2020 ഫെബ്രുവരി 8, ശനിയാഴ്‌ച

ഭരണഘടന വിരുദ്ധം

ഇന്ത്യൻ ഭരണഘടന 17ാം അനുച്ഛേദം അസ്പൃശ്യത നിർത്തലാക്കുകയും അതിന്റെ ഏതു രൂപത്തിലുള്ള ആചരണവും വിലക്കുകയും ചെയ്തിരിക്കുന്നു. അസ്പൃശ്യതയിൽ നിന്നുളവാകുന്ന ഏത് അവശതയെയും നിർബന്ധിച്ചേൽപിക്കുന്നത് നിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റമായിരിക്കുന്നു. ശിക്ഷാർഹമായ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കപ്പെടാതെ  അവഗണിക്കപ്പെടുന്നതിനാലാണ് ജാതി വ്യവസ്ഥ സുശക്തമായി തുടരുന്നത്. തദ്ഫലമായി സ്ത്രീകളും, ആദിവാസികളും പീഡിപ്പിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്നത്. ജാത്യഭിമാനത്തിന്റെ പേരിൽ മിശ്രവിവാഹിതരെ വകവരുത്തുകയും ചെയ്യുന്നു. ഇത്രയൊക്കെയായിട്ടും ഇടതുപക്ഷ, പുരോഗമന രാഷ്ട്രിയ  പാർട്ടികൾ പോലും ജാത്യവ്യവസ്ഥയ്ക്കതിരെ മിണ്ടുന്നില്ല.

https://pavapettavanck.blogspot.com

2020 ഫെബ്രുവരി 5, ബുധനാഴ്‌ച

വ്യക്തിത്വം

ഗ്രീസിൽ പ്ലേറ്റോയ്ക്കു ശേഷം ഏറ്റവുമധികം സൈദ്ധാന്തിക ചർച്ച നടത്തിയ സാംസ്കാരിക നായകനായിരുന്നു അരിസ്റ്റോട്ടിൽ.ഗുരുനാഥനായ പ്ലേറ്റോയുടെ പല ആശയങ്ങളെയും ഉൾക്കൊള്ളുകയും പലതിനെയും നവീകരിക്കുകയും ചെയ്തതോടൊപ്പം തന്നെ താത്വികമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അടിസ്ഥാനപരമായ വിയോജിപ്പുകളിലധിഷ്ഠിതമായ ഒരാശയലോകം തന്റേതായി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞുവെന്നതിലാണ് അരിസ്റ്റോട്ടിലെന്റെ വ്യക്തിത്വം..

2020 ഫെബ്രുവരി 4, ചൊവ്വാഴ്ച

ഭാഷ, ബോധം

മനുഷ്യ പരിണാമത്തെ അധ്വാനം, ഭാഷ എന്നിവയുടെ ഗുണാത്മകാശ്രിതത്വത്തിലാണ് മാർക്സിറ്റുകൾ വീക്ഷിക്കുന്നത്. കൂട്ടായ്മ സൃഷ്ടിച്ച ആവശ്യമാണ് ഭാഷ.ബോധവും അങ്ങനെ തന്നെയാണുണ്ടായതും. ജന്തു സഹജമായ ആഹാരസമ്പാദന പ്രേരണ തന്നെയാണ്, മനുഷ്യരുടെ കൂട്ടായ്മയുടെ അടിസ്ഥാനമായത്.ബോധപൂർവം പ്രകൃതിയെ സ്വാധീനിച്ചു ജീവിക്കാൻ മനുഷ്യർക്കു കഴിയുന്നു. മറ്റൊരു ജന്തുവിനും അതാവില്ല. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പ്രതിപ്രവർത്തനം ഇഛാപൂർവ്വമാണ് നടക്കുന്നത്.

2020 ഫെബ്രുവരി 3, തിങ്കളാഴ്‌ച

ഭാഷാ പഠനം 19ാം നൂറ്റാണ്ടിൽ

ഭാഷാ പഠനം 19ാം നൂറ്റാണ്ടിൽ -
നവോത്ഥാനത്തോടെ രംഗപ്രവേശം ചെയ്ത നവീന ആശയങ്ങൾ യൂറോപ്പിലാകെ ആധുനികതയ്ക്ക് കളമൊരുക്കുകയാണുണ്ടായത്. പഴയകാല മൂല്യ പദ്ധതി വിചാരണ ചെയ്യപ്പെട്ടതോടെ പുത്തൻ ചിന്താരീതികൾക്കും മൂല്യ ധാരണകൾക്കും സ്ഥാനം വന്നു. പതിനെട്ടാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവവും ഫ്രഞ്ചു വിപ്ലവവുമാണ് ഈ ഘട്ടത്തിന് പുതിയ പരിപ്രേഷ്യമുണ്ടാക്കിയത്. മാനവരാശിയെ ഇത്രയും സ്വാധീനിച്ചിട്ടുള്ള സംഭവങ്ങൾ ചരിത്രത്തിൽ വിരളമാണ്.ഒരു തരത്തിൽ പറഞ്ഞാൽ സാമ്പത്തികവും സാമൂഹികവും രാഷ്ട്രിയവുമായ സ്ഥാപനങ്ങളുടെ സ്രഷ്ടാവുപോലും വ്യവസായിക വിപ്ലവമാണ്. ഇവയെ തുടർന്ന് വ്യത്യസ്തമായി പുതിയ ഭരണക്രമങ്ങളും പുത്തൻ മൂല്യങ്ങളും വിജയം നേടിയെടുത്തു.അതോടെ യൂറോപ്പിലെ ബൗദ്ധികാന്തരീക്ഷം ആകെ നവീകരിക്കപ്പെട്ടു. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലുണ്ടായ വസ്ഫോടനാത്മകമായ ഈ ഉണർവത്രെ വിജ്ഞാനമേഖലയിലെ പരിവർത്തനത്തിനും കാരണമായത്.

2020 ജനുവരി 30, വ്യാഴാഴ്‌ച

വിദ്യാസമ്പത്ത് മാത്രമാണ് ശാശ്വതമായുള്ളത്. മറ്റു സമ്പത്തുകൾ നശ്വരമാണ്. അറിവില്ലാത്തവർ ശവത്തിനു സമമാണ്. അറിവ് ജീവിതാവസാനംവരെ രക്ഷിക്കുന്ന ആയുധമാണ്. ലോകജനതയെയും സർവജീവജാലങ്ങളെയും സ്നേഹിക്കുക എന്നതാണ് അറിവെന്ന ബോധ കർമ്മം. സ്വന്തം കൈകളാൽ അധ്വാനിച്ചു ജീവിക്കുന്നതാണു ധർമം. ഗതിമുട്ടിയാലും
 യാചിക്കരുത്. ദാരിദ്ര്യം ജീവിത ദുരന്തമാണ്. നീതിയും ധർമവും നില നിർത്തി മറ്റുള്ളവർക്ക് പ്രയോജനകരമായ രീതിയിൽ ജീവിതം നയിക്കുക.