2020, നവംബർ 27, വെള്ളിയാഴ്‌ച

കാർഷിക വിപ്ലവമെന്ന ക്രൂരത 17

കാർഷിക വിപ്ലവമെന്ന ക്രൂരത 17
__________________________________
മുട്ടയിടുന്ന കോഴികൾ, കറവയുള്ള പശുക്കൾ, വെള്ളം കോരാനും ഭാരം വഹിക്കാനുമുള്ള മൃഗങ്ങൾ എന്നിവ ചിലപ്പോൾ കൂടുതൽ കാലം ജീവിക്കുന്നതിനു അനുവദിക്കപ്പെടാറുണ്ട്. എന്നാൽ അതിനു അവ നല്കുന്ന വില തങ്ങളുടെ സ്വാഭാവിക പ്രവണതകളിൽനിന്നും ആഗ്രഹങ്ങളിൽനിന്നും തീർത്തും വ്യത്യസ്തമായ ഒരു ജീവിതരീതിയാണ്. 
ഭാരം വഹിക്കുന്ന മൃഗങ്ങളെന്ന നിലയിൽ അനുസരണയുള്ള കാളകളെയും കുതിരകളെയും കഴുതകളെയും ഒട്ടകങ്ങളെയും വളർത്തിയെടുക്കുന്നതിനു അവയുടെ പ്രകൃതത്തെയും പ്രവണതകളെയും സാമൂഹ്യബന്ധങ്ങളെയും തകർക്കുകയും അക്രമരീതിയെയും ലൈംഗികതയെയും തടയുകയും സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുകയും ചെയ്യേണ്ടിയിരുന്നു. മൃഗങ്ങളെ കൂടുകളിലും ആലകളിലും അടച്ചിടുക, മൂക്കുകയറും, കയറുകളും കൊണ്ടു നിയന്ത്രിക്കുക, ചാട്ടയും തോട്ടിയും കൊണ്ടു പരിശീലിപ്പിക്കുക, അംഗഭംഗം വരുത്തുക എന്നിങ്ങനെയുള്ള വിദ്യകൾ കർഷകർ അവലംബിച്ചു. മെരുക്കിയെടുക്കുന്ന പ്രക്രിയയിൽ പുരുഷമൃഗങ്ങളുടെ വരിയുടയ്ക്കുക ഏതാണ്ട് എല്ലായ്പ്പോളും ചെയ്തിരുന്നതാണ്. അങ്ങനെ പുരുഷ അക്രമം തടയുകയും മനുഷ്യർക്ക് കന്നുകാലികളുടെ പ്രത്യുത്പാദനത്തെ  നിയന്ത്രിക്കാനും കഴിയുന്നു.

ന്യൂഗിനിയയിലെ അനേകം സമൂഹങ്ങളിൽ, ഒരു വ്യക്തിയുട സമ്പത്തു പരമ്പരാഗതമായി കണക്കാക്കിയിരുന്നത് അവനോ അവളോ കൈവശം വച്ചിരുന്ന പന്നികളുടെ എണ്ണമനുസരിച്ചാണ്. പന്നികൾ ഓടിപ്പോകാതിരിക്കാൻ വടക്ക് ന്യൂഗിനിയയിലെ കർഷകർ ഓരോ പന്നിയുടെയും മുക്കിന്റെ ഒരു ഭാഗം വെട്ടിമാറ്റിയിരുന്നു. അങ്ങനെയാകുമ്പോൾ മണംപിടിക്കുന്ന അവസരങ്ങളിലെല്ലാം പന്നിക്കു കനത്ത വേദനയുണ്ടാകുന്നു. മണംപിടിക്കാതെ ഭക്ഷണം കണ്ടെത്താനോ ചുറ്റിനടക്കാനോ പന്നിക്കു കഴിയാത്തതിനാൽ ആ അംഗഭംഗം അവയെ പൂർണ്ണമായും തങ്ങളുടെ യജമാനന്മാരായ മനുഷ്യരിൽ ആശ്രയിക്കുന്നതിനു നിർബന്ധിതരാക്കുന്നു. ന്യൂഗിനിയയിലെ മറ്റൊരു പ്രദേശത്ത്, പന്നിക്കു കാഴ്ചയില്ലാതാകുന്ന തരത്തിൽ അവയുടെ കണ്ണുകൾ ചുഴന്നെടുക്കുന്നതു ഒരു പതിവാണ്, അങ്ങനെ അവയ്ക്ക് തങ്ങൾ എവിടേക്കാണ് പോകുന്നതെന്നു പോലും കാണാൻ കഴിയാതാകുന്നു.

