2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച

ഭാഷാ പഠനം 19ാം നൂറ്റാണ്ടിൽ

ഭാഷാ പഠനം 19ാം നൂറ്റാണ്ടിൽ -
നവോത്ഥാനത്തോടെ രംഗപ്രവേശം ചെയ്ത നവീന ആശയങ്ങൾ യൂറോപ്പിലാകെ ആധുനികതയ്ക്ക് കളമൊരുക്കുകയാണുണ്ടായത്. പഴയകാല മൂല്യ പദ്ധതി വിചാരണ ചെയ്യപ്പെട്ടതോടെ പുത്തൻ ചിന്താരീതികൾക്കും മൂല്യ ധാരണകൾക്കും സ്ഥാനം വന്നു. പതിനെട്ടാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവവും ഫ്രഞ്ചു വിപ്ലവവുമാണ് ഈ ഘട്ടത്തിന് പുതിയ പരിപ്രേഷ്യമുണ്ടാക്കിയത്. മാനവരാശിയെ ഇത്രയും സ്വാധീനിച്ചിട്ടുള്ള സംഭവങ്ങൾ ചരിത്രത്തിൽ വിരളമാണ്.ഒരു തരത്തിൽ പറഞ്ഞാൽ സാമ്പത്തികവും സാമൂഹികവും രാഷ്ട്രിയവുമായ സ്ഥാപനങ്ങളുടെ സ്രഷ്ടാവുപോലും വ്യവസായിക വിപ്ലവമാണ്. ഇവയെ തുടർന്ന് വ്യത്യസ്തമായി പുതിയ ഭരണക്രമങ്ങളും പുത്തൻ മൂല്യങ്ങളും വിജയം നേടിയെടുത്തു.അതോടെ യൂറോപ്പിലെ ബൗദ്ധികാന്തരീക്ഷം ആകെ നവീകരിക്കപ്പെട്ടു. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലുണ്ടായ വസ്ഫോടനാത്മകമായ ഈ ഉണർവത്രെ വിജ്ഞാനമേഖലയിലെ പരിവർത്തനത്തിനും കാരണമായത്.