2009 ജൂൺ 14, ഞായറാഴ്‌ച

"അവസാന അദ്ധ്യായം "

എല്ലാം ഒടുങ്ങിയ
നിശബ്ദതയുടെ കടക്കലേക്ക്‌
വിറയാര്‍ന്ന ആ കത്തിനീളുന്നു.
"അവസാന അദ്ധ്യായം"
ഞാന്‍ ഭുമിയില്‍ മാപ്പിരക്കാന്‍
കാക്കാത്തമനസ് നിന്നില്‍നിന്ന് ,
തിരിച്ചെടുത്തവന്‍.
തിരിച്ചറിവിന്‍റെ പക്കല്‍ കടംചോദിച്ച ജീവന്‍
‍ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു .
മുഴുവിപ്പിക്കാത്ത ആ വാക്ക്
ഞാന്‍ നിന്നോടു പറഞ്ഞ അവസാന പ്രണയം-അഥവ സ്നേഹം,
നീ എന്നോടു കയര്‍ക്കുമ്പോള്‍
‍ഞാന്‍ മനുഷ്യന്‍റെ വിലയാണ് തിരിച്ചറിഞ്ഞത് .
മുഖം നഷ്ടപ്പെട്ടവര്‍ -
‍അത്രയും ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ ?
നമ്മള്‍ മതങ്ങള്‍ പറഞ്ഞുകളഞ്ഞ സമയം
നിന്‍റെ ചോരയോടു എനിക്ക് കൊതിതോന്നിയില്ല.
കാരണം എന്നും നാം -
സൌകര്യങ്ങളില്‍ മുഖം അമര്‍ന്നിരിക്കുന്നു.
എന്നാല്‍ നമ്മള്‍ പരസ്പരം തിരിച്ചറിയുന്നു .
കാലങ്ങള്‍ മായിക്കുന്ന മുറിവുകള്‍

2009 മേയ് 17, ഞായറാഴ്‌ച

രാത്രിമഴകള്‍

ഇടിമിന്നലിന്‍റെ പൊട്ടിത്തെറിയൊച്ച
ഭയപ്പെടുത്തിയ പുതപ്പിനുള്ളിലെ ഇരുട്ട് .
ജീവിതത്തിന്‍റെ ഇടുങ്ങിയ
ഇടനാഴികളില്‍ പോലും വിറച്ചിരുന്നു .

പകല്‍വെളിച്ചം മറച്ചമഴക്കാര്‍
ഇന്നും മടവരമ്പ് ചാടിവരുന്ന
മലവെള്ള പാച്ചിലിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത് .

കറങ്ങിവരുന്ന കര്‍ക്കിടകങ്ങള്‍ പകര്‍ന്നത്
ചോരുന്നപുരയില്‍ അമ്മയുടെ അടക്കിപിടിച്ച തേങ്ങലുകള്‍
കര്‍ക്കിടക കാഴ്ചകളിലെന്നും
നനഞ്ഞ സച്ഞിയില്‍
കുതിര്‍ന്ന അരിയുമായി വരുന്ന
മഴനഞ്ഞ അച്ഛന്‍ ഒരു മുറിവിന്‍റെ കണ്ണിരാണ്

മഴകള്‍ കനക്കുന്ന രാത്രികള്‍
ചോര്‍ച്ചവെള്ളം പകരുന്നപാത്രങ്ങള്‍ കെടുത്തിയത്
അമ്മയുടെ ഉറക്കങ്ങള്‍ .
അങ്ങനെയാണ് അമ്മ രാത്രിമഴകളെ ഭയപ്പെട്ടത് .

2009 മേയ് 6, ബുധനാഴ്‌ച

അകത്തേക്കും പുറത്തേക്കുമുള്ള നേര്‍ത്ത കാറ്റ്

ഈ ശ്വാസത്തെ
എനിക്ക് വിശ്വാസമില്ലാതായിരിക്കുന്നു.
ശ്വാസം വിലക്കു വാങ്ങുമ്പോള്‍
അതിന്‍റെകനം ഞാന്‍ പരിശോധിച്ചില്ല.

പതിവായി വാങ്ങുന്ന കടയില്‍
ശ്വാസം തീരാറായവര്‍
ജീവന്‍റെ വിലയിന്‍മേല്‍
വരിയായി നിന്നു...

പ്രധാന വാര്‍ത്തകള്‍!
ഈ ഉദരത്തില്‍ സൂക്ഷിച്ച ശ്വാസ സഞ്ചി
കുറെ വലിപ്പത്തിലാക്കണം.
ശ്വാസം കിട്ടാന്‍ ക്ഷാമം ഇനിയങ്ങോട്ട് വന്നേക്കാം.

അകത്തേക്കും പുറത്തേക്കും
വലിക്കുന്ന ഈ നേര്‍ത്തകാറ്റ്
ഈ ലോകവുമായി ബന്ധപെടാനുള്ള
ഒറ്റമാര്‍ഗ്ഗമായി ആരായിരിക്കും കണ്ടുപിടിച്ചത് ?

