2009 ഒക്‌ടോബർ 28, ബുധനാഴ്‌ച

ഒക്ടോബറിലെ ചിന്തകള്‍

ഞാന്‍ ഇവിടെങ്ങളില്‍ തിരയുന്നത്
മണ്ണുപ്പോലെ ഞാന്‍ വിശ്വസിച്ച
നിങ്ങളുടെ കാല്‍ പാടുകളായിരുന്നു.

തിരകളുടെ തീരാപ്രണയം പോലെ അവ പിന്നെയും,
തീരത്തേക്ക് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.
വജ്രങ്ങള്‍ വിളയുന്ന പരുഷ്യതയില്‍
മിഴികള്‍ വായിച്ചത് സൂര്യ വെളിച്ചങ്ങള്‍.

മിഴിപൂട്ടിയിരുന്നത് വര്‍ത്തമാനത്തിനെ
കാണാന്‍ കഴിയാത്താത് കൊണ്ട്.
പക്ഷേ ഞാനെന്‍റെ മുത്തച്ഛനെ വായിക്കുന്നു,
സ്വാതന്ത്ര്യമന്ത്രം ഉറക്കേ ഉരുക്കഴിക്കാന്‍
രണ്ടു മുന്‍വരിപല്ലുകള്‍ കാണിക്കയിട്ട മുത്തച്ഛനെ.

എന്‍റെ ചോരപോലെ പ്രിയപ്പെട്ട എന്‍റെ മണ്ണ്
ഈ കാല്‍ക്കല്‍ നിന്ന് ഒലിച്ചു പോകുന്നു.

ഞാന്‍ നിന്നോടിന്നു മാപ്പിരക്കുന്നു .
അതും കടമെടുത്ത ഒരു ശ്വാസത്തില്‍

:പ്രിയകവിONVകുറുപ്പിനോടു കടം

2009 സെപ്റ്റംബർ 15, ചൊവ്വാഴ്ച

വാകീറിയ മാധ്യമങ്ങള്‍

പത്ര,ദൃശ്യ മാധ്യമങ്ങള്‍ അതിന്‍റെ ധര്‍മ്മം പൂര്‍ണമായി നിറവേറ്റപ്പെടുന്നത് അറിയാനുള്ള പൌരന്‍റെ അവകാശത്തെ കളങ്കരഹിതവും നിര്‍ഭയവും വസ്തുനിഷ്ടവുമായ വാര്‍ത്തകള്‍ അറിയിക്കുമ്പോളാണ് . അവന്‍റെ അറിവിന്‍റെ വാതായനങ്ങളിലെ സുപരിചിതനായ സന്ദേശവാഹകനായിരിക്കണം പത്ര,ദൃശ്യ മാധ്യമങ്ങള്‍ . അവന്‍റെ ദിശാബോധത്തെയും പുരോഗമാനാത്മകമായ ചിന്തകളെയും, ആശയങ്ങളെയും ഉണര്‍ത്തുവാനും മാധ്യമങ്ങള്‍ക്കു കഴിയും .

ഭരണപ്രതിഭക്ഷ ഭേതമന്യേ പക്ഷപാതമറ്റ പ്രവര്‍ത്തനമാണ് വായനകാരന്‍ പ്രതീക്ഷിക്കുന്നത് എന്ന ബോധം മാധ്യമങ്ങള്‍ വിസ്മരിക്കരുത് .ധര്‍മ്മവും നീതിയും കാത്തു സൂക്ഷിക്കുവാന്‍ മാധ്യമങ്ങള്‍ കടപ്പെട്ടിരിക്കുന്നു .മാധ്യമ ഭാഷകള്‍ അത്രകണ്ടു സംസ്കരിക്കപ്പെട്ടതായിരിക്കണം .ഒരു പ്രദേശത്തിന്റെയോ, സംസ്കാരത്തിന്റെയോ, പ്രസ്ഥാനത്തിന്റെയോ ,സ്ഥാപിത താല്പര്യ കാരുടെയോ ആജ്ഞാനുവര്‍ത്തികളായിരിക്കരുത് മാധ്യമങ്ങള്‍. പൊതുഭാഷയും, ശൈലിയും തനതായസ്വഭാവവും മാധ്യമങ്ങള്‍‍ക്കു‍ണ്ടന്ന തിരിച്ചറിവ് ആദ്യം തന്നെ മാധ്യമങ്ങള്‍ക്കുണ്ടാകണം .