പാൽവ്യവസായവും അതിന്റേതായ രീതിയിൽ മൃഗങ്ങളെ ബലമായി കാര്യങ്ങൾ ചെയ്യിക്കുന്നു.  മൃഗങ്ങളിൽനിന്നു പാൽ അനുസൃതം ലഭിക്കുന്നതിനു അവയുടെ കുട്ടികൾ പാലുകുടിക്കണം, എന്നാൽ അവ മുഴുവൻ പാലുകുടിക്കുന്നതു തടയുകയും വേണം.  ചരിത്രത്തിൽ ഉടനീളം വളരെ സാധാരണമായി ചെയ്തുകൊണ്ടിരുന്ന ഒരു കാര്യം ജനിച്ചയുടൻ തന്നെ കുട്ടികളെ കശാപ്പു ചെയ്യുകയും തള്ളയെ കഴിയുന്നിടത്തോളം പാൽ കറക്കുകയും അതിനു ശേഷം വീണ്ടും ചെന പിടിപ്പിന്നുകയും ചെയ്യുക എന്നുള്ളതാണ്.
ഇപ്പോളും അതു വളരെ വ്യാപകമായി പ്രയോഗിക്കപ്പെടുന്നുണ്ട്. പല ആധുനിക ഡയറി ഫാമുകളിലും, കശാപ്പു ചെയ്യപ്പെടുന്നതിനു മുമ്പ് ഒരു പശു ഏതാണ്ട് അഞ്ചു വർഷത്തോളം ജീവിക്കുന്നു. പാലുല്പാദനം പരമാവധി നിലനിർത്തുന്നതിനു ഈ അഞ്ചു വർഷവും പ്രസവം കഴിഞ്ഞു 60-120 ദിവസങ്ങൾക്കു ശേഷം ചെന പിടിപ്പിക്കുന്നു. ജനനത്തിനു ശേഷം ഉടൻതന്നെ കുട്ടിയെ തള്ളയിൽ നിന്നകറ്റുന്നു.

താഴത്തു കാണുന്ന ഫോട്ടോ ഒന്ന് ശ്രദ്ധിക്കുക

ഒരു വ്യാവസായിക മാംസ ഫാമിലെ ഒരു ആധുനിക കാളക്കിടാവ്. ജനനം കഴിഞ്ഞയുടനെ അതിനെ തള്ളയിൽ നിന്നു അകറ്റുകയും ആ കിടാവിന്റെ ശരീരത്തിന്റെ അത്രമാത്രം വലിപ്പമുള്ള ഒരു കൂട്ടിൽ അടച്ചിടുകയും ചെയ്യ്യുന്നു. ആ കിടാവ്  തന്റെ ജീവിതകാലം മുഴുവൻ അവിടെ കഴിയുന്നു - ശരാശരി നാലു മാസം വരുന്നതാണ് അതിന്റെ ജീവിതകാലം. അതു ഒരിക്കൽപ്പോലും കൂട്ടിൽ നിന്നു പുറത്തിറങ്ങുന്നില്ല. മറ്റു കന്നുകുട്ടികളുമായി കളിക്കുന്നതിനോ നടക്കുന്നതിനു പോലുമോ അവയെ അനുവദിക്കാറില്ല - അവയുടെ പേശികൾ ബലപ്പെടാതിരിക്കുന്നതിനു വേണ്ടി. ബലഹീനമായ പേശികൾ എന്നാൽ മൃദുവായ മാംസം എന്നാണർത്ഥം. കന്നുകുട്ടിക്ക് നടക്കാനും പേശികൾ
നിവർത്താനും മറ്റു കന്നുകുട്ടികളെ തൊടാനും കശാപ്പുശാലയിലേക്കുള്ള വഴിയിലാണ് ആദ്യമായി അവസരം ലഭിക്കുന്നത്. പരിണാമ രീതിയിൽ, ഇന്നുവരെ നിലനിന്നിട്ടുള്ളതിൽ ഏറ്റവും വിജയകരമായ മൃഗസ്പീഷിസാണ് കന്നുകാലികൾ. അതേസമയം, ഭൂഗ്രഹത്തിലെ ഏറ്റവും ദുരിതംപിടിച്ച ജീവിയും അവ തന്നെ

അഭിപ്രായങ്ങളൊന്നുമില്ല: