2021, ജനുവരി 24, ഞായറാഴ്‌ച

സ്ത്രീകൾ വെറും അടിമകൾ 27


അന്യായമായ വിവേചനം പലപ്പോളും കാലം ചെല്ലുമ്പോൾ കൂടുതൽ കൂടുതൽ വഷളാകുന്നു . പണംവന്നു പണത്തോടു ചേരുന്നു, ദാരിദ്യം വന്നു ദാരിദ്ര്യത്തോടു ചേരുന്നു. വിദ്യാഭ്യാസം വിദ്യാഭ്യാസത്തോടു വന്നുചേരുന്ന, അജ്ഞത അജ്ഞതയോടു ഒത്തുചേരുന്നു.  ചരിത്രം ഒരിക്കൽ ഇരകളാക്കിയവർ വീണ്ടും ഇരയാക്കപ്പെടുവാനാണ് സാദ്ധ്യത . ചരിത്രം പദവികൾ നല്കിയവർ കൂടുതൽ പദവികളിലേക്ക് വീണ്ടും ഉയർത്തപ്പെടാനാണ്  സാദ്ധ്യതയേറേയും .

മിക്ക സാമൂഹ്യ-രാഷ്ട്രീയ തട്ടുവ്യത്യാസങ്ങളും യുക്തിപരമോ ജീവ ശാസ്ത്രപരമോ ആയ അടിസ്ഥാനം ഇല്ലാത്തവയാണ്. എന്നാൽ യാദ്യ ച്ഛികമായ സംഭവവികാസങ്ങൾ മിത്തുകളുടെ പിന്തുണയോടെ അത്തരം വിവേചനങ്ങളെ നിലനിർത്തുന്നു. 
വംശം എന്നാത് ആധുനിക അമേരിക്കക്കാർക്ക് വളരെ പ്രധാനപ്പെട്ടതാണ്, എന്നാൽ മദ്ധ്യകാല മുസ്ലീങ്ങൾക്ക് താരതമ്യേന അപ്രധാനമാണ്. ജാതി എന്നതിനു മദ്ധ്യകാല ഇന്ത്യയിൽ ജീവിതത്തിലും മരണത്തിലും കനത്ത സ്വാധീനമാണുള്ളത്, ആധുനിക യൂറോപ്പിൽ അതു നില നില്ക്കുന്നതേയില്ല.

എല്ലായിടത്തുമുള്ള ആളുകൾ പുരുഷന്മാരും സ്ത്രീകളും എന്നു വേർതിരിക്കപ്പെട്ടിരുന്നു. ഏതാണ്ട് എല്ലായിടത്തും പുരുഷന്മാർ മേൽക്കൈ നേടി, കുറഞ്ഞപക്ഷം കാർഷിക വിപ്ലവത്തിനു ശേഷം.

അനേകം സമൂഹങ്ങളിൽ സ്ത്രീകൾ പുരുഷന്മാരുടെ (മിക്കപ്പോളും തങ്ങളുടെ പിതാവിന്റെ ഭർത്താവിന്റെ, അല്ലെങ്കിലും സഹോദരന്റെ) സ്വത്തു മാത്രമായിരുന്നു. അനേക പൗരാണിക നിയമസംവിധാനങ്ങളിൽ, ബലാൽക്കാരം സ്വത്തവകാശലംഘനമായി കണക്കാക്കപ്പെട്ടു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇര ബലാല്ക്കാരം ചെയ്യപ്പെട്ട സ്ത്രീ ആയിരുന്നില്ല പിന്നെയോ അവളുടെ ഉടമസ്ഥനായ പുരുഷനായിരുന്നു.  ബലാല്ക്കാരം ചെയ്തവൻ ഒരു മണവാട്ടിപ്പണം ആ സ്ത്രീയുടെ പിതാവിനോ, സഹോദരനോ നൽകിയാൽ തീരുന്ന കുറ്റമേയുളളു . 

ഒരു പുരുഷൻ തന്റെ ഭാര്യയെ ബലാല്ക്കാരം ചെയ്തതെങ്കിൽ അയാൾ കുറ്റമൊന്നും ചെയ്തില്ല. വാസ്തവത്തിൽ, ഒരു ഭർത്താവ് തന്റെ ഭാര്യയെ ബലാല്ക്കാരം ചെയ്തുവെന്ന ആശയംതന്നെ നിലനില്ക്കുന്നതല്ല എന്നതാണ് പുരുഷപക്ഷം. ഭാര്യയായി കഴിഞ്ഞാൽ അവളുടെ ലൈംഗികതയുടെ പൂർണ നിയന്ത്രണം ലഭിക്കുക എന്നതാണ് ഭർത്താവായിരിക്കുക എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത് (ഇന്നും അതിൽ മാറ്റമൊന്നുമില്ല) ഒരു മനുഷ്യൻ തന്റെ പേഴ്സ് കട്ടെടുത്തു എന്നു പറയുന്നതു പോലെതന്നെ യുക്തിഹീനമാണ് ഒരു ഭർത്താവ് തന്റെ ഭാര്യയെ ബലാല്ക്കാരം ചെയ്തുവെന്നു പറയുന്നത്.  ( ഇന്നു കോടതികളിൽ അത്തരം കേസ്സുകൾ വരുന്നുണ്ട് എന്നത് സ്ത്രീ അവളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞു എന്നതിനു തെളിവാണ്)

പുരുഷത്വവും , സ്ത്രൈണതയും സംബന്ധിക്കുന്ന സവിശേഷതകളുടെ ഒരു കൂട്ടം തന്നെ സമൂഹങ്ങൾ വളരെ മുന്നേ തയ്യാറാക്കി വച്ചിട്ടുണ്ടു . അതിനെ പിൻപറ്റിയാണ് നമ്മുടെ നിയമങ്ങളും , ന്യായവാദങ്ങളുമെല്ലാം .  സ്ത്രീയുടെ സ്വാതന്ത്ര്യവും, അവകാശങ്ങളും പുരുഷൻ നിശ്ചയിക്കുന്നതു കൊണ്ടാണ് അതു സംഭവിച്ചത്. സ്ത്രീയാണ് പുരുഷന്റെ സ്വാതന്ത്ര്യവും അവകാശങ്ങളും തീരുമാനിക്കുന്നെങ്കിൽ  മറിച്ചും ഇതു സംഭവിക്കുമായിരുന്നു.