ദാഹജലത്തിനു ഇന്നെടുക്കുന്ന കുത്തിവെപ്പ്
കുറഞ്ഞതാണോ തൊണ്ട വരളാന്‍ കാരണം?
അതോ ശ്വാസത്തില്‍ മായംചേര്‍ന്നതിലുള്ള ആയാസപ്പെടലാണോ ?

ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കുടിയത് കൊണ്ടാണ്.
ഒരു ജീവന്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍
സ്വന്തമായി ശ്വാസഉല്‍പ്പാദനകേന്ദ്രം വേണം.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന
മരുന്നുണ്ടാക്കാന്‍ കഴിയണം.
അല്ലങ്കില്‍ ഇന്നിന്‍റെ ജീവന്‍ ദുസ്സഹം.

കുറിപ്പ്-
ജലവും ,പ്രകൃതിയും, സംസ്കാരവും വ്യവസ്ഥയറ്റ് പുതിയ ചന്തകളിലേക്ക് വെറുംകച്ചവടകണ്ണോടെ കയറ്റി അയക്കപ്പെടുമ്പോള്‍ ,നാളകളില്‍ ജീവനം സമരസപ്പെടതാവുന്നു, ആ കാലത്തിലേക്കാണ് ഈ കവിത വളരുന്നത് .

2009 ഏപ്രിൽ 30, വ്യാഴാഴ്‌ച

മെയ്‌ദിന ആശംസകള്‍


ഇനി ഓരോചുവടും ഉറച്ചുവേണം
കരുതലോടെ കലഹിക്കാതെ

ശവമുറിക്ക് മുന്നിലെ കാത്തിരുപ്പ്

രാത്രിയില്‍
ശവമുറിക്ക് മുന്നില്‍
അകത്തെ സുഹ്ര്‍ത്തിനു വേണ്ടി
കണ്‍പോളകള്‍ അടയാതെ
കാത്തിരിക്കുമ്പോള്‍
ഭയംതോന്നിയില്ല.

ജനല്‍പഴുതിലൂടെ കാണുമ്പോള്‍
കറുത്ത ഉറുമ്പുകള്‍ ‍അവനെ
വിഴുങ്ങാന്‍ ശ്രമിക്കുന്നു .

നിര്‍ദ്ദയഉറുമ്പിനെ അകറ്റാന്‍
ശബ്ദങ്ങള്‍ക്കായില്ല.

രാത്രിയില്‍
സിരയില്‍ കത്തുന്ന
ചാരായത്തിന്‍റെ ധൈര്യം
പ്രേതങ്ങള്‍ ഭയപ്പെട്ടിരിക്കും.

ഈ ശവമുറിയില്‍ നിന്നും
പലപ്പോഴും പടിയിറങ്ങിയ
ശവശരീരങ്ങള്‍
അനുഭവങ്ങള്‍ ശബ്ദങ്ങളായി അറിയിക്കും.

രാത്രിയില്‍
ജീവനുള്ള പ്രേതങ്ങള്‍ ‍ഉറങ്ങുമ്പോള്‍
ആത്മാവ് നഷ്ടപ്പെട്ട പ്രേതങ്ങള്‍
സഞ്ചരിക്കുന്നത് സമത്വത്തിന്‍റെ പേരിലാണ് .

സ്വാതന്ത്ര്യങ്ങള്‍ക്കു അതിരുകള്‍

പ്രേതങ്ങള്‍ക്കും പാടില്ല .

പുലരുവാന്‍ കിട്ടുന്ന സമയമാണ്
വിശപ്പാറ്റാന്‍ ഉറുമ്പിനും
ആത്മാവറ്റ പ്രേതങ്ങള്‍ക്കും ബാക്കിയുള്ളത്.

ഈ കണിശമായ കാത്തിരുപ്പ്
ഒരു ജീവനെയല്ല മറിച്ചൊരു
ശവത്തിനെ ഏറ്റുവാങ്ങനാണ് .

ഈ കാത്തിരുപ്പിന്‍റെ ഇടയിലേക്കു
കൂട്ടുനില്‍ക്കുന്നത് ,
അവന്‍റെ !
ആത്മഹത്യ ചെയ്തവന്‍റെ
സങ്കല്പങ്ങള്‍
സ്വപ്‌നങ്ങള്‍
പ്രതീക്ഷകളാണ്.

പുലര്‍ന്നാല്‍
വെട്ടിക്കീറപ്പെട്ടശവം
വീട്ടില്‍ ഏറ്റുവാങ്ങുന്നത്
കൂട്ടക്കരച്ചിലുകളാണ്.

കരച്ചിലുകള്‍ ശവക്കുഴിവരെ നീളും
പിന്നെ ഓര്‍മ്മ പെരുന്നാള്‍ .


കുറിപ്പ്

2002 ല്‍ ആത്മഹത്യ ചെയ്ത സുഹ്ര്‍ത്തിന്‍റെ ശവത്തിനു മോര്‍ച്ചറിക്ക് മുന്നില്‍ രാത്രി കു‌ട്ടിരുന്നപ്പോള്‍