ഒരു വാര്‍ത്ത സത്യസന്നമായി ഒരാളുടെ അറിവിന്‍റെ മണ്ഡലത്തിലേക്ക് എത്തുമ്പോള്‍ അവന്‍റെ ബോധത്തെയും ചിന്തകളെയും സംവേദനത്തെയും സമ്മേളിച്ചു ആശയ പരമായ ഒരു നേരറിവു അവനില്‍ ജനിപ്പിക്കണം. അങ്ങനെ അവനില്‍ അറിയാനുള്ള ത്വര വളര്‍ത്തുകയും വായനയുടെ തീവ്രവും മനോഹരവുമായ മാനങ്ങള്‍ തുറക്കപ്പെടുകയും ചെയ്യണം.ഒരു വായനക്കാരന്‍ അല്ലങ്കില്‍ ഒരു കാഴ്ചക്കാരന്‍ വായിക്കുന്നതിനു മുന്‍പും കാണുന്നതിന് മുന്‍പും അവന്‍റെ മനസ്സുശൂന്യമാണ് എന്നാല്‍ വായിച്ചു അഥവാ കണ്ടു മനസ്സിലാക്കി കേട്ടുക്കഴിയുമ്പോള്‍ അവന്‍റെ മനസ്സില്‍ ഒരു അറിവിന്‍റെ സന്ദേശം എത്തിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ കണ്ടതോ,കേട്ടതോ,വായിക്കപ്പെട്ടതോ എതാണങ്കിലും ഓര്‍ക്കുവാനും ആ അറിവിനെ മനനം ചെയ്യുവാനും അവനു കഴിയുകയുള്ളൂ .

ഇന്നിപ്പോള്‍ ജനശ്രദ്ധക്ക് വേണ്ടി മാധ്യമങ്ങള്‍ നടത്തുന്ന ഈ വികലമായ പ്രവര്‍ത്തനങ്ങള്‍ വഞ്ചനാപരവും അധാര്‍മികവുമാണ്.അറിവിനായി കാത്തിരിക്കുന്നവരെ തെറ്റുധരിപ്പിക്കാനല്ലാതെ മറ്റൊന്നും ഇതുകൊണ്ടു സദ്ധ്യമാകുന്നില്ല.ദൃശ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ഇന്നുകളില്‍ വല്ലാണ്ട് പെരുകിയപ്പോള്‍ അത്രത്തോളം പെരുകിയ ഒരു ജനതയ്ക്ക് കരുത്തുറ്റ ഒരു മാധ്യമസംസ്കാരം പകരാന്‍ കഴിയാതെ പോകുന്നത് ഒരു സാമുഹ്യ ജീവിത സംസ്കാരത്തിന്‍റെ തകര്‍ച്ചയാണ് ചൂണ്ടി കാണിക്കുന്നത്, പുകഴ്പെറ്റ ഒരു മാധ്യമ സംസ്കാരം ഇവിടെ പിച്ചികീറപ്പെടുന്നു . ഇതൊന്നും നമ്മളെ ആരെയും ബാധിക്കിന്നില്ലല്ലോ ?ആശ്വാസം തന്നെ.. സുഖനിദ്ര നേര്‍ന്നുകൊണ്ട്........

2009 സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഒരു വത്സരനൊമ്പരം

പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്‍
പതിയിരിക്കുന്നു പകലുകളെണ്ണി .

കരിനാക്കുകള്‍ പറഞ്ഞ
കലികാലത്തിന്‍റെ ചുടുകാറ്റുകള്‍
കരിച്ച കിനാക്കളും കടപുഴുതുപോയ,
ജീവിതങ്ങളും വാതുക്കലേക്കായുന്നു .

ചിറകുകള്‍ മടങ്ങിയ ചരിത്രത്തിലേക്ക്
ചിതറിയ ഉടലുകളും, വാര്‍ന്ന കണ്ണീരും
പുകചുരുളുകളും ചേക്കേറുവാന്‍ കിതക്കുന്നു.

പിറകില്‍ വരണ്ടഭുമിയില്‍,
ഉയര്‍ന്നകടലില്‍,
ഉരുള്‍പൊട്ടിയ മാമലയില്‍
തേങ്ങലുകള്‍ കുടുങ്ങിയ
നെഞ്ചകവും ഉണര്‍ന്നിരിക്കുന്നു .

വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു .

വിശ്വാസങ്ങള്‍ കവര്‍ന്ന കരിമരുന്നില്‍
പൊളിഞ്ഞ ദേവാലയങ്ങളില്‍ പിടഞ്ഞ
പ്രാണനുകളുമിനി പകയുടെ ഓര്‍മ്മയിലേക്ക്.

അതിര്‍ത്തികള്‍ പറഞ്ഞു അതിക്രമിച്ച
ഭീകരവാദത്തിന്റെ വെടിയൊച്ചകളില്‍
പൊലിഞ്ഞ ജീവനുകളും ക്ഷതമേറ്റമാനവും
തിരിച്ചുവരാത്ത യാത്രക്കായി പോകുന്നു .

