവേണം

 ഓമനേ ..നീയ്യാ നടുമുറ്റമതിൽ
ഇടിമിന്നലായി കരഞ്ഞുവിളിക്കുക.
നെഞ്ചുപിളർക്കേ തേങ്ങുക
വറുതികൊടുങ്കാറ്റടിച്ചെന്നപോൽ
കാറ്റിലുലയുന്ന കാട്ടുതീക്കാളുന്നപോൽ
അഴിച്ചിട്ടന്നിൻ കാർകൂന്തൽ പാറിപറക്കട്ടേ

പേമാരിയും,പ്രളയവുംതിമർത്ത കൺകുഴികളിൽ
എല്ലാഋതുഭേദളും വന്നോടുങ്ങക്കട്ടേ
ഉടുതുണിതുമ്പിനാൽ മുഖംതുടച്ച്
കരൾനീരിനാൽ കൈകഴുകി
കരുതിയപാഥേയമുണ്ടുനി പശിയൊടുക്കാം.

താണ്ടിയവ്യഥ,നേർതളർച്ചയുമാറ്റിനീ നിറച്ചുണ്ണുക
ജനപതമറ്റീ വിജനതയിലൂടെ
ശേഷിച്ച സ്നേഹവും,കരുണയുമെല്ലാനിർവികാരവും
നീ ഓർമ്മക്കായി വെച്ചേക്കുക
നാം തെളിച്ചുപോയതാം വഴിയിതിലെല്ലാം
 പ്രളയാഗ്നിയും മൂടിപോയല്ലോ

വിശപ്പും ദാഹവും വിരഹദുഖവും പുതച്ചു നീ
അവാങ്മുഖിയായിനിക്കുക
ജീവനകാഴ്ചയുടെ പച്ചലഹരിയിൽ നഗ്നനായി
എല്ലാമറിഞ്ഞുമറിയാതെയും
 സരസമായി ജീവിതമൊടുക്കുക

കനകാമ്പരം പൂത്തതും കണീക്കൊന്നപൂത്തതും
 കർക്കിടകവാവും നീ മറന്നേപോകുക
നഗരങ്ങളലഞ്ഞു പൊള്ളിച്ചകൃശപ്പാതമീ
തെരുവോര തണലിൽ വെച്ചേക്കുക.

കുളിർകോരിയ കിനാക്കളിൽനിന്നും
കാഴ്ചയുടെ കൌതുകങ്ങളിൽനിന്നും.
ആദായചെങ്കൽ ചൂളയിൽനിന്നും
മനനം ചെയ്തെടുത്ത ജീവിതചിഹ്നം.

 ശുദ്ധവാഴ്ച്ചതൻ ആത്മനൊമ്പരവും
കൊടും നിശ്വാസങ്ങളുമിനി
 കരയറ്റുപകയ്ക്കും കടൽക്കയത്തിലേക്കെറിയുക.
ആത്മമിത്രമേ... നിന്റെയാ കൊടിക്കൂറകൾ
ഇനിയാ..ബോധിയിലകളീലമരട്ടേ..
www.pavapettavan.com