കാഴ്ചകള്‍ പകര്‍ന്ന കാലമെടുക്കുന്നു
ആയുസ്സിന്‍റെ വിലയില്‍ ചേര്‍ത്തൊരു
നോവിന്‍റെ പിന്നില്‍ വളര്‍ന്നവര്‍ഷവും
കാല പഴക്കത്തിലേക്ക് നിസഗം മടങ്ങുന്നു

കൂട്ടികിഴിക്കലുകളില്‍ കടലായി നഷ്ടവും
ഒരുചെറു മുനമ്പായിനിക്കുമീ നേട്ടവും
വര്‍ഷപിറവിയില്‍ പറഞ്ഞു നിര്‍ത്താം .

പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്‍
പതിയിരിക്കുന്നു പകലുകളെണ്ണി .

2009 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ജീവിത പെരുമ്പറ

ഈ ജീവിത ചൂതാട്ടങ്ങള്‍ക്ക്
ദിനങ്ങള്‍ അമര്‍ന്നു പൊലിയുമ്പോള്‍
തനിച്ചാ പകയുടെ തീക്കനലുകള്‍ പാറിയത്
തെറിവാക്കിന്‍റെ വായ്ത്തല തിളക്കത്തിലേക്ക്
അറുത്തെടുത്തതു എന്‍റെ നീല ഞരമ്പുകള്‍.
ആത്മാവിന്‍റെ അകലാത്ത നേര്‍വികാരങ്ങള്‍
വെളിച്ചപ്പുറത്തേക്ക് തേരു‍ത്തെളിക്കുന്നു.
ഞാന്‍ നിങ്ങളുടെ സംസ്കാരത്തോടു
പരിഭവിക്കുന്നില്ല ഈ വര്‍ത്തമാനങ്ങളില്‍ .
ക്ഷമിക്കണം
ഞാനെന്‍റെ ജനാലകളും വാതിലുകളും
കൊട്ടിയടക്കുന്നു ഈ കൊഴുക്കുന്ന
ഇരുട്ടിനെ ഭയന്ന് .
ഉത്തരത്തില്‍ ഇരക്കായി കാക്കുന്ന
പല്ലികള്‍ ചിലച്ചിറങ്ങുന്നു
പകലിരവുകളറിയാതെ.
എന്‍റെ ഹൃദയം നോവില്‍ പടരുന്ന
തീ നാളങ്ങളില്‍ എരിയുന്നത് ഒരു മാനസം
അന്‍പായി നിനച്ചാ കൂട്ടിരിക്കാത്ത കുരുവികള്‍
പകിട കളിയില്‍ ലയിക്കുന്നുണ്ടാവം .
പകല്‍ മുടിച്ച കണക്കുമായി
ശാപവചനങ്ങളുമായി അവ ചാവടിയിലുണ്ടാവാം
മുഴങ്ങുന്ന ഈ ജീവിത പെരുമ്പറ
താളം ഉറയ്ക്കാതെ പിന്നെയും നാളേക്ക് നീങ്ങുന്നു
:
കുറിപ്പ്,
എന്‍റെ ഒരു സുഹൃത്തിനായി കോറിടുന്നത്

2009 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

പ്രണയ വാക്കുകള്‍

ആത്മാവിന്‍റെ സ്പടിക ജാലകങ്ങള്‍
ഹൃദയ വികാരങ്ങള്‍ക്ക് തുറക്കുന്നു,
സ്നേഹം അവസാന വാക്കിന്റെ അമൃതം
നീ പകരമായി തന്ന ഉണര്‍വുകള്‍.
ചിന്തകളില്‍ ചന്തമായ വാക്ക് സ്പര്‍ശങ്ങള്‍
കനിവ് നീളുന്ന ഹൃദയ ചുംബനങ്ങള്‍ .
പറഞ്ഞു തീരാത്ത ഈ നോവുകള്‍
ശ്വാസ സുഖങ്ങള്‍ മുറുക്കുന്നു .
നമുക്കിനീ പെരുവഴിയുടെ
പൊരുളറിയാതെ നടന്നിറങ്ങാം .
പകയ്ക്കാത്ത വെയില്‍
തിളയ്ക്കുന്ന ചൂടുപകരുന്നപോലെ
നമ്മുടെയീ വിയര്‍പ്പിനുമേല്‍ തഴുകുന്ന
കാറ്റിന്‍റെ കുളിരുപോല്‍ .
ചുംബനങ്ങളില്‍ നമ്മുടെ ഉടലുകള്‍
പുണരുന്ന വസന്താവേശം പോലെ .
പിരിയാത്തൊരോര്‍മ്മയിലേക്ക്
ജീവന്‍റെ കാതലായി തുടിക്കാം
ഈ വടഛായയില്‍ ഇലയനക്കങ്ങള്‍ക്ക് കീഴെ
അസ്ഥികള്‍ പുക്കുന്ന വനമാകാം