2013, ഏപ്രിൽ 17, ബുധനാഴ്‌ച

ഇന്ത്യയുടെശാപം

എൻഡോസൾഫാൻ ദുരിത ബാധിതനായി ജനിച്ച് ജീവിതത്തിന്റെ ചെറിയ ആയുസുംകൊണ്ട് മരണത്തിലേക്ക് വേച്ച് നടന്നു കയറിയ അമ്പലത്തറ പാറപ്പള്ളിയിലെ ഷാലുദ്ദീൻ -ഫാത്തിമ ദമ്പതികളുടെ എട്ടുമാസം പ്രായമായ സിനാൻ, ഈ എട്ടുമാസത്തിനിടെ നിരവധി തവണ മെഡികൾ ക്യാമ്പുകളീൽ കൊണ്ടുപോയിട്ടും അച്ചടി ദൃശ്യമാധ്യമങ്ങളിൽ ഈ കുഞ്ഞിന്റെ ദൈന്യത്തിന്റെ വാർത്തവന്നിട്ടും,മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകിയിട്ടും എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റിൽ ഈ കുഞ്ഞിനെ നാണംക്കെട്ട ഇവിടെത്തെ ഉദ്ദ്യോഗസ്ഥ തെമ്മാടികൾ ഉൾപ്പെടുത്തിയില്ല. ഏപ്രിൽ അഞ്ചിനു ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് ഉപ്പയോടും ഉമ്മയോടും ഇനി അവന്റെ ദുരിതം പേറണ്ടായെന്നു പറഞ്ഞു കരുണയറ്റവരുടെ ലോകത്തുനിന്നും അവൻയാത്രയായി. കുഞ്ഞുമരിച്ചുകഴിഞ്ഞു അവന്റെ ദുഖത്തിൽനിന്നും കുടുംബം കരകയറുന്നതിനുമുന്നേ ഉദ്യോഗസ്ഥ പരിഹാസത്തിന്റെ നിർദ്ദയഭാവം കത്തിന്റെ രൂപത്തിൽ ചൊവ്വാഴ്ച ജില്ലാ മെഡികൾ ഓഫിസർ തയ്യാറാക്കി വീട്ടിലേക്കയച്ച്,കുട്ടിയെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ജില്ലാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.തലവളർന്നു ശ്വാ‍സമെടുക്കാൻ വിഷമിച്ച സിനാനെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ പെടുത്തുന്നതിനു നിരവധിതവണ വെളുത്ത കുപ്പായമിട്ട കറുത്തമനസ്സിന്റെ ഉടമകളായ മെഡിക്കൾ ഉദ്യോഗസ്ഥപ്രഭുക്കന്മാരോടു കേണപേക്ഷിച്ചിട്ടും അതവർ ചെവികൊണ്ടില്ല.ശ്വാ‍സമെടുക്കാൻ വിഷമിച്ച സിനാനു ചികിത്സചിലാവിനായി വേണ്ടിവന്നിരുന്നതുക ദരിദ്രരായ രക്ഷിതാക്കൾക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ച്.സർക്കാർ സഹായങ്ങൾ എന്തെങ്കിലും ലഭിച്ചാൽ ആ കുടുംബത്തിനു അന്ന് അതൊരു സഹായമായിരുന്നു. എന്നാൽ ജനത്തിന്റെ ഒരു ദുഖങ്ങളും,ദുരിതങ്ങളും തങ്ങളെ ബാധിക്കുന്നതല്ല എന്ന സ്ഥിരംപരിപാടിയാണു ഇവിടെയും നടന്നത്.മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി സ്വികരിക്കാതെ എൻഡോസൾഫാൻ ഇരയോട് കാട്ടിയക്രൂരത മറയിടാൻ മരണശേഷം തയ്യാറാക്കിയ തിരക്കഥയാണു ഈ കത്തെന്ന് വെളിപ്പെട്ട്.ജില്ലമെഡിക്കൽ ഓഫിസറും പരിവാരങ്ങളും ജനകിയ പ്രതിക്ഷേധത്തിൽനിന്നും മറ്റും രക്ഷനേടനാണു വ്യാജകത്തുണ്ടാക്കിയത്. ഇതിനെതിരെ ജനങ്ങൾ ഉണരണ്ടതുണ്ട്.എല്ലാവികസനങ്ങളെയും, എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തുന്ന ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരാണു ഇന്ത്യയുടെശാപം.ഓരോവർഷം കഴിയുംതോറും ആനുകൂല്ല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുവേണ്ടി സമരം ചെയ്യുകയും മരണംവരെയും പെൻഷനും പറ്റുന്ന ഗവണ്മെന്റ് ജീവനകാർക്ക് സാധരണക്കരന്റെ ജീവനും ജീവിതവും അറിയണ്ടകാര്യമില്ല.അവരുടെ അവകാശങ്ങളും താല്പര്യങ്ങളും മാന്ത്രമാണു അവരുടെ ലക്ഷ്യം. ജനത്തിന്റെ കയ്യിൽ നിന്നും ശമ്പളംകൈപറ്റി ജനത്തെ വഞ്ചിക്കുന്ന ഉദ്ദ്യോഗസ്ഥപ്രമാണിമാരെ നിലക്ക് നിർത്താൻ ജനങ്ങൾ ഉണർന്നു പ്രവർത്തികണ്ട സമയമായിരിക്കുന്